സംഗീതത്തില്‍ മുഴുകിയ ജീവിതം

Web Desk
Posted on September 17, 2019, 10:42 pm

കെ കെ ജയേഷ്

കോഴിക്കോട്: ജീവിത പ്രയാസങ്ങള്‍ കാരണം ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് കുടുംബം പോറ്റാന്‍ ചുമട്ടുതൊഴിലാളിയായി മാറിയ ഒരാള്‍ കേരളത്തിലെ മികച്ച ഗായകനും സംഗീത സംവിധായകനുമായി വളര്‍ന്ന സംഭവബഹുലമായ ജീവിതമാണ് എം കുഞ്ഞിമ്മൂസയുടേത്. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടയുംവരെ സംഗീതത്തില്‍ മുഴുകിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രിസ്വാന്‍ കരുവന്‍പൊയില്‍ സ്മാരക പ്രഥമ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തിയതും കഴിഞ്ഞ ദിവസമാണ്. 92 ാം വയസ്സിലും പാട്ടിന്റെ ലോകത്ത് ജീവിച്ച, മാപ്പിളപ്പാട്ട്, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ ഗാനശാഖകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ഒരുക്കിയ വലിയൊരു കലാകാരനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ നഷ്ടമായിരിക്കുന്നത്.
തലശ്ശേരിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന എം കുഞ്ഞിമ്മൂസയുടെ ജീവിതം മാറ്റിമറച്ചത് പ്രശസ്ത സംഗീതജ്ഞന്‍ കെ രാഘവനാണ്. നേരത്തെ തലശ്ശേരി മ്യൂസിക്ക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് നാടകഗാനങ്ങള്‍ക്കും ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കാന്‍ ആരംഭിച്ചു. രാഘവന്‍ മാസ്റ്ററുമായുള്ള ബന്ധമാണ് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയത്. കോഴിക്കോട് ആകാശവാണിയുടെ തുടക്കം മുതല്‍ അദ്ദേഹം അവിടെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. 70–80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട്ട് വാസന്തി, ഉദയഭാനു തുടങ്ങിയവരോടൊപ്പമെല്ലാം അദ്ദേഹം ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു.
‘യഥാര്‍ത്ഥത്തില്‍ ഒരു ഭാവഗായകനായിരുന്നു കുഞ്ഞിമൂസയെന്ന് പ്രശസ്ത ഗായകന്‍ വി ടി മുരളി പറഞ്ഞു. എസ് വി ഉസ്മാന്‍ രചന നിര്‍വ്വഹിച്ച കുഞ്ഞിമ്മൂസ പാടിയ ‘ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ’ എന്ന് തുടങ്ങുന്ന ലളിതഗാനമുള്‍പ്പെടെ എത്ര കേട്ടാലും മതിവരില്ല. പി ഭാസ്‌ക്കരന്‍, അക്കിത്തം, തിക്കോടിയന്‍, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെയെല്ലാം രചനകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.വിവാഹത്തിന് ശേഷം വടകരയിലേക്ക് താമസം മാറിയ കുഞ്ഞിമ്മൂസക്ക് വി ടി കുമാരന്‍ മാസ്റ്ററുടെ പ്രോത്സാഹനം ഏറെ ലഭിച്ചു. പൂര്‍ണ്ണമായി വടകരക്കാരനായി മാറിയ കുഞ്ഞിമ്മൂസ വടകരയുടെ സാംസ്‌ക്കാരിക അടിത്തറയില്‍ ഉറച്ചു നിന്ന പാട്ടുകാരനായിരുന്നുവെന്നും വി ടി മുരളി വ്യക്തമാക്കി.
‘കതിര്‍ കത്തും റസൂലിന്റെ’, ‘യാ ഇലാഹീ’, ‘ഖോജരാജാവേ’, ‘ദറജപ്പൂ’ തുടങ്ങിയ പാട്ടുകളെല്ലാം ഒരുകാലത്ത് കേരളത്തില്‍ തരംഗം തീര്‍ത്തവയാണ്. കുഞ്ഞിമ്മൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ് എന്ന പാട്ട് പാടിയാണ് മകന്‍ താജുദ്ദീന്‍ വടകര മലയാളത്തില്‍ വീണ്ടും മാപ്പിളപ്പാട്ടുകളുടെ വസന്തകാലം തീര്‍ത്തത്. യേശുദാസ് ഉള്‍പ്പെടെയുള്ള നിരവധി ഗായകര്‍ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ പാടിയിട്ടുണ്ട്.
പഴയൊരു ഓര്‍മ്മ കൂടി വി ടി മുരളിയുടെ മനസ്സില്‍ നിറം പിടിച്ചു നില്‍പ്പുണ്ട്. കവി പി കുഞ്ഞിരാമന്‍ നായരുടെ ഷഷ്ടി പൂര്‍ത്തി ആഘോഷം വടകരയില്‍ നടക്കുന്നു. കവി ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് മുമ്പില്‍ പാടാന്‍ പത്തുവയസ്സുകാരനായ വി ടി മുരളിക്ക് അവസരം ലഭിച്ചു. അതിന് എല്ലാവിധ പിന്തുണയുമായി എം കുഞ്ഞിമ്മൂസയും കൂടെയുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യമായിരുന്നു അതെന്ന് വി ടി മുരളി പറയുന്നു. പിന്നീട് വി ടി മുരളിയുമായുള്ള കൂട്ടുകെട്ടില്‍ നിരവധി മികച്ച പാട്ടുകള്‍ എം കുഞ്ഞിമ്മൂസ മലയാളത്തിന് സമ്മാനിച്ചു. പി ഭാസ്‌ക്കരന് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ യുവകലാസാഹിതി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ കവിതകള്‍ക്ക് കുഞ്ഞിമ്മൂസ സംഗീതം നല്‍കിയപ്പോള്‍ പാട്ടുകള്‍ ആലപിച്ചത് വി ടി മുരളിയായിരുന്നു.