കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യക്കും അവസരം

Web Desk
Posted on December 08, 2017, 2:32 pm

ഇസ്‍ലാമാബാദ്: ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി വധശിക്ഷ വിധിയ്ക്കപ്പെട്ട് പാക്ക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യക്കും അവസരം. ഡിസംബർ 25ന് ഇരുവർക്കും ജാദവിനെ കാണാം. പാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി പാക് വിദേശകാര്യ വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കി. ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാക്ക് സർക്കാർ അംഗീകരിച്ചിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നാണ് പാക്ക് ഗവൺമെന്‍റിന്‍റെ വാദം.

നേരത്തെ, കുൽഭൂഷണെ കാണാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടർച്ചയായി 18 തവണ പാക്കിസ്ഥാൻ തളളിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യാണ് ജാദവിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും ഒട്ടേറെ പാക് പൗരൻമാരുടെ മരണത്തിന് ഇയാൾ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ പ്രകാരം രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.