October 2, 2022 Sunday

Related news

September 28, 2022
September 26, 2022
September 21, 2022
September 10, 2022
September 9, 2022
September 9, 2022
August 23, 2022
August 23, 2022
June 11, 2022
May 22, 2022

ആശങ്കയുടെ കാര്‍മേഘം ഒഴിയുന്നു; പ്രതീക്ഷയോടെ കുമരകം

സരിത കൃഷ്ണന്‍
കോട്ടയം
October 13, 2020 11:36 am

സരിത കൃഷ്ണന്‍

കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത ആശങ്കയുടെ കരിനിഴല്‍ നീങ്ങി തുടങ്ങിയതോടെ കുമരകം അടക്കമുള്ള ജില്ലയിലെ ടൂറിസം മേഖല പ്രതീക്ഷയില്‍. മാസങ്ങളുടെ അനിശ്ചിതത്വത്തിനു ശേഷം ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതോടെയാണ് കുമരകവും ആവേശത്തിലായത്. ഇതോടെ അടഞ്ഞുകിടന്നിരുന്ന റിസോര്‍ട്ടുകളും, ഹൗസ് ബോട്ടുകളും അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഒക്ടോബറില്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുമെന്ന് സൂചന ലഭിച്ചതോടെ ഹൗസ് ബോട്ടുകളും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരുന്നു.

ഹില്‍ സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇത് പ്രാബല്യത്തില്‍ വന്ന ഇന്നലെ അത്ര കാര്യമായി കുമരകത്തെ വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്വ് ഉണ്ടായില്ലെങ്കിലും പ്രാദേശിക സഞ്ചാരികള്‍ പലയിടത്തും എത്തി. കുമരകം പോലുള്ള പ്രദേശത്ത് കൂടുതലായി എത്തിയിരുന്നത് വിദേശ സഞ്ചാരികളായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാകാന്‍ ഇടയില്ലെന്ന് കുമരകത്തെ റിസോര്‍ട്ട് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ, ആഭ്യന്തര സഞ്ചാരികളിലാണ് ഇവരുടെ പ്രതീക്ഷ. ഡിസംബര്‍ജനുവരി മാസങ്ങളിലേക്കുള്ള വിദേശസഞ്ചാരികളുടെ ബുക്കിങ് തുടങ്ങുന്ന സമയമാണിത്. സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ബുക്കിങ് ആരംഭിക്കാനാവുമെന്ന് ഹൗസ് ബോട്ട് ഉടകളും റിസോര്‍ട്ട് ഉടമകളും ചൂണ്ടിക്കാട്ടി. കുമരകത്തിനൊപ്പം സമീപ പഞ്ചായത്തായ അയ്മനവും ടൂറിസം ഭൂപടത്തില്‍ ഇടം നേടിയതോടെ  ഇവിടെയുള്ളവരും വരും ദിവസങ്ങളെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി സര്‍വിസ് നടത്താനും അനുമതി നല്‍കിയിരുന്നു. ഇവിടെ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം.  മാസ്‌ക് ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും വേണം.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് 7 ദിവസം വരെ ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.  സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷനില്‍ പോകേണ്ടതുമാണ്. ഹോട്ടല്‍ ബുക്കിങ്ങും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്നും നിര്‍ദ്ദേശമുണ്ട്.
കോവിഡ് ഭീതി വ്യാപിച്ചതോടെ മാര്‍ച്ച് 10 മുതലാണ് കുമരകത്ത് ഹൗസ് ബോട്ടുകളുടെ സര്‍വിസ് അവസാനിപ്പിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഇടക്കാലത്ത് ആഭ്യന്തര സഞ്ചാരികള്‍ ചെറിയ തോതില്‍ എത്തിയിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്  20 മുതല്‍ 50 പേരെ വരെ പങ്കെടുപ്പിച്ച് വിവാഹങ്ങളും നടന്നിരുന്നു. എന്നാല്‍ 144 പ്രഖ്യാപിച്ചതോടെ അതും നിലച്ചു. ഇപ്പോള്‍ കുമരകത്തെ ടുറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും പ്രതീക്ഷയിലാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രണ്ടായിരത്തോളം പേരുടെ ജീവിത മാര്‍ഗമാണ് ലോക്ഡൗണ്‍ എത്തിയതോടെ  അടഞ്ഞത്. ബോണസ് അടക്കം സ്ഥിര വരുമാനമുണ്ടായിരുന്ന ഹൗസ് ബോട്ടിലെ തൊഴിലാളികള്‍ മറ്റു ജോലികള്‍ തേടേണ്ട സ്ഥിതിയായിരുന്നു. ശിക്കാര, സ്പീഡ് ബോട്ട് അടക്കമുള്ള ബോട്ടുകളും വിശ്രമത്തിലായിരുന്നു.
മാര്‍ച്ച് മുതല്‍ മേയ് വരെയായിരുന്നു കുമരകത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്. മണ്‍സൂണ്‍ ടൂറിസത്തിനായി ജൂണ്‍, ജൂലൈ മാസങ്ങളിലും വിദേശികള്‍ എത്തുന്നത് പതിവായിരുന്നു.

ആഗസ്റ്റില്‍ നെഹ്‌റു ട്രോഫി വള്ളം കളി സമയത്തും കുമരകത്തേക്ക് സഞ്ചാരികള്‍ എത്തിയിരുന്നു. ഇതെല്ലാം കോവിഡ് കവര്‍ന്നു. ഫൈവ് സ്റ്റാര്‍ ഡീലക്‌സ് അടക്കം 25 ഹോട്ടലുകളും റിസോര്‍ട്ടുമാണ് കുമരകത്തുള്ളത്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉണ്ടാകും. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

Eng­lish sum­ma­ry; kumarakam tourism-latest-updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.