Janayugom Online
narma katha

കുളിച്ചിട്ട് രണ്ടുമാസം

Web Desk
Posted on September 16, 2018, 7:48 am

എം ആര്‍ സി നായര്‍
നിഷ്‌കളങ്കന്‍ നായരെപ്പോലെ ഭാര്യയെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവ് ഭൂമുഖത്ത് കാണുമോ എന്ന് സംശയമാണ്. ഭാര്യ പരിമളം എന്തു പറഞ്ഞാലും നിഷ്‌കളങ്കന്‍ അനുസരിക്കും. നിഷ്‌കളങ്കന്‍ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് പരിമളമാണ്. അതില്‍ നിഷ്‌കളങ്കന് പരിഭവമില്ലെന്നു മാത്രമല്ല, സന്തോഷമേയുള്ളുതാനും.
ഇപ്പോഴത്തെ വിഷയം ഫ്‌ളക്‌സ് ബോര്‍ഡാണ്. എല്ലാവര്‍ക്കും ആകാമെങ്കില്‍ പിന്നെ നമുക്കും എന്തുകൊണ്ട് ഒന്നു വച്ചുകൂടാ എന്ന പരിമളത്തിന്റെ ചോദ്യം ന്യായമാണെന്ന് നിഷ്‌കളങ്കനും തോന്നി. പരീക്ഷാഫലം വന്നു കഴിഞ്ഞാലുടനെ ഫുള്‍ എ പ്ലസ് കിട്ടിയവരുടേയും കിട്ടാത്തവരുടേയും കിട്ടുമെന്ന് കരുതിയവരുടേയും പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ പ്രവാഹമാണ്. അവരെ അനുമോദിക്കുന്നവരും സമ്മാനം കൊടുക്കുന്നവരും എ പ്‌ളസ് കിട്ടാന്‍ പഠിപ്പിച്ചവരും കൂടി ഫ്‌ളക്‌സില്‍ അണിനിരക്കുന്നതോടെ ഡാം തുറന്നുവിട്ട പ്രതീതിയാണ് നാടെങ്ങും.
നൂറ്റിപ്പത്തുവയസ്സുള്ള നാണിത്തള്ള മരിച്ചപ്പോള്‍ ആളുകള്‍ ആദ്യം ഓടിയത് ഫ്‌ളക്‌സ് അടിക്കാനാണ്. തൂങ്ങിച്ചത്ത ബ്‌ളേഡ് മാത്തുക്കുട്ടിയുടെ പടംവച്ചടിച്ച ഫ്‌ളക്‌സ് ബോര്‍ഡുകൊണ്ട് ആനക്കുഴി വാര്‍ഡ് മുങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. ഇങ്ങനെ പട്ടി ചത്താലും പശു പെറ്റാലും ഫ്‌ളക്‌സ് അടിക്കുന്ന കാലത്ത് നമുക്കും ഒന്നായിക്കൂടേയെന്ന പരിമളത്തിന്റെ ചോദ്യം പ്രസക്തം തന്നെ. പക്ഷേ എന്തിന്റെ പേരില്‍ ഫ്‌ളക്‌സ് അടിക്കും എന്നായി ചിന്ത.
ദുര്യോധനക്കുറുപ്പിന്റെ മകള്‍ ഒരു അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിയതിന്റെ ഫ്‌ളക്‌സിന് ഒളിച്ചോട്ടം എന്നായിരുന്നു തലക്കെട്ട്. ആനക്കുഴിയില്‍ തുടങ്ങി ആനക്കുഴിയില്‍ അവസാനിക്കുന്ന അഖിലേന്ത്യാ വിപ്‌ളവ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനംമുതല്‍ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം വരെ ചുമക്കുന്ന വെട്ടുകുഴി കുട്ടപ്പന്‍ ലക്ഷങ്ങള്‍ മുടക്കി ഫ്‌ളക്‌സ് മഴ പെയ്യിച്ചപ്പോള്‍ തലക്കെട്ട് വെട്ടുകുഴിയുടെ ഓമനപ്പുത്രന്‍ എന്നായിരുന്നു.
എന്നാല്‍ നിഷ്‌കളങ്കന് കൂടുതല്‍ തലപുകയ്‌ക്കേണ്ടി വന്നില്ല. പരിമളം തന്നെ വിഷയം കണ്ടെത്തി. അതുവരെ കണ്ടിട്ടില്ലാത്ത ഒരു നാണം പരിമളത്തിന്റെ മുഖത്ത് നിഴലിച്ചപ്പോള്‍ നിഷ്‌കളങ്കന്‍ ആകാംഷയോടെ നോക്കി.
”ഞാന്‍ കുളിച്ചിട്ടു രണ്ടു മാസമായി.” പരിമളം പറഞ്ഞു.
”അത് ഫ്‌ളക്‌സ് അടിക്കാന്‍ പറ്റിയ വിഷയമാണോ?”
”പിന്നെന്തേ? കുളിച്ചിട്ട് രണ്ടുമാസം എന്ന്. അടിയില്‍ എന്റെ പടവും.”
നിഷ്‌കളങ്കന്‍ വായ് പൊളിച്ചിരുന്നു പോയി.

PREVIOUS ARTICLE

നിഴല്‍