കൊതിപ്പിക്കുന്ന ‘കുമ്പളങ്ങി’

Web Desk
Posted on February 10, 2019, 10:00 am

കെ കെ ജയേഷ്

സ്‌നേഹം നിറയുന്ന വീട്. ഇരുട്ടില്‍ വെളിച്ചം തെളിച്ച് മധുരപലഹാരങ്ങളുമായി അച്ഛന്‍ വന്നു കയറുന്ന വീട്.. അമ്മയുടെ താരാട്ട് പാട്ട് ഒഴുകിപ്പടരുന്ന വീട്.. സ്‌നേഹവും നന്മയും സൗഭാഗ്യങ്ങളും നിറയുന്ന വീട്, കുടുംബം തുടങ്ങിയ സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കുമ്പളങ്ങിയിലെ രാത്രികള്‍ ആരംഭിക്കുന്നത്. നെപ്പോളിയന്റെ ആ വീടിനെ പഞ്ചായത്തിലെ തന്നെ ഏറ്റവും തല്ലിപ്പൊളി വീടെന്ന് അവിടെ താമസിക്കുന്ന നെപ്പോളിയന്റെ മക്കളായ സഹോദരന്‍മാര്‍ തന്നെ വിശേഷിപ്പിക്കുന്നു. സിമന്റ് തേക്കാത്ത.. അടച്ചുറപ്പുള്ള വാതിലുകള്‍ ഇല്ലാത്ത.. എന്തിന് നല്ലൊരു കക്കൂസ് പോലുമില്ലാത്ത ആ വീട്ടില്‍ ഏത് നിമിഷവും ആ സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കാം. തുരുത്തിലെ ആ വീടിനടുത്താണ് ആളുകള്‍ തെരുവ് പട്ടികളെയും പൂച്ചകളെയുമെല്ലാം കൊണ്ടുവന്ന് തള്ളുന്നത്. തീട്ടപ്പറമ്പിനടുത്തൂടെ വേണം അവിടേക്ക് പോകാന്‍.. അലസവും അശാന്തവും അരാജകവുമായ രാവുകള്‍ നിറയുന്ന ആ വീട്ടിലേക്ക് കായല്‍പ്പരപ്പിലൂടെ വള്ളം തുഴഞ്ഞ് മൂന്നു സ്ത്രീകളെത്തുന്നു. കഥാന്ത്യത്തില്‍ ആ വീട്ടില്‍ പ്രകാശം നിറയുകയാണ്. ആ തുരുത്തിനെ തന്നെ പ്രകാശം വന്നുമൂടുമ്പോള്‍ പുതുവെളിച്ചത്തിന്റെ തിളക്കവുമായി പ്രേക്ഷകരും തിയേറ്റര്‍ വിട്ടിറങ്ങുന്നു.

അതിസാധാരണവും എന്നാല്‍ അസാധാരണവുമാണ് മധു സി നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങിയെന്ന കൊച്ചുഗ്രാമത്തിലെ ചെറു സംഭവങ്ങളിലൂടെ ലോക സിനിമയുടെ നിലവാരത്തിലേക്ക് മലയാള സിനിമയെ വഴി നടത്തുകയാണ് സംവിധായകന്‍. വീശുവലകളും കെട്ടുവള്ളങ്ങളും കായല്‍പ്പരപ്പിലെ നിലാവുമെല്ലാം ചേര്‍ന്ന സുന്ദര രാത്രികള്‍. ആ രാത്രികളുടെ സൗന്ദര്യം ആവോളം ഒപ്പിയെടുക്കുന്ന ഷൈജു ഖാലിദിന്റെ ക്യാമറാക്കണ്ണുകള്‍.. കഥയ്‌ക്കൊപ്പം.. കായലിന്റെ വശ്യതയ്‌ക്കൊപ്പം ചേര്‍ന്നുപോകുന്ന സുഷിന്‍ ശ്യാമിന്റെ സംഗീതം. ജീവിതം സത്യസന്ധമായി രേഖപ്പെടുത്തുന്ന.. സംഭാഷണങ്ങള്‍ക്ക് പോലും മണ്ണിന്റെ മണമുള്ള ശ്യാം പുഷ്‌ക്കരന്റെ തിരക്കഥ. ഏത് നിമിഷവും പാളിപ്പോകാവുന്ന കഥാമുഹൂര്‍ത്തങ്ങളെ നിയന്ത്രിച്ച് നിര്‍ത്തി അതിസുന്ദരമായ ദൃശ്യാനുഭവം ആക്കി മാറ്റുന്ന സംവിധായകന്റെ മാന്ത്രികത.. ഇവയൊത്ത് ചേരുമ്പോള്‍ മലയാള സിനിമയില്‍ കാലങ്ങള്‍ക്ക് ശേഷം പിറവിയെടുത്ത അസാധാരണ കാഴ്ചാനുഭവമായി കുമ്പളങ്ങി നൈറ്റ്‌സ് മാറുന്നു.

