5 October 2024, Saturday
KSFE Galaxy Chits Banner 2

ക്രിസ്മസ് വിപണിക്ക് ആവേശമായി കുമ്പളത്ത് മത്സ്യകൊയ്ത്ത്

Janayugom Webdesk
കൊച്ചി
December 23, 2021 12:41 pm

ക്രിസ്മസ് വിപണിയ്ക്ക് ആവേശം പകര്‍ന്ന് കൊണ്ട് കുമ്പളം കായലില്‍ നടന്ന മത്സ്യകൊയ്ത്തില്‍ നൂറ് കണക്കിന് കിലോ കരിമീനും കളാഞ്ചിയും തിലാപ്പിയയും ലഭിച്ചു.കേരള ഫിഷറിസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) സഹായത്തോടെ കുമ്പളം ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഒല്ലാരിൽ എ.ടി.സുമേഷും ചേപ്പനം സ്വദേശി വി.വി.പ്രസാദും കുമ്പളം കായലിൽ നടത്തിയ മത്സ്യകൃഷിയാണ് ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി വിളെവെടുത്തത്. സുമേഷ് ഗിഫ്റ്റ് തിലാപ്പിയയുടെ വളപ്പുകൃഷിയാണ് ( പെൻകൾച്ചർ) ചെയ്തത്. കുമ്പളം കായലിൽ അഞ്ച് സെൻറ് വിസ്തീർണത്തിൽ ചെയ്ത വളപ്പുകൃഷിയിൽ നിന്ന് ഒരു ടണ്ണിലേറേ തിലാപ്പിയ ലഭിച്ചു. വിത്തിട്ട് ഏഴാം മാസമാണ് സുമേഷ് വിളവെടുത്തത്.

കരിമീനും കളാഞ്ചിയും ഒരുമിച്ച് കുമ്പളം കായലിലെ ചേപ്പനം ഭാഗത്ത് ഒരുക്കിയ ആറ് ചതുരശ്രമീറ്റർ വിസ്തീർണമുള്ള കൂടിൽ കൃഷി ചെയ്ത വി.വി.പ്രസാദിന് 250 കിലോയിലധികം കരിമീനും 400 കിലോ കളാഞ്ചിയും ലഭിച്ചു. പ്രസാദും വിത്തിട്ട് ഏഴാം മാസമാണ് വിളെവെടുത്തത്.മത്സ്യകൃഷിയിലുടെ ഗ്രാമങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി ആറാട്ടുപുഴ ഗ്രാമത്തെയും കുഫോസ് ദത്തെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കുഫോസിൻറെ നേതൃത്വത്തിൽ നടത്തിയ മത്സ്യകൃഷിയിലാണ് ബമ്പർ വിളവ് ലഭിച്ചത്. കര്‍ഷകര്‍ക്ക് ശാസ്ത്രീയ മത്സ്യകൃഷിയിൽ പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളെയും അനുബന്ധസാഹായങ്ങളും കുഫോസ് നല്‍കി.

കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാധാകൃഷ്ണൻ, വാർഡ് മെമ്പർ പി.എ.മാലിക് , കുഫോസ് ഫിഷറീസ് ഡീൻ ഡോ.റോസിലിൻഡ് ജോർജ്, വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ.ഡെയ്സി കാപ്പൻ, അക്വാകൾച്ചർ ഹെഡ് ഡോ.കെ.ദിനേഷ് എന്നിവർ പങ്കെടുത്തു.
eng­lish summary;Kumbalam fish harvest
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.