October 1, 2022 Saturday

പരപുരുഷബന്ധം ചോദ്യം ചെയ്തതിനെ തുട‌ര്‍ന്ന് കാമുകനെ കൊന്നു, യുവതി അയല്‍വാസികളോട് പറ‌ഞ്ഞതിങ്ങനെ !

Janayugom Webdesk
September 14, 2020 2:27 pm

കുളത്തുപ്പുഴയിൽ പട്ടാപ്പകൽ യുവതിയുടെ വീട്ടിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കിഴക്കേകര ടി എസ് ഭവനിൽ ദിനേശിനെ (25) ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മി (25)യുടെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രശ്മിയെ ചോദ്യം ചെയ്തതോടെയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. രശ്മിയും മരിച്ച യുവാവും തമ്മിൽ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. സംഭവം നടക്കുന്ന ദിവസം ദിനേശ് മറ്റൊരാളുടെ ഓട്ടോറിക്ഷയിൽ യുവതിയുടെ വീട്ടിലെത്തി. ഈസമയം യുവതിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അടുക്കളജോലിയിലായിരുന്നു രശ്മി. രശ്മിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്നാരോപിച്ച ദിനേശൻ ഇതേചൊല്ലി രശ്മിയുമായി വഴക്കുണ്ടാക്കി. തനിക്ക് മറ്റാരുമായും സൗഹൃദമില്ലെന്ന് രശ്മി വെളിപ്പെടുത്തിയെങ്കിലും അത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ദിനേശ് കോളുകളും വാട്ട്സ് അപ് സന്ദേശങ്ങളും പരിശോധിക്കാനായി മൊബൈൽഫോൺ ആവശ്യപ്പെട്ടു. കിടപ്പുമുറിയിലായിരുന്ന ഫോൺ എടുത്ത് പരിശോധിക്കാൻ ശ്രമിച്ച ദിനേശിനെ രശ്മി തടഞ്ഞു. ഫോൺ കൊടുക്കാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ ഫോണിന് പിടിവലിയായി.

പിടിവലിയ്ക്കിടെ ഇരുവരും തമ്മിൽ കൈയ്യാങ്കളിയായി. കുതറിമാറുന്നതിനിടയിൽ രശ്മി ദിനേശിനെ ശക്തമായി തളളുകയും കട്ടിലിൽ തലയടിച്ച് വീണ യുവാവ് മരണപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിടപ്പ് മുറിയിൽ വീണുകിടന്ന യുവാവിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് യുവതി തന്നെയാണ് സംഭവം അയൽവാസികളെ അറിയിച്ചത്. ഒരാൾ വീട്ടിൽ വന്ന് വീണുകിടക്കുന്നു എന്നാണ് യുവതി അറിയിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് യുവാവ് മരിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്. എന്നാൽ യുവതിയുടെ മൊഴി അതേപടി വിശ്വസിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. ഫോണിന് വേണ്ടിയുള്ള പിടിവലിക്കിടെയാണ് സംഭവമെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെങ്കിലും കൈലിമുണ്ട് മാത്രം ധരിച്ച നിലയിലായിരുന്നു യുവാവ്. മാതാവില്ലാത്ത സമയത്ത് കാമുകൻ വീട്ടിലെത്തിയതും ഷർട്ടില്ലാത്ത നിലയിൽ അയാളെ മരിച്ച നിലയിൽ കണ്ടെത്തിയതുമാണ് നാട്ടുകാരുടെ സംശയത്തിന് കാരണം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.