March 30, 2023 Thursday

ഓര്‍മ്മ- കുഞ്ഞിക്കൂനനും ഞാനും

അരവിന്ദൻ കെ എസ് മംഗലം
July 31, 2022 6:44 pm

“കുഞ്ഞിക്കൂനൻ ഓരോ മണിക്കൂറും ഓരോ യുഗമെന്നോണം കഴിച്ചുകൂട്ടി. അവന്റെ ജീവിതത്തിൽ ഇനി അവശേഷിച്ചിട്ടുള്ള ആയുസ് മൂന്നേമൂന്ന് ദിവസം മാത്രം. രാത്രിയുടെ നീണ്ട നിശബ്ദതയിലും കുഞ്ഞിക്കൂനന് ഒരു കൺപോളപോലും അടയ്ക്കാൻ പറ്റിയില്ല. കണ്ണടച്ചാൽ മുന്നിൽ കാണുന്നത് കറുത്തിരുണ്ട കാളീവിഗ്രഹമാണ് കണ്ണുകൾ തുറിച്ച് ദംഷ്ട്രങ്ങൾ പുറത്തു നീട്ടി ആ കാളീവിഗ്രഹം അവന്റെ നേരെ എടുത്തു ചാടാൻ ഒരുങ്ങി നിൽക്കുകയാണ്.
ആ രംഗം കുഞ്ഞിക്കൂനൻ ഭാവനയിൽ കണ്ടു. കാളിക്ക് ബലി കൊടുക്കാൻ വിഗ്രഹത്തിനു മുമ്പിൽ അവനെ കൊണ്ടുപോയി നിർത്തിയ രംഗം! യമകിങ്കരന്മാരെപ്പോലുള്ള ബലികർമ്മികൾ തെളുതെളെ മിന്നുന്ന വാളുമായി അവന്റെ അരികിൽ തയ്യാറായി നിൽക്കുന്ന രംഗം!
അവസാനം ആ ദിവസവും പുലർന്നു. കാളീപൂജ അവസാനിക്കുന്ന ദിവസം. കുഞ്ഞിക്കൂനനെ, ഒരു സാധുക്കുട്ടിയെ കാളിക്കു ബലി കൊടുക്കുന്ന ദിവസം! നിനക്ക് അവസാനമായി വല്ല ആശയും ഉണ്ടോ? കൊള്ളത്തലവൻ ചോദിച്ചു. അങ്ങനെ ഒരു പതിവുണ്ട്! ബലികൊടുക്കുന്നതിനു മുമ്പ് ബലിയാടിന്റെ അവസാനത്തെ ആശ നിറവേറ്റിക്കൊടുക്കൽ.
കുഞ്ഞിക്കൂനന്റെ ഹൃദയത്തിൽ പെട്ടെന്ന് ഒരു വെളിച്ചം പടർന്നു മിന്നി. തികഞ്ഞ തന്റേടത്തോടെ അവൻ പറഞ്ഞു:
‘എനിക്ക് ആ പേരാലിന്റെ ചുവട്ടിൽ ചെന്നു നിന്ന് ഒന്നു പ്രാർത്ഥിച്ചാൽ കൊള്ളാമെന്നുണ്ട്.’ അവന്റെ അവസാനത്തെ അഭിലാഷമാണത്. കൊള്ളത്തലവൻ സമ്മതിച്ചു. അയാളുടെ കിങ്കരന്മാർ അവനെയും കൂട്ടി കോട്ടയുടെ കിഴക്കുഭാഗത്തുള്ള പേരാലിന്റെ ചുവട്ടിലേക്കു ചെന്നു.
