ഇരയായി കുല്‍ഭൂഷണ്‍; നയതന്ത്രസഹായം നിഷേധിച്ചു

Web Desk
Posted on August 08, 2019, 5:12 pm

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ തടവിലുള്ള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനുള്ള നയതന്ത്രസഹായം പാകിസ്ഥാന്‍ നിരസിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കംചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് പാകിസ്ഥാന്റെ നിലപാട്.
നേരത്തെ ഈ മാസം ആദ്യം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണുന്നതിന് അനുമതി പാക്കിസ്ഥാന്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്നാണ് നിലപാടെടുത്തിരിക്കുന്നത്.
പാകിസ്ഥാനിലേക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ വന്ന ചാരന്‍ എന്നാരോപിച്ച് 2016 മാര്‍ച്ചില്‍ അറസ്റ്റ്‌ചെയ്ത കുല്‍ഭൂഷണെ 2017 ഏപ്രിലില്‍ പാക് സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2019 ജൂലൈ 17ന് കുല്‍ഭൂഷന്റെ വധശിക്ഷയെ കുറിച്ച് പുനരാലോചന നടത്താന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണണെ കാണാനുള്ള അനുമതി നല്‍കണമെന്നും കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് കുല്‍ഭൂഷണെ കാണാനുള്ള അനുമതി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ ലഭ്യമാക്കിയത്. എന്നാല്‍ ഉപാധികളോടെയുള്ള കൂടിക്കാഴ്ച അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
പുതിയ സാഹചര്യത്തില്‍ ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങള്‍ വെട്ടിക്കുറച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പുറത്താക്കിയിരുന്നു. കൂടാതെ വ്യോമാതിര്‍ത്തി അടയ്ക്കുകയും സംഝോധ എക്‌സ്പ്രസ് നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.