കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ കുമാരനാശാന്‍

Web Desk
Posted on January 16, 2019, 10:55 am
ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍

ശ്രീനാരായണ ഗുരുദേവന്റെ അരുമശിഷ്യനും ആധുനിക മഹാ കവിത്രയത്തില്‍ ഒരാളുമായ ‘കുമാരു’ എന്ന എന്‍ കുമാരനാശാന്‍ ആശയഗംഭീരനും സ്‌നേഹഗായകനും സാമൂഹ്യപരിഷ്‌കരണ നേതൃത്വ നിരയിലുള്ള സമുന്നതനും ആയിരുന്നു. മലയാളത്തിന്റെ പരമ്പരാഗത കാവ്യശൈലിയില്‍ നിന്ന് വ്യത്യസ്തമായ കവന ചാതുരി പ്രദര്‍ശിപ്പിച്ചുകൊണ്ട് മലയാള കവിതയില്‍ നവമായ ഭാവുകത്വത്തിന് ആരംഭം കുറിച്ച പ്രതിഭാധനനാണ് ആശാന്‍. അദ്ദേഹം 1873 ഏപ്രില്‍ 12-ാം തീയതി ചിറയിന്‍കീഴ് താലൂക്കില്‍ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കായിക്കര ഗ്രാമത്തില്‍ തൊമ്മന്‍വീട്ടില്‍ നാരായണന്‍ പെരുങ്ങാടിയുടെയും കാളിയമ്മയുടെയും ഒമ്പത് മക്കളില്‍ രണ്ടാമത്തെ പുത്രനായി ജനിച്ചു. 1924 ജനുവരി 16-ാം തീയതി പല്ലനയാറ്റില്‍ റെസീമര്‍ എന്നു പേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ 44-ാമത്തെ വയസിലായിരുന്നു വിവാഹം. സഹധര്‍മിണിയുടെ പേര് ഭാനുമതിഅമ്മ എന്നായിരുന്നു.

കുമാരനാശാന്റെ പിതാവ് മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. പിതാവിന്റെ പ്രധാന തൊഴില്‍ കച്ചവടമായിരുന്നുവെങ്കിലും മലയാളത്തില്‍ കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ അതിമനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. മാതാവ് തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനി ആയിരുന്നെങ്കിലും പുരാണേതിഹാസങ്ങളില്‍ അവര്‍ക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. കുട്ടിക്കാലത്ത് വളരെ കുസൃതിയായിരുന്ന കുമാരന്‍ എന്ന കുമാരുവിനെ അടക്കിനിര്‍ത്താന്‍ പുരാണകഥകള്‍ പറഞ്ഞു കേള്‍പ്പിക്കലായിരുന്നു അമ്മയുടെ തന്ത്രം. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ ആലപിക്കുന്ന കീര്‍ത്തനങ്ങള്‍ കേട്ട് അദ്ദേഹം ലയിച്ചിരിക്കുമായിരുന്നു. അച്ഛനെപ്പോലെ വലുതാകുമ്പോള്‍ താനും കവിതകള്‍ രചിക്കുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. കുമാരുവിന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്‍പര്യം അച്ഛനില്‍ നിന്നും ലഭിച്ചതാണ്. ബാല്യകാലത്ത് കുമാരുവിന് പലവിധ അസുഖങ്ങള്‍ വന്ന് കിടപ്പിലാകുക പതിവായിരുന്നു. ഈ കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുവുമായി അടുത്ത് ഇടപഴകുന്നതിന് കുമാരനാശാന് അവസരം ലഭിച്ചത്.