നിമിഷങ്ങൾ മുന്നോട്ടുനീങ്ങി. അതാ കുഞ്ഞിക്കൂനൻ ഒറ്റച്ചാട്ടത്തിന് പേരാലിന്റെ വേടിൽ കടന്നു പിടിച്ചു. അസാമാന്യമായ വേഗതയോടെ അവൻ താഴോട്ട് ഊർന്നിറങ്ങി. തികച്ചുംഅപ്രതീക്ഷിതമായിരുന്നു അത്. കൊള്ളത്തലവനും കൂട്ടുകാരും അവരുടെ കിങ്കരന്മാരും സ്തംഭിച്ചുനിന്നു. അവർ ഓടിച്ചെന്നു താഴേയ്ക്കു നോക്കി. കുഞ്ഞിക്കൂനൻ പാറയുടെ അടിവശത്ത് സുരക്ഷിതമായിഎത്തിച്ചേർന്നിരിക്കുന്നു.”
ഇതിനൊക്കെ സാക്ഷിയായി ഒരാൾ ആകാംക്ഷാഭരിതമായ മനസുമായി അവിടെ ഉണ്ടായിരുന്നു. അതിന്റെ വായനക്കാരനായ ഒരു കൗമാരക്കാരൻ. ഈയുള്ളവൻ തന്നെ ആയിരുന്നു അത്. എന്റെ ഉള്ള് പട പടാ മിടിച്ചു.
”പിടിക്കിനെടാ അവനെ പിടിക്കിനെടാ!”
തസ്കരപ്രമാണിയുടെ ശബ്ദം അവിടെ മുഴങ്ങി.
എങ്ങനെ പിടിക്കും? അഗാധമായ കൊക്കയുടെ ഉള്ളിലേക്ക് വേടിൽ തൂങ്ങി ഇറങ്ങാൻ ആർക്കാണ് ധൈര്യം?
ഞാൻ ആശ്വാസം കൊണ്ടു. പക്ഷേ ദുഷ്ടനായ കൊള്ളത്തലവൻ കയ്യിൽ കിട്ടിയവരെയെല്ലാം മർദ്ദിക്കാൻ തുടങ്ങി. പെട്ടെന്നാണ് അയാളുടെ തലയിൽ മറ്റൊരു ബുദ്ധി ഉദിച്ചത്. അയാൾ തന്റെ കൂട്ടരെയെല്ലാം ക്ഷണനേരംകൊണ്ട് അടുത്തേക്ക് വിളിച്ചിട്ട് വലിയ പാറകൾ ഉരുട്ടി കൊക്കയിലേക്ക് എറിയാൻ ആജ്ഞാപിച്ചു.
പേടി എന്റെ സിരകളിൽ ഇരമ്പി. കുഞ്ഞിക്കൂനൻ ചത്തു പോകുമോ?
‘നാശം പിടിച്ച ചെക്കൻ ചതഞ്ഞു ചമ്മന്തിയാകട്ടെ’ എന്ന് ആക്രോശിച്ചുകൊണ്ട് തസ്കരപ്രമാണി കൂട്ടുകാരെ പ്രോത്സാഹിപ്പിച്ചു. താഴെ പാറക്കഷണങ്ങൾ കുന്നുകൂടി കിടന്നു. അവൻ ചത്തു ചമ്മന്തി ആയിട്ടുണ്ടാവും കൊള്ളത്തലവൻ സമാശ്വസിച്ചു.
എന്റെ വായന അവിടെ വഴിമുട്ടി. തുടരുമെന്ന വാക്ക് ബ്രാക്കറ്റിൽ കണ്ടത് ഞെട്ടിക്കുകയും ചെയ്തു. കുഞ്ഞിക്കൂനൻ ചത്തു പോകുമോ, അതോ രക്ഷപ്പെടുമോ? സങ്കടം എന്നെ മൂടി നിന്നു.