കൊച്ചിയുടെ ആര്‍ഭാടവും തിരക്കും ലുലു മാളും മെട്രോ ട്രെയിനും വീഗാലാന്റുമെല്ലാം കടന്നുചെന്നാല്‍ കുമ്പളങ്ങിയിലെത്തും. കേരളത്തിലെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായി അറിയപ്പെടുന്ന കുമ്പളങ്ങി. പ്രകൃതിയുടെ മായക്കാഴ്ചകളില്‍ നിന്ന് മാറി നിത്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കേരളത്തിലെ വിനോദ സഞ്ചാര സങ്കല്‍പ്പം ഇളക്കിപ്രതിഷ്ടിക്കപ്പെട്ടത് കുമ്പളങ്ങിയിലൂടെയാണെന്ന് പറയാം. കുമ്പളങ്ങിയിലെ ജീവിതം പറയുന്ന ഈ സിനിമയും മായക്കാഴ്ചകളെ പൂര്‍ണ്ണമായും അകറ്റി ജീവിതത്തിന്റെ ചൂരും ചൊടിയും വേദനകളും സത്യസന്ധമായി രേഖപ്പെടുത്തുന്നു.

ലക്ഷ്യബോധമില്ലാത്ത രണ്ടുപേരും ജീവിതം ക്രമപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന രണ്ടുപേരുമാണ് ആ തുരുത്തിലെ വീട്ടിലുള്ളത്. സുഹൃത്തായ തേപ്പുകാരന്‍ തമിഴനെ ഓസി ജീവിക്കുന്ന സജിയും (സൗബിന്‍ ഷാഹിര്‍), അലസനായ ബോബിയും (ഷെയ്ന്‍ നിഗം) ആണ് ഇതില്‍ രണ്ടുപേര്‍. സംസാര ശേഷിയില്ലാത്ത ബോണിയും (ശ്രീനാഥ് ഭാസിയും), ഇളയ അനുജന്‍ ഫ്രാങ്കിയും (മാത്യു തോമസും) പക്ഷെ ചിട്ടയായ ഒരു ജീവിതത്തെ ആഗ്രഹിക്കുന്നുണ്ട്. ഷമ്മി പറയുമ്പോലെ കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയ്ക്കും കയറിച്ചെന്ന് ജീവിക്കാന്‍ പറ്റാത്ത ഒരിടമാണ് അവരുടെ വീട്. തീട്ടപ്പറമ്പിനടുത്തുള്ള വീടെന്ന പരാമര്‍ശം തന്നെ ഷമ്മി പൊട്ടിച്ചിരിച്ചുകൊണ്ടാണ് കേള്‍ക്കുന്നത്. കുടുംബമെന്ന് നമ്മള്‍ ഒരിക്കലും വിളിക്കാനിടയില്ലാത്ത ഈ സഹോദരന്‍മാര്‍ക്കിടയിലേക്കാണ് മൂന്നു സ്ത്രീകള്‍ പലപ്പോഴായി കയറിയെത്തുന്നത്. രക്തബന്ധം കൊണ്ടു മാത്രം അടയാളപ്പെടുത്തപ്പെട്ട കുടുംബത്തെക്കുറിച്ചുള്ള ബോധങ്ങളെയാകെ ഈ വീടും കുമ്പളങ്ങിയും പലപ്പോഴായി തകര്‍ത്തെറിയുന്നുണ്ട്. നന്മയാല്‍ രൂപപ്പെടുത്തപ്പെട്ട വീട്, കുടുംബം എന്ന സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് നിരന്തര സങ്കര്‍ഷങ്ങളിലൂടെയും തെറിവിളികളിലൂടെയും അരാജകത്വത്തിലൂടെയും ഈ വീടും സഹോദരന്‍മാരും ഉന്നതമായ കുടുംബ സങ്കല്‍പ്പങ്ങളിലേക്ക് കയറിച്ചെല്ലുകയും ചെയ്യുന്നുണ്ട്.

