കുഞ്ഞുമോനെ തനിച്ചാക്കി ജലജയ്ക്ക് പിന്നാലെ, ഏകമകനായ അമിതും യാത്രയായതോടെ ചാന്നാനിക്കാട്ടെ വീട്ടിൽ ഏകനായി കുഞ്ഞുമോൻ. ചിങ്ങവനം മൈലുംമൂട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ജലജ, ഏക മകൻ അമിത് എന്നിവരാണ് ഒരു ദുരന്തത്തിൽ ഒരു പോലെ നഷ്ടമായത്. ഏകപുത്രനും ഭാര്യയും നഷ്ടമായ ആ പിതാവിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങുകയായിരുന്നു ഉറ്റവർ.
വെള്ളിയാഴ്ച്ച വൈകുന്നേരം കൊച്ചാലുംമൂട്ടിൽ കെ എസ് ആർ ടി സി ബസിലേയ്ക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറിയാണ് നാടിനെ നടുക്കിയ
അപകടം ഉണ്ടായത്. പാമ്പാടിയിലെ ബന്ധുവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു ദുരന്തമായി അപകടം ഇവരെ തേടിയെത്തിയത്. അമിതിന്റെ മാതാവ് ജലജ, ജിൻസ്, മുരളി എന്നിവരായിരുന്നു വെള്ളിയാഴ്ച്ച മരിച്ചത്. അമിത്, സഹോദരിയുടെ മകൻ അതുൽ എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച പുലർച്ചെ അമിതും മരണത്തിനു കീഴടങ്ങി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
കുഞ്ഞുമോന്റെയും മരിച്ച ജലജയുടെയും ഏക മകനായിരുന്നു അമിത്. 40-മത്തെ വയസ്സിലാണ് കുഞ്ഞുമോൻ വിവാഹിതനായത്. ചങ്ങനാശേരിയിൽ സ്റ്റുഡിയോയിൽ ഗ്രാഫിക് ഡിസൈനാറാണ് കുഞ്ഞുമോൻ. തപസ്യ കുഞ്ഞുമോൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗാനമേള ട്രൂപ്പുകളിൽ കീബോർഡിസ്റ്റും ചുവരെഴുത്ത്കാരനായിരുന്നു. മരിച്ച ജലജ അധ്യാപികയായിരുന്നു. അമിത് തെങ്ങണ ഗുഡ്ഷെപ്പേർഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി. അമിത് ജീവിതത്തിലേക്ക് തിരികെ എത്തുമെന്നാണ് ഉറ്റവരും ഉടയവരും പ്രതീക്ഷിച്ചത്. എന്നാൽ വിധി മറിച്ചാണ് സംഭവിച്ചത്. അപകടത്തിലുണ്ടായ പരിക്കുകൾ ഗുരുതരമായത് അവന്റെ കുഞ്ഞുശരീരത്തിനെ അതിജീവിക്കുന്നതിലും വലുതായിരുന്നു.
അപകടത്തിൽ മരിച്ച ബന്ധുവായ ജിൻസ് അപകടത്തിൽപ്പെട്ട വാഹനം വാങ്ങിച്ചിട്ട് രണ്ടാഴ്ച്ച പിന്നിട്ടതെയുള്ളൂ. കാറിൽ യാത്ര ചെയ്യണമെന്ന മോഹത്തിലാണ് അമിതും അമ്മയും സഹോദരിയുടെ പുത്രനും പാമ്പാടിയിൽ നിന്നും പത്തനംതിട്ടയ്ക്ക് യാത്രതിരിച്ചത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി പിതാവ് കുഞ്ഞുമോൻ അമിതിന്
ലാപ്ടോപ്പ് വാങ്ങിക്കൊടുത്തിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. പിതാവിനെപോലെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യണം എന്ന ആഗ്രഹം ആ പത്ത് വയസ്സുകാരനും ഉണ്ടായിരുന്നു. തബല വായിക്കുന്നതിനോടായിരുന്നു അമിതിന് പ്രിയം. ഇതിനായി പഠിപ്പിക്കാൻ വിടുന്നതിനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. വൈകി വിവാഹതിനായ കുഞ്ഞുമോനും ജലജയ്ക്കും ഉണ്ടായ അമിതിനെ വളരെ ലാളിച്ചാണ് വളർത്തിയത്. ബന്ധുക്കളുടെയും അയൽക്കാരുടെയും പ്രിയങ്കരനായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.