Saturday
07 Dec 2019

ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമുണ്ട്, താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കും; രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ല; ഭർത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്

By: Web Desk | Wednesday 13 November 2019 1:12 PM IST


കൊല്ലം:

ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹനെ (25) ഭർത്താവ് കൊല്ലം കോളജ് ജംക്ഷൻ എം ആർ എ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) വാണ് കൊലപ്പെടുത്തിയത്. പ്രതി കാറിൽ രക്ഷപെടാൻ ശ്രമിച്ചു എങ്കിലും പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. വിവാഹം കഴിഞ്ഞ് ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രൊഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വൈശാഖ് വലിയ സാമ്ബത്തിക ബാധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി. പണം ധൂർത്തടിച്ച് ആർഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാർ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്. ഇതേചൊല്ലി ഒക്ടോബർ 14ന് കലഹിച്ച് ഭാര്യവീട്ടിൽ നിന്നിറങ്ങിയ വൈശാഖ് പിന്നീട് തിങ്കളാഴ്ചയാണ് തിരികെയെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. ഈ സമയം വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.

ഇതു കണ്ട് കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇതോടെ ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ മോഹനൻ ഭയന്നു പിന്നോട്ട് മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വാർഡ് മെമ്ബർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി.

കൊലപാതകം അറിഞ്ഞ ഉടൻ പൊലീസ് വൈശാഖിനായി തെരച്ചിൽ തുടങ്ങിയിരുന്നു. ഇയാളുടെ കൊല്ലത്തെയും പരവൂരിലെയും വീടുകളിൽ പരിശോധന നടത്തി പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലും മറ്റും നിരീക്ഷണം ശക്തമാക്കി. ഒടുവിൽ പൊലീസിന്റെ സമ്മർദം ശക്തമായതോടെ ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി. അതെ സമയം കൃതി ഭർത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആർത്തിയുള്ള ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്നാിയരുന്നു അവൾ ഭയന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൃതി എഴുതിയ കത്തും പുറത്തുവന്നു. താൻ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തിൽ പങ്കുവെച്ചിരിക്കുന്നത്.

‘താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ലെന്നും മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്’ എന്നും കൃതി കത്തിൽ വ്യക്തമായി പറയുന്നു. രണ്ടാം വിവാഹം കൃതിയെ സംബന്ധിച്ചിടത്തോളം ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന കത്ത്.

Related News