ജനയുഗം വാരികയുടെ രണ്ടാ മൂന്നോ വർഷം മുമ്പുള്ള ഒരു ലക്കത്തിൽ ആയിരുന്നു ഞാൻ വായിച്ച കുഞ്ഞിക്കൂനൻ കഥ ഉണ്ടായിരുന്നത്. ടോൾ ജങ്ഷനിലെ ഉമ്മറിക്കയാണ് എനിക്ക് ആ പഴയ വീക്കിലി തന്നത്. ചേട്ടന്റെ പരിചയക്കാരനായ ഉമ്മറിക്കയോട് കുറച്ച് വീക്കിലി എനിക്ക് തരുമോ എന്ന് ചോദിച്ചപ്പോൾ ആവശ്യമുള്ളവ എടുത്തോളാൻ അദ്ദേഹം അനുവദിച്ചു. ഞാൻ രണ്ടുമൂന്നു വീക്കിലികൾ എടുത്തു. അതിലൊന്നായിരുന്നു കുഞ്ഞിക്കൂനന്റെ കഥയുള്ള ജനയുഗം. ബിമൽ മിത്രയും കിഷൻ ചന്ദറുമെല്ലാം അതിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. മലയാള വായനക്കാരെ മലയാളത്തിനപ്പുറം മറ്റൊരു സാഹിത്യചക്രവാള മുണ്ടെന്ന് അനുഭവിപ്പിച്ച പ്രസിദ്ധീകരണമായിരുന്നു ജനയുഗം വാരിക. തികച്ചുംവ്യത്യസ്തമായ ഈ പ്രസിദ്ധീകരണത്തിലൂടെയാണ് പ്രമുഖ ബംഗാളി നോവലുകൾ മലയാളമനസ്സുകൾ കീഴടക്കിയത്. കുഞ്ഞിക്കൂനന് ഒടുവിൽ എന്ത് സംഭവിച്ചു? ഏറെ ഉൽക്കണ്ഠയോടെ ആ ചോദ്യം ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ആ തുടർക്കഥ രചിച്ചത് പി നരേന്ദ്രനാഥ് എന്ന എഴുത്തുകാരനാണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. ജനയുഗത്തിന്റെ തുടർന്നുള്ള ലക്കങ്ങൾ എവിടെ കിട്ടും?
ഉമ്മറിക്ക ആ പഴയ മാസികകൾ ആർക്കോ കൈമാറിക്കഴിഞ്ഞിരുന്നു അപ്പോൾ. എനിക്ക് പുസ്തകങ്ങൾ വായിക്കാൻ തന്നിരുന്ന പപ്പൻ ചേട്ടനും എന്നെ സഹായിക്കാനായില്ല.
ഒന്നോ രണ്ടോ വർഷങ്ങൾ പിന്നെയും കടന്നുപോയി. കുലശേഖരമംഗലം ഗവൺമെന്റ് ഹൈസ്കൂളിൽ ഏഴാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയാണ് ഞാൻ. വൈകിട്ട് സ്കൂൾ വിട്ട് പോരുമ്പോഴാണ് പുതിയ ഉപപാഠപുസ്തകം കിട്ടിയ കാര്യം തൊട്ടു താഴെ ക്ലാസിൽ പഠിക്കുന്ന പരമേശ്വരൻ പറയുന്നത്. പുസ്തകത്തിന്റെ പേരെന്തെന്ന് ചോദിച്ച എന്നോട് അവൻ കുഞ്ഞിക്കൂനൻ എന്ന് പറഞ്ഞപ്പോൾ അത് കാണാൻ ധൃതിയായി എനിക്ക്. പരമേശ്വരൻ പുസ്തകം വാങ്ങിയിട്ട് വീട്ടിൽ കാണിച്ചിട്ടില്ല. വായിക്കാനായി തരുമോ എന്ന് എങ്ങനെ അവനോട് ചോദിക്കും? വീട്ടിലേക്ക് മൂന്നര കിലോമീറ്ററോളം ദൂരമുണ്ട്. നടന്നാണ് ഞങ്ങളുടെ വരവും പോക്കുമെല്ലാം. അന്ന് വണ്ടിയില്ല. വണ്ടി ഓടുന്ന വഴിയുമില്ല. വീട്ടിലേക്കു തിരിയുന്നിടത്തുവച്ച് തിരിച്ചേൽപ്പിക്കാമെന്ന് പറഞ്ഞ് ആർത്തിയോടെ ആ പുസ്തകം കയ്യിൽ വാങ്ങി ഞാനത് വായിക്കാൻ തുടങ്ങി.
