കുഞ്ഞന്വിശറിയും ടേബിള്‍ഫാനും

സന്തോഷ് പ്രിയന്
നാണു അപ്പുപ്പന്റെ വീട്ടില്‍ ഒരു വിശറി ഉണ്ടായിരുന്നു. കുഞ്ഞന്‍ എന്നായിരുന്നു അവന്റെ പേര്. അപ്പുപ്പന്റെ കണ്ണടയും വടിയും കാലന്‍കുടയും കസേരയുമെല്ലാം കുഞ്ഞന്‍ വിശറിയുടെ കൂട്ടുകാരായിരുന്നു.
ചൂടു കാലമാകുമ്പോള്‍ അപ്പുപ്പന് കുഞ്ഞനെ താഴെ വയ്ക്കില്ല. വിശറി വീശി നല്ല കാറ്റ് കൊടുത്ത് അപ്പുപ്പന്റെ ഉഷ്ണമെല്ലാം അകറ്റുകയും ചെയ്യും.
ഒരുദിവസം അപ്പുപ്പന്റെ മകന് ജോലി സ്ഥലത്തുനിന്നും വന്നപ്പോള്‍ ഒരു ടേബിള്‍ഫാന്‍ വാങ്ങി കൊടുത്തു. ഫാന്‍ നല്ല കാറ്റ് കൊടുത്തപ്പോള്‍ അപ്പുപ്പന് വിശറി ഒരു മൂലയിലേക്കിട്ടു. അപ്പുപ്പനും അമ്മുമ്മയും ആരും തന്നെ തിരിഞ്ഞുനോക്കാതെയായപ്പോള് പാവം കുഞ്ഞന്വിശറിക്ക് സഹിച്ചില്ല. അവന് മൂലയിലിരുന്ന് കരയാന്‍ തുടങ്ങി. അതുകണ്ട് കുടയും കണ്ണടയും വടിയും കസേരയും കുഞ്ഞനെ ആശ്വസിപ്പിച്ചു.
‘സാരമില്ല കുഞ്ഞാ, നിന്നെ ആരൊക്കെ വെറുത്താലും ഞങ്ങള്‍ വെറുക്കില്ല.’ അവര്‍ പറഞ്ഞു. കുഞ്ഞന്‍ വിശറി മൂലയില്‍ കിടക്കുന്നത് കണ്ട് ടേബിള്‍ഫാന്‍ അവനെ കളിയാക്കാന്‍ തുടങ്ങി.
‘ഞാനാണ് ഇനി മുതല്‍ ഈ വീട്ടില്‍ എല്ലാവര്ക്കും കാറ്റ് നല്‍കുന്നത്. നിന്നെ ഇവിടെങ്ങും കണ്ടുപോകരുത്. പോ ദൂരെ.’
അതുകേട്ട് കുഞ്ഞന്‍ പിന്നേയും കരയാന്‍ തുടങ്ങി. ഒരു ദിവസം അപ്പുപ്പന്റെ കൈ തട്ടി ഫാന്‍ മേശപ്പുറത്തുനിന്നും താഴെ വീണു. പിന്നെ ഫാന്‍ കറങ്ങാതെയായി. അപ്പുപ്പന് ദേഷ്യത്തോടെ ഫാന്‍ മൂലയില്‍ കൊണ്ടുപോയി വച്ചു. എന്നിട്ട് കുഞ്ഞന്‍ വിശറിയെടുത്ത് വീശാന്‍ തുടങ്ങി. അപ്പോള്‍ അവനും കൂട്ടുകാര്‍ക്കും സന്തോഷമായി.
ടേബിള്‍ഫാന്‍ അതുകണ്ട് മുഖം കുനിച്ചു. തന്റെ അഹങ്കാരത്തിന്റെ ഫലമാണിതെന്ന് അവന് മനസിലായി. അങ്ങനെ ഫാന്‍ ഒരു പാഠം പഠിച്ചു.