കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്ഥാൻ വിയന്ന കൺവൻഷൻ ലംഘിച്ചെന്ന് രാജ്യാന്തര കോടതി

Web Desk
Posted on October 31, 2019, 3:57 pm

ന്യൂയോർക്ക്: കുല്‍ഭൂഷൺ ജാദവ് കേസിൽ പാകിസ്ഥാൻ വിയന്ന കൺവൻഷൻ ലംഘിച്ചതായി രാജ്യാന്തര കോടതി മേധാവി കൂടിയായ ജഡ്ജി അബ്ദുയൽഖാവി യൂസഫ്. ഐക്യരാഷ്ട്ര പൊതുസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വിയന്ന കൺവൻഷനിലെ 36-ാം അനുച്ഛേദം പാകിസ്ഥാൻ യാദവിന്റെ കേസിൽ ലംഘിച്ചതായും സഭയില്‍ അവതരിപ്പിച്ച റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു. ഇതിനുള്ള പരിഹാര നിർദേശങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത് പുനഃപരിശോധിക്കാനുള്ള രാജ്യാന്തര കോടതി വിധി ഇന്ത്യയുടെ നയതന്ത്ര വിജയമാണ് കണക്കാക്കുന്നത്. ചാരവൃത്തി ആരോപിച്ചായിരുന്നു നടപടി. വ്യവസായ ആവശ്യത്തിന് ഇറാനിലേക്ക് പോയ ജാദവിനെ അവിടെ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇദ്ദേഹത്തിന് നയതന്ത്ര സേവനങ്ങൾ ലംഘിച്ചെന്ന ആരോപണവും ഇന്ത്യ ഉയർത്തി.
രാജ്യാന്തര കോടതിയുടെ ഉത്തരവ് പൂർണമായും നടപ്പാക്കമെന്ന് ഓഗസ്റ്റിലും പാകിസ്ഥാനെ ഓർമപ്പെടുത്തിയിരുന്നു. ജൂലൈ 17നാണ് വധശിക്ഷ പുനഃപരിശോധിക്കാൻ രാജ്യാന്തര കോടതി ഉത്തരവിട്ടത്.