പതിവ് പ്രണയ സങ്കല്‍പ്പങ്ങളെയും സിനിമ അടിമുടി പൊളിച്ചെറിയുന്നുണ്ട്. ബോബിയുടെ കാണാന്‍ അത്ര ഭംഗിയില്ലാത്ത സുഹൃത്തിനെ ഒരു പെണ്‍കുട്ടി പ്രണയിക്കുന്നു. പ്രണയിക്കാന്‍ മിനിമം സൗന്ദര്യം പോലും വേണ്ടേ എന്നാണ് ബോബിയുടെ സംശയം. പിന്നെയവന്‍ ചായകുടിക്കാന്‍ എന്തിനാണ് ചായക്കട തുടങ്ങുന്നത് എന്ന പതിവ് പുരുഷ ചോദ്യവുമായി സുഹൃത്തിനെ നേരിടുന്നുണ്ട്. എന്നാല്‍ ജീവിതത്തില്‍ അവള്‍ മാത്രമാണ് എന്നെ അംഗീകരിച്ചത്. നീ പോലും എന്നെങ്കിലും എന്നെ അംഗീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി സുഹൃത്ത് നേരിടുമ്പോള്‍ ബോബിയ്ക്ക് മറുപടിയില്ലായിരുന്നു. പ്രണയത്തില്‍ വിശ്വസിക്കാത്ത ബോബിയെ തീവ്രമായ പ്രണയത്തില്‍ തളച്ചിടുകയാണ് ബേബി മോള്‍ (അന്ന ബെന്‍). സ്വന്തം അധ്വാനത്തില്‍ ജീവിക്കുന്ന ബേബി മോള്‍ യഥാര്‍ത്ഥ പ്രണയം ഔട്ട് ഓഫ് ഫാഷനല്ലെന്ന് ബോബിയെ ബോധ്യപ്പെടുത്തുന്നു. അവനെ അലസതയില്‍ നിന്ന് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിനടത്തുന്നു. മീന്‍ പിടിച്ചു ജീവിച്ചൂടെ എന്നവള്‍ ബോബിയോട് ചോദിക്കുമ്പോള്‍ മീന്‍ പിടുത്തം അന്തസ്സുള്ള പണിയല്ലല്ലോ എന്നാണ് അവന്റെ മറുപടി. ഇന്ന് രാവിലേം കൂടി മഞ്ഞക്കൂരി കൂട്ടി കഞ്ഞികുടിച്ച എന്നോടാണോ ഈ പറയുന്നത് എന്ന ഒറ്റ മറുപടിയിലൂടെ ബോബിയെ അവള്‍ ഭൂമിയിലേക്ക് ഇറക്കി നിര്‍ത്തുന്നു.

കുമ്പളങ്ങിയിലൊരിടത്ത് മറ്റൊരു വീടുണ്ട്. അമ്മയും രണ്ട് പെണ്‍മക്കളും ജീവിക്കുന്ന വീട്. രക്ഷാകര്‍ത്താവില്ലാത്ത ആ വീട്ടിലേക്ക് മരുമകനായി വന്ന് കയറിയതാണ് ഷമ്മി (ഫഹദ് ഫാസില്‍). നാട്ടുകാര്‍ക്കെന്നപോലെ പ്രേക്ഷകര്‍ക്കും എളുപ്പം പിടി തരാത്ത ഒരു കഥാപാത്രം. ചിരിച്ച്, അതിവിനയത്തോടെ സംസാരിച്ച് പതിയെ ആ വീടിന്റെ അധികാരം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. വിനയവും കടുത്ത സദാചാരബോധവും നിറച്ച് ബുള്ളറ്റില്‍ പതിയെ കടന്നുപോകുന്ന ഷമ്മി എത്ര വിദഗ്ധവും സമര്‍ത്ഥവുമായാണ് തന്റെ അധികാരങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നത്. ഭക്ഷണ മേശയില്‍ ഭക്ഷണം വിളമ്പാനെത്തുന്ന ഭാര്യയുടെ അമ്മയെ നിര്‍ബന്ധിച്ച് തനിക്കൊപ്പം ഇരുത്തുന്ന അയാള്‍ വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്ന് പറയുമ്പോള്‍ സ്‌നേഹത്തിന്റെ സ്വരമായാണ് എല്ലാവര്‍ക്കും തോന്നുന്നത്. എന്നാല്‍ ഇരിക്കുന്ന കസേര പതിയെ മാറിയിരുന്ന് അയാള്‍ ചിരിച്ചുകൊണ്ട്..വിനയാന്വിതനായി ആ വീടിന്റെ അധികാരത്തിന്റെ കസേരയാണ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പതിവ് കുടുംബത്തിന്റെ കെട്ടും മട്ടുമുള്ള ഷമ്മിയുടെ കുടുംബഘടന എത്രമാത്രം പിന്തിരിപ്പനും സ്ത്രീ വിരുദ്ധവുമാണെന്ന് കുമ്പളങ്ങിയിലെ തുടര്‍ കാഴ്ചകള്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തും. ഒറ്റ തന്തയ്ക്ക് പിറന്നവനെന്ന് അഭിമാനിക്കുന്ന.. നല്ലൊരു ജോലി ചെയ്ത് കുടുംബം പോറ്റുന്നവനെന്ന അഹന്ത നിറയുന്ന ഷമ്മിയെന്ന കഥാപാത്രം ചില ചോദ്യങ്ങളാല്‍ ചിതറിത്തെറിച്ചുപോകുന്നതും നാം പിന്നീട് കാണും.