നിലവിലുള്ള പത്താം തരത്തിലെ മലയാളം കേരള പാഠാവലി ഭാഗം ഒന്നിലെ ‘അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍’ എന്ന രണ്ടാം യൂണിറ്റിലെ രണ്ടാം പാഠഭാഗമായ ‘പ്രിയദര്‍ശനം’ എന്‍ കുമാരനാശാന്റെ ‘നളിനി’ (ഒരു സ്‌നേഹം) എന്ന ഖണ്ഡകാവ്യത്തില്‍ നിന്നും എടുത്തിട്ടുള്ള കവിതയാണ്. മലയാള കവിതയില്‍ സ്ത്രീപുരുഷബന്ധത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ച മഹത്തായ ഖണ്ഡകാവ്യമാണ് കുമാരനാശാന്റെ നളിനി. ആശാന്റെ റൊമാന്റിക് കഥാകാവ്യമാണിത്. ഉദാത്തമായ ഒരു പ്രേമസങ്കല്‍പത്തിന് രൂപം നല്‍കുകയാണ് ഈ കാവ്യത്തിലൂടെ ആശാന്‍. ഈ കാവ്യം മലയാളകവിതയിലെ ഒരു പ്രസ്ഥാനമാണെന്ന് എ ആര്‍ രാജരാജവര്‍മ്മ അവതാരികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുമാരനാശാന്‍ മനുഷ്യജീവിതത്തില്‍ സാര്‍വത്രികമായി ലയിച്ചുകിടക്കുന്ന അഗാധമായ സ്‌നേഹത്തെ കലാപരമായി ആവിഷ്‌കരിച്ചിരിക്കുകയാണ്. കുമാരനാശാന്റെ രചനാസവിശേഷതകള്‍ വളരെയധികം കണ്ടെത്താവുന്ന കാവ്യമാണ് നളനി. അലങ്കാരങ്ങള്‍, ജീവിതഗന്ധിയായ തത്വങ്ങള്‍ എന്നിവകൊണ്ട് ആശയങ്ങള്‍ക്ക് അഴകും ആഴവും നല്‍കാന്‍ ആശാന്‍ പ്രതേ്യകം ശ്രദ്ധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം: നാട്ടുനടപ്പനുസരിച്ച് കുമാരുവിനെ ഏഴ് വയസായപ്പോള്‍ കുട്ടിപ്പള്ളിക്കുടത്തില്‍ ചേര്‍ത്തു. പ്രഥമഗുരു തുണ്ടത്തില്‍ പെരുമാളാശാനായിരുന്നു. സമര്‍ഥനായ കുമാരു വളരെ പെട്ടെന്ന് എഴുത്തുംകണക്കും സ്വായത്തമാക്കി. എട്ട് വയസായപ്പോള്‍ അദ്ദേഹം സംസ്‌കൃതപഠനം ആരംഭിച്ചു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ പിതാവിന്റെയും മറ്റും ശ്രമഫലമായി അവിടെയൊരു പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുകയും 11-ാമത്തെ വയസില്‍ ആ സ്‌കൂളില്‍ രണ്ടാംതരത്തില്‍ ചേരുകയും ചെയ്തു. 14-ാമത്തെ വയസില്‍ വളരെ പ്രശസ്തമായ രീതിയില്‍ തന്നെ സ്‌കൂള്‍ പരീക്ഷ പാസായി. തുടര്‍ന്ന് കുറച്ചുകാലം പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചെങ്കിലും സര്‍ക്കാര്‍ നിയമനപ്രകാരം അത്ര ചെറുപ്രായത്തില്‍ അധ്യാപകനായി നിയമിക്കുവാന്‍ വകുപ്പില്ലാത്തതിനാല്‍ ജോലി തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അധ്യാപകവൃത്തി അവസാനിപ്പിച്ച് ചില സുഹൃത്തുക്കളോടൊപ്പം അദ്ദേഹം സ്വയം ഇംഗ്ലീഷ് പഠിക്കുവാന്‍ ആരംഭിക്കുകയും കിട്ടുന്ന പുസ്തകങ്ങളെല്ലാം അതിവേഗം വായിച്ച് തീര്‍ക്കുകയും ചെയ്തു.

കുമാരുവിനെ കൂടുതല്‍ പഠിപ്പിക്കണമെന്ന് പിതാവിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കുവാന്‍ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അനുവദിച്ചില്ല. അച്ഛന്‍ മകനെ വെറുതെ ഇരുത്തേണ്ടെന്നു കരുതി കൊച്ചാര്യന്‍ വൈദ്യന്റെ കടയില്‍ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചുകൊടുത്തു. കണക്കെഴുത്ത് ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് അദ്ദേഹം കവിതകളെഴുതാന്‍ തുടങ്ങിയത്.

                                                                                                                          (അവസാനിക്കുന്നില്ല)