Saturday
16 Feb 2019

മാരായമുട്ടം അപകടം: പാറമടയുടമ പിടിയിൽ

By: Web Desk | Monday 27 November 2017 10:22 AM IST

തിരുവനന്തപുരം: പാറശാല അപകടമുണ്ടായ പാറമടയുടെ ഉടമ അലോഷ്യസ് പിടിയിൽ. നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അലോഷ്യസിനെ കസ്റ്റഡിയിൽ എടുത്തത്‌. അനുമതി ഇല്ലാതെയാണ് പാറമട പ്രവര്‍ത്തിച്ചിരുന്നത്. പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ രണ്ട് തൊഴിലാളികളാണ് മരിച്ചത്.

രണ്ടു പേരുടെ മരണത്തിനിടയാക്കിയ ക്വാറി അപകടത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കും. അനധികൃത ക്വാറികള്‍ക്കെതിരായ നടപടികള്‍ ചർച്ച ചെയ്യാനായി കളക്ടർ വിളിച്ചയോഗം ഇന്ന് ചേരും. ജില്ലാ ഭരണകൂടത്തിന്‍റെയും പഞ്ചായത്തിന്‍റെ ഉള്‍പ്പടെ അനുമതി നൽകേണ്ട ഒരു ഏജൻസികളുടെയും അനുമവാദമില്ലാതെയാണ് മാരായമുട്ടത്ത് ക്വാറി പ്രവർത്തിച്ചിരുന്നത്.

അനധികൃത ക്വാറിക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ക്വാറി ഉടമക്ക് കൂട്ടു നില്‍ക്കുന്നുവെന്നും, പാറപൊട്ടിക്കുമ്പോള്‍ ഉടമ സർക്കാരിന് നൽകേണ്ട തുക നൽകാത്തിനാൽ സർക്കാരിന് നഷ്ടമുണ്ടാവുകയും ചെയ്തു എന്നീ സഹാചര്യത്തിലാണ് വീഴ്ചകള്‍ വിജിലൻസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ക്വാറികളിൽ പരിശോധന നടത്തുമെന്ന് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറ‍ഞ്ഞു.

അനധികൃതക്വാറികളില്‍ അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കളു് ശേഖരിച്ചിരുന്നു. ഇതു പരിശോധിക്കേണ്ട പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. അതേ സമയം ക്വാറികളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്താനും അനധികൃത ക്വാറികള്‍ക്കെതിരായ നടപടികള്‍ ചർച്ച ചെയ്യാനും കളക്ടർ വാസുകി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് മൂന്നു മണിക്ക് ചേരും.