ആ പഞ്ചായത്തിലെ തന്നെ തല്ലിപ്പൊളി വീട്ടിലെ ബോബിയും ഷമ്മിയുടെ ഭാര്യാ സഹോദരി ബേബി മോളും തമ്മിലുള്ള പ്രണയം പുതിയ സങ്കര്‍ഷങ്ങളിലേക്ക് വഴി തുറക്കുന്നു. അവനാര്.. നല്ലൊരു ജോലിയുണ്ടോ അവന്.. ഈ മേശയില്‍ എനിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ എന്ത് യോഗ്യതയാണ് അവനുള്ളത് എന്നെല്ലാം ഷമ്മി ബേബി മോളോട് ചോദിക്കുന്നു. ഒറ്റ തന്തയ്ക്ക് പിറന്നവനാണോ എന്ന ഷമ്മിയുടെ ചോദ്യത്തിന് പല തന്തയ്ക്ക് പിറക്കുക ശാസ്ത്രീയമായി സാധ്യമല്ലെന്ന് ബേബി മോള്‍ മറുപടി പറയുമ്പോള്‍.. എന്നും അനുസരിച്ച് കൂടെ നിന്ന ഭാര്യ പോലും ശബ്ദമുയര്‍ത്തുമ്പോള്‍.. ഷമ്മിയിലെ യഥാര്‍ത്ഥ ക്രിമിനല്‍ മറനീക്കി പുറത്തുവരികയാണ്.

വിസ്മയിപ്പിക്കുകയാണ് സജിയായി സൗബിന്‍ ഷാഹിര്‍. സുഡാനിയില്‍ നിന്ന് കുമ്പളങ്ങിയിലെത്തുമ്പോള്‍ അയാള്‍ കൂടുതല്‍ ഉയരങ്ങളിലാണ്. മുണ്ട് മടക്കിക്കുത്തി മദ്യമെടുത്ത് വായ കഴുകുന്ന രംഗം മുതല്‍ അയാള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. ബോബിയോട് ചേട്ടാ എന്ന് ഒരു പ്രാവശ്യം വിളിക്കൂ എന്ന് പറഞ്ഞ് ആ വിളി കേള്‍ക്കാനായി കാത്തിരിക്കുന്ന സജി.. തേപ്പുകാരനായ തമിഴനെ ഓസി ജീവിക്കുന്നവനാണെന്ന് സഹോദരന്‍ തന്നെ കുറ്റപ്പെടുത്തയപ്പോള്‍ തമിഴന് മുമ്പില്‍ നിഷ്‌ക്കളങ്കമായി പൊട്ടിക്കരയുന്ന സജി.. ഡോക്ടര്‍ക്ക് മുമ്പില്‍ ജീവിതം പറഞ്ഞ് അയാളുടെ നെഞ്ചില്‍ തലവെച്ച് പൊട്ടിക്കരയുന്ന സജി.. അസാധാരണായ ഭാവപ്പകര്‍ച്ചകള്‍ കൊണ്ട് ഓരോ നിമിഷവും പ്രേക്ഷരെ അമ്പരപ്പിക്കുന്നുണ്ട് സൗബിന്‍.

