ഇന്ത്യക്ക് വിജയം; കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു

Web Desk
Posted on July 17, 2019, 6:52 pm

ഹേഗ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ മുന്‍ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാകിസ്ഥാന്‍ സൈനിക കോടതിയുടെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. പാകിസ്ഥാനോട് ശിക്ഷാവിധി പുന:പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചതായും അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ജാദവിനെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി അനുവദിച്ചില്ല. സൈനിക കോടതി വിധി റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യവും പരിഗണിച്ചില്ല. ന്യായമായ വിചാരണ ഉറപ്പാക്കണമെന്നും കുല്‍ഭൂഷണ്‍ ജാദവിന് ആവശ്യമായ നയതന്ത്രസഹായം ഇന്ത്യക്ക് നല്‍കാമെന്നും കോടതി വ്യക്തമാക്കി.
16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാകിസ്ഥാന്‍ പ്രതിനിധിയായ ജഡ്ജ് മാത്രമാണ് വിയോജിച്ചത്. ഹേഗിലെ പീസ് പാലസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് ജസ്റ്റിസ് അബ്ദുള്‍ ഖവി അഹമ്മദ് യൂസഫാണ് വിധി വായിച്ചത്. അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച് സ്വകാര്യ ആവശ്യത്തിന് ഇറാനിലെത്തിയ കുല്‍ഭൂഷണ്‍ ജാദവിനെ 2016ലാണ് പാകിസ്ഥാന്‍ ചാര ഏജന്‍സി പിടികൂടിയത്. ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ജാദവിനെ തടവിലാക്കിയത് മുതല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ച പാകിസ്ഥാന്‍, അദ്ദേഹത്തെ കാണാന്‍ പോലും ഇന്ത്യന്‍ അധികൃതരെ അനുവദിച്ചില്ല. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ജാദവിന്റെ അമ്മയെയും ഭാര്യയെയും കാണാന്‍ അനുവദിച്ചത്. കുല്‍ഭൂഷണ്‍ കുറ്റസമ്മതം നടത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ വീഡിയോയും പാകിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.
മെയ് 15നാണ് അന്താരാഷ്ട്ര കോടതിയില്‍ വാദം ആരംഭിച്ചത്.
കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കരാറിന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയില്‍ പാകിസ്ഥാന്റെ വാദം. അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാകിസ്ഥാന് വേണ്ടി ഹാജരായത്.