Web Desk

കൊച്ചി

July 15, 2021, 11:29 am

കുഫോസിന് യു.ജി.സി അംഗീകാരം ലഭിച്ചു

Janayugom Online

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലക്ക് (കുഫോസ്) യു.ജി.സി അംഗീകാരം ലഭിച്ചു. ഇതോടെ കുഫോസ് നൽകുന്ന ബിരുദങ്ങൾക്ക് മുൻകാല പ്രാബല്ല്യത്തോടെ അഖിലേന്ത്യാതലത്തിൽ അംഗീകാരമായി. യു.ജി.സി രാജ്യത്തെ സർവ്വകലാശാലകൾക്ക് നൽകുന്ന പൂർണ്ണ അംഗീകാരമായ 12 ബി സ്റ്റാറ്റസ് ആണ് കുഫോസിന് ലഭിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.റിജി ജോണിന് ലഭിച്ചു. ഇതോടെ യു.ജി.സി സർവ്വകലാശാലകൾക്ക് നൽകുന്ന വാർഷിക ഗ്രാൻറ് കുഫോസിന് ലഭിക്കൂം. പുറമേ ഗവേഷണ പദ്ധതികൾക്കും സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കും യു.ജി.സിയുടെ ധനസഹായം ഇനി മുതൽ ലഭിക്കും. കഴിഞ്ഞ ജനുവരി 16,17 തിയ്യതികളിലാണ് യു.ജി.സിയുടെ ഉന്നതാധികാര സമിതി അംഗീകാരം നൽകുന്നത് സംബന്ധിച്ച അവസാന പരിശോധനകൾ കുഫോസിൽ പൂർത്തിയാക്കിയത്.

കാർഷിക വിദ്യാഭാസ രംഗത്തെ പരാമാധികാര സ്ഥാപനമായ ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിലേൻറേയും സാങ്കേതിക വിദ്യാഭ്യാസ ബിരുദങ്ങൾ അംഗീകരിക്കുന്ന ഓൾ ഇന്ത്യാ കൌൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻറെയും അംഗീകാരങ്ങൾ മുൻപ് തന്നെ കുഫോസിന് ലഭിച്ചിരുന്നു. ഇതോടെ കുഫോസ് ഈ മൂന്ന് സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള കേരളത്തിലെ ഏക യൂണിവേഴ്സിറ്റിയായി എന്ന് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ അറിയിച്ചു. 2010 ൽ എറണാകുളം ജില്ലയിലെ പനങ്ങാട് അസ്ഥാനമായി സംസ്ഥാന സർക്കാർ സ്ഥാപിച്ച കുഫോസ് ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് സർവ്വകലാശാലയാണ്. ഫിഷറീസ് — സമുദ്രശാസ്ത്ര മേഖലകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സർവ്വകലാശാലയും കുഫോസ് ആണ്. 

ഫിഷറീസ് സയൻസിലും ഫുഡ് ടെക്നോളജിയിലും ബിരുദ കോഴ്സുകളും ഫിഷറീസ് സയൻസിലും സമൂദ്രശാസ്ത്രപഠനത്തിലുമായി നാൽപതോളം പി.ജി.കോഴ്സുകളും കുഫോസ് നടത്തുന്നു. ഫിഷറീസ്-സമുദ്രശാസ്ത്ര പഠനമുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്കോളർഷിപ്പോടെ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും കുഫോസിൽ സൌകര്യമുണ്ട്. എല്ലാ കോഴ്സുകളിലും കേരളത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് 20 ശതമാനം സംവരണം കുഫോസ് നൽകുന്നുണ്ട്. കുഫോസിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ നൂറിലേറേ രാജ്യങ്ങളിലായി ഫിഷറീസ് വ്യവസായ‑ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് യൂറോപ്യൻ യൂണിയൻ നൽകുന്ന എമുറാസ് മുണ്ടസ് ഫെല്ലോഷിപ്പ് കുഫോസിലെ നാല് വിദ്യാർത്ഥികൾ ഒരുമിച്ച് നേടി ഈയിടെ റിക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
eng­lish summary;Kufos received UGC approval
you may also like this video;