Janayugom Online
kulamburogam

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ഇന്ന് തുടക്കം

Web Desk
Posted on June 20, 2018, 5:15 pm

കോട്ടയം: ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയില്‍ ഇന്ന് തുടക്കമാവും. 81,680 പശുക്കള്‍, 6,141 എരുമകള്‍, 7,491 പന്നികള്‍ ഉള്‍പ്പടെ 95,312 മൃഗങ്ങളെയാണ് ആകെ കുത്തിവയ്പ്പിന് വിധേയമാക്കുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് മുനിസിപ്പാലിറ്റികളിലും 74 പഞ്ചായത്തുകളിലും 129 സ്‌ക്വാഡുകള്‍ കര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചും ക്യാംപുകള്‍ നടത്തിയുമായിരിക്കും കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുക. ഒരു സ്‌ക്വാഡില്‍ ഒരു ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറും ഒരു ഹെല്‍പറുമായിരിക്കുമുണ്ടാവുക. ഇന്നുമുതല്‍ ജൂലൈ 16 വരെ 21 ദിവസം നീണ്ടുനില്‍ക്കുന്നതാണ് കുത്തിവയ്പ്പ് പരിപാടിയെന്ന് കോട്ടയം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ കുത്തിവയ്പ്പിനും വാക്‌സിനേഷന്‍ ചാര്‍ജായി 10 രൂപ കര്‍ഷകരില്‍നിന്ന് ഈടാക്കും. ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും ജിയോ മാപ്പിങ്ങും ഇതോടൊപ്പം നടത്തും. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ 24ാമത് ഘട്ടമാണ് ഇന്നുമുതല്‍ ആരംഭിക്കുന്നത്. ഒരു കുത്തിവയ്പ്പിന് ആറുമാസത്തെ രോഗപ്രതിരോധശക്തി യാണുള്ളത്. അതുകൊണ്ടുതന്നെ ആറുമാസത്തിലൊരിക്കല്‍ കന്നുകാലികളെ വാക്‌സിനേഷന് വിധേയമാക്കുകയാണ് ചെയ്തുവരുന്നത്. ജില്ലയിലെ 85 ശതമാനം മൃഗങ്ങളെയും കുത്തിവയ്പ്പിന് വിധേയമാക്കുകയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു പരിധിവരെ രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കുളമ്പുരോഗം സ്ഥിരീകരിച്ചാല്‍ ചികില്‍സയില്ല. അതുകൊണ്ട് പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ് പോംവഴി. രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. എന്നാല്‍, കുളമ്പുരോഗം പരത്തുന്ന വൈറസിന്റെ 20 ഓളം വകഭേദങ്ങളാണുള്ളത്. അതുകൊണ്ട് രോഗത്തെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയെന്നത് ശ്രമകരമാണ്. ചെക്ക് പോസ്റ്റുകളെ വെട്ടിച്ച് അനധികൃതമായി അന്യസംസ്ഥാനത്തുനിന്ന് കടത്തുന്ന കന്നുകാലികള്‍വഴി കുളമ്പുരോഗം കേരളത്തിലേക്കെത്തുന്നുണ്ട്. എന്നാല്‍, ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തി ഫീസീടാക്കാന്‍ മാത്രമാണ് മൃഗസംരക്ഷണവകുപ്പിന് അധികാരമുള്ളത്. നടപടിയെടുക്കേണ്ടത് പോലിസാണ്. ഇപ്പോള്‍ കണ്ടുവരുന്ന 95 ശതമാനവും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളാണ്. അതുകൊണ്ട് മൃഗങ്ങളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ലാബ് സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനയനുസരിച്ച് നിപാ വൈറസ്, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിക്കാനുള്ള നിലവാരമുള്ള ലബോറട്ടറികള്‍ കേരളത്തില്‍ നിലവിലില്ലെന്നും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. സതീഷ് ബാബു, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. സാജു ജോസഫ്, ജില്ലാ എപ്പീഡിയോളജിസ്റ്റ് ഡോ. ജി സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.