വിഷാദഭാവങ്ങളില്‍ തളച്ചിടപ്പെട്ട ഷെയ്ന്‍ നിഗം ബോബിയിലൂടെ പുതിയ സാധ്യതകള്‍ തേടുന്നു. പ്രണയരംഗങ്ങളിലും അതി വൈകാരിക നിമിഷങ്ങളിലുമെല്ലാം ഷെയ്ന്‍ ഒരേ പോലെ മികവ് പുലര്‍ത്തുന്നു. സംസാര ശേഷിയില്ലാത്ത ബോണിയെന്ന കഥാപാത്രം ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. ഫ്രാങ്കിയാവുന്ന മാത്യു തോമസ് സ്വാഭാവിക ഭാവപ്രകടനങ്ങളാല്‍ കയ്യടി നേടുന്നു. ചുംബിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് ധൈര്യപ്പെടാത്ത.. ഷമ്മിയുടെ അധികാര പ്രകടനങ്ങളെ ചെറുമറുപടിയാല്‍ തകര്‍ത്തെറിയുന്ന ബേബി മോള്‍ കുമ്പളങ്ങിയെ കൂടുതല്‍ സുന്ദരമാക്കുന്നു. അസാധാരണ പ്രകടനം തന്നെയാണ് ബേബി മോളായി അന്ന ബെന്നിന്റേത്.

പിന്നെ ഷമ്മി.…നിഗൂഡമായ ഭാവപ്രകടനങ്ങളാല്‍.. ഉത്തരം കിട്ടാത്ത ചിരിയുമായി.. അയാള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ ആരാണെന്നും പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. സമീപകാല സിനിമകളിലെ ഏറ്റവും കിടിലന്‍ പ്രതിനായകനാണ് ഫഹദ് ഫാസിലിന്റെ ഷമ്മി. സൗമ്യനായി വന്ന് ഒടുവില്‍ അയാള്‍ ഞെട്ടിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ കൈയ്യടി നേടുന്നു. തിയേറ്റര്‍ വിട്ടിറങ്ങിയാലും കൂടെ പോരുന്ന ഈ കഥാപാത്രങ്ങള്‍ക്കൊപ്പം മറ്റൊന്നുകൂടി ഈ ചിത്രത്തിലുണ്ട്. നിലാവില്‍ തിളങ്ങി നില്‍ക്കുന്ന കായലും ചീനവലകളും ഒറ്റപ്പെട്ട തുരുത്തുകളുമെല്ലാം ചേര്‍ന്ന് അതി സുന്ദരമായ കുമ്പളങ്ങി. പേര് പോലെ തന്നെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കുമ്പളങ്ങി.

ചെറുവാക്കുകളിലൂടെ.. ചെറു സംഭവങ്ങളിലൂടെ വികാരങ്ങളുടെ കടല്‍ തീര്‍ക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍. പതിവ് സിനിമാ സങ്കല്‍പ്പങ്ങളെയാകെ തകര്‍ത്തെറിയുകയാണ് ശ്യാമിന്റെ ശക്തമായ തിരക്കഥ. ജീവിതത്തെ തൊട്ടറിഞ്ഞ്.. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ നെഞ്ചേറ്റിയാണ് ആ തൂലിക ചലിക്കുന്നത്. ആ എഴുത്തിനെ ഹൃദയത്തിലേക്ക് ആവാഹിച്ചാണ് ഒരു ദേശത്തെയും അവിടുത്തെ ജീവിതങ്ങളെയും സംവിധായകന്‍ മധു സി നാരായണന്‍ തിരശ്ശീലയില്‍ രേഖപ്പെടുത്തുന്നത്. വാതിലില്ലാത്ത കുമ്പളങ്ങിയിലെ ആ വീട്ടിലേക്കെന്നപോലെ ഏതുവഴിയും പ്രേക്ഷകന് ഈ സിനിമയിലേക്ക് കയറിച്ചെല്ലാം.. ഏത് വഴിയിലൂടെയും ഇറങ്ങിപ്പോകാം.. പ്രണയവും സ്‌നേഹവും സംഗീതവും വെളിച്ചവും നിറയുന്ന കുമ്പളങ്ങിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഒരു ദേശവും അവിടുത്തെ ജീവിതവും കുറേ കഥാപാത്രങ്ങളും പ്രേക്ഷകരുടെ കൂടെ പോരും എന്നത് തീര്‍ച്ചയാണ്.