പരമുവും പവിത്രനും ശശിയുമെല്ലാം മുമ്പേ നടന്നു. അവരുടെ പിമ്പേ പുസ്തകത്തിലെ ഓരോ പേജും സശ്രദ്ധം വായിച്ചു കൊണ്ട് ഞാനും. ഓരോ അധ്യായങ്ങൾ വളരെ വേഗം മറിഞ്ഞുകൊണ്ടിരുന്നു. ഞാനെന്തോ ഗൗരവത്തിൽ പഠിക്കുകയാണെന്ന് കരുതി എന്നെ നോക്കി ‘പുസ്തകപ്പുഴു’ എന്ന് പിറുപിറുത്തുകൊണ്ട് ഒരു സംഘം വിദ്യാർത്ഥികൾ മുമ്പോട്ടു കടന്നുപോയി. പിന്നീട് കുറേക്കാലം കുറെ കുട്ടികൾക്ക് ഞാൻ’ ‘പുസ്തകപ്പുയു’ ആയിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ.
എട്ടിലും ഒമ്പതിലും ഒക്കെ പഠിക്കുമ്പോൾ കുട്ടികളുടെ ദീപികയിലും ബാലയുഗത്തിലും കവിതകൾ എഴുതാറുണ്ടായിരുന്നു. ആനിവേഴ്സറി സാഹിത്യ മത്സരങ്ങളിൽ കവിതാ രചനയ്ക്ക് സമ്മാനിതനായ കുട്ടിയെ ‘സ്കൂളിലെ കവി ’ എന്ന് വിശേഷിപ്പിച്ചത് വെച്ചുരിൽ നിന്നുവരുന്ന വേലായുധൻ നായർ സാറായിരുന്നു. ഞങ്ങളുടെ മലയാളം അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അങ്ങനെ പുസ്തകപ്പുയു എന്ന ഇരട്ടപ്പേരിൽനിന്ന്
‘കവി’ യിലേക്ക് എനിക്ക് പ്രൊമോഷൻ കിട്ടി.
ജന്മനാ ചെറിയ കൂനുള്ളവനും പിന്നീട് അനാഥനുമായിത്തീർന്ന കുഞ്ഞിക്കൂനന് സ്നേഹനിധിയായ ഒരു വളർത്തച്ഛൻ ഉണ്ടായിരുന്നു. മാന്ത്രികത്തട്ടിപ്പു നടത്തി ജനങ്ങളെ വഞ്ചിച്ച മന്ത്രവാദിയുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെടാനാണ് കുഞ്ഞിക്കൂനൻ ഗ്രാമം വിട്ടുപോന്നത്. വൃദ്ധവേഷത്തിലെത്തിയ കൊള്ളത്തലവൻ കുഞ്ഞിക്കൂനനെ ചതിച്ച് സ്വന്തം സങ്കേതത്തിൽ എത്തിക്കുകയായിരുന്നു; കാളിക്കു ബലി കൊടുക്കാൻ. കൊക്കയിലേക്ക് ചാടിയ കുഞ്ഞിക്കൂനൻ മരിച്ചില്ല. അതെന്നെ ആഹ്ലാദത്തിലാഴ്ത്തി. ഒടുവിൽ രാജ്യത്തെയും രാജാവിനെയും രക്ഷിക്കാൻ ദുർബല ശരീരനായ കുഞ്ഞിക്കൂനന് കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ മന്ത്രി പദത്തിലേക്ക് എത്താനും നാളെ അവനു കഴിയും. ഒരു കൂട്ടം മുക്കുവക്കുട്ടികൾക്കൊപ്പം ആഹ്ലാദം പങ്കിടുകയാണ് കുഞ്ഞിക്കൂനൻ…
പരമുവിന്റെ വീട്ടിലേക്കു തിരിയുന്ന വഴിയിൽ എത്തുംമുമ്പേ അവന്റെ പുസ്തകം തിരിച്ചേൽപ്പിച്ചു. ഏതോ ലോകം കീഴടക്കിയ ഒരാളായി മാറി ഞാൻ വീട്ടിലേക്ക് നടന്നു. നടന്നു വായിച്ചു തീർത്ത പുസ്തകം നിറമുള്ള ഒരോർമ്മയാണിന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.