കുണ്ടന്നൂര്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണോദ്ഘാടനം ശനിയാഴ്ച്ച

Web Desk
Posted on March 28, 2018, 2:55 pm
കൊച്ചി:  ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറിന്റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച്ച വൈകിട്ട് 4.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. 701 മീറ്റര്‍ നീളത്തില്‍ ആറുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിലാണ് ഫ്‌ളൈ ഓവറിന്റെ നിര്‍മാണം. ദേശീയപാതയിലാണെങ്കിലും പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടാണ് ഫ്‌ളൈഓവര്‍ നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നത്.
പനവേല്‍ — കന്യാകുമാരി (എന്‍എച്ച് 66), കുണ്ടന്നൂര്‍ — വെല്ലിങ്ടണ്‍ ഐലന്‍ഡ് (എന്‍എച്ച് 966ബി), കൊച്ചി — മധുര (എന്‍എച്ച് 85) ദേശീയപാതകളുടെ സംഗമസ്ഥാനമാണ് കുണ്ടന്നൂര്‍ ജംഗ്ഷന്‍. എന്‍എച്ച് 66ലെ ഗതാഗതം സുഗമമാക്കി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫ്‌ളൈഓവര്‍ പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍വഹിക്കുന്നത്. 74.45 കോടി രൂപയ്ക്ക് മൂവാറ്റുപുഴയിലെ മേരിമാത കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണത്തിന് കരാറെടുത്തിരിക്കുന്നത്.
അപ്രോച്ചിന് പരമാവധി വീതി കുറച്ചും സര്‍വീസ് റോഡുകളുടെ വീതി കഴിയുന്നത്ര നിലനിര്‍ത്തിയുമാണ് ഫ്‌ളൈഓവര്‍ രൂപകല്‍പ്പന. തൃപ്പൂണിത്തുറ ഭാഗത്തു നിന്നും അരൂര്‍ ഭാഗത്തേക്കും അരൂര്‍ ഭാഗത്തു നിന്നും തേവര ഭാഗത്തേക്കും ഗതാഗതം സുഗമമാക്കുന്നതിനായി രണ്ട് സ്ലിപ്പ് റോഡുകളും അണ്ടര്‍പാസും പദ്ധതിയുടെ ഭാഗമാണ്. റോഡിന്റെ ഇരുവശത്തുമായി 14 സ്പാനുകള്‍ വീതമാണ് ഫ്‌ളൈഓവറിനുണ്ടാകുക. ഓരോ സ്പാനിനും 30 മീറ്ററാണ് നീളം. പാലത്തിന് താഴെ ട്രാഫിക് സിഗ്നലോടു കൂടിയ റൗണ്ട് എബൗട്ടും സ്ഥാപിക്കും. രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും.
ഉദ്ഘാടനച്ചടങ്ങില്‍ എം. സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യാതിഥിയാകും. പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ പി.ടി. തോമസ്, കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എ.എം. ആരിഫ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ആശ തോമസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള തുടങ്ങിയവര്‍ പ്രസംഗിക്കും.