പകൽ ആശാരിപ്പണിക്കാരൻ രാത്രിയായാൽ യക്ഷി, കുമ്പത്തൂർപാടി ശശിയ്ക്ക് ഒടുവിൽ ദാരുണാന്ത്യം

Web Desk
Posted on November 05, 2019, 6:59 pm

കുമ്പത്തൂർപാടി: കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലെ കുമ്പത്തൂർപാടി വനത്തില്‍ സ്ത്രീ വേഷത്തിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞു. സാരി ധരിച്ച നിലയില്‍ അഴുകി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ മരിച്ചത് സ്ത്രീ അല്ല എന്നും, പെണ്‍വേഷം കെട്ടിയ പുരുഷനാണ് എന്നും വ്യക്തമായി. നാട്ടിലെ അറിയപ്പെടുന്ന ആശാരിപ്പണിക്കാരന്‍ മലപ്പട്ടം അടൂര്‍ സ്വദേശി നാൽപ്പത്തി അഞ്ചുകാരനായ കിഴക്കേപുരയില്‍ ശശി എന്ന ആളുടെ മൃതദേഹം ആവാം ഇതെന്ന നിഗമനത്തിലാണ് പോലീസ്.

സന്ധ്യമയങ്ങുന്നതോടെ സ്ത്രീവേഷം കെട്ടി ഇറങ്ങുന്ന ഇയാൾ അർദ്ധരാത്രിയാവുന്നതോടെ യക്ഷിയുടെ മേക്കപ്പിലേക്ക് മാറുമത്രേ. പിന്നീട് ആൾ സഞ്ചാരമില്ലാത്ത ഇടങ്ങളിൽ യക്ഷിയുടെ ഭാവ ചലനങ്ങളോടെ നടക്കും. ഉറക്കം ശ്മശാനത്തിലും. പകൽ സമയം ആശാരിപ്പണിക്ക് പോകുന്ന ശശി ഒരു തരത്തിലുമുള്ള സ്വഭാവ വൈകല്യങ്ങളും കാട്ടിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇടയ്ക്കൊരു ദിവസം സ്ത്രീവേഷത്തിൽ കണ്ട ശശിയെ നാട്ടുകാർ പിടികൂടി മർദ്ദിച്ചതോടെ ഇയാൾ മറ്റൊരു സഥലത്തേക്ക് താമസം മാറ്റിയിരുന്നു. ഈ പ്രത്യേകതരം മാനസിക വൈകല്യം ബന്ധുക്കൾ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. മൃതശരീരത്തോടൊപ്പം ലഭിച്ച മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ നിന്നാണ് മരിച്ചത് ശശിയാകാമെന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. മൃതദേഹത്തിനു സമീപം വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അതിൽ നിന്നും ശശിയുടേത് ആത്മഹത്യയാകാം എന്ന നിഗമനവും പോലീസിനുണ്ട്.