ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരൻ പ്രതി

Web Desk

തിരുവനന്തപുരം

Posted on October 22, 2020, 11:48 am

മിസോറാം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജ ശേഖരനെതിരെ ആറന്മുള പൊലീസ് കേസെടുത്തു. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷംതട്ടിയെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സിആർ ഹരികൃഷ്ണന്റെ പരാതിയിൽ ആറന്മുള പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുമ്മനം രാജ ശേഖരനുൾപ്പടെ ഒൻപത് പേരെ പ്രതികളാക്കികൊണ്ടാണ് ആറമ്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമ്മനത്തിന്റെ സന്തത സഹചാരി പ്രവീൺ വി പിള്ള, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, കുമ്മനം രാജശേഖരൻ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് പ്രതികൾ.

1934/20 എഫ്ഐആർ നമ്പർ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 406,420, 34 വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നിവയാണ് പ്രധാന വകുപ്പുകൾ. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ അതായത്പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് രഹിത ബാനർ നിർമ്മിക്കുന്ന ന്യൂഭാരത് ബയോടെക്നോളജി എന്ന കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി.പണം കൈപ്പറ്റിയ ശേഷം പാർട്ണർഷിപ്പ് നടപടികളിലേക്ക് നീങ്ങിയില്ലെന്നും വർഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കൽ നിന്നും വായ്പ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേരിൽ നിന്ന് പണം വാങ്ങിയെന്നും സൂചനയുണ്ട്.

update…

you may also like this video