ജലജാപ്രസാദ്

December 13, 2020, 4:34 pm

കുറുങ്കവിതകൾ

Janayugom Online

സൂചി
*****
ചിലരങ്ങനെയാണ്.
ചേർത്തു നിർത്തണമെങ്കിൽ
കുത്തിനോവിക്കണം

മാസ്ക്ക്
****
വല്ലാതെ
തിളച്ചു വേവുന്ന
ചില നോവുകൾക്കു മുകളിലാണ്
പതയുന്ന ചിരി
നിറഞ്ഞു കാണുക

ചൂണ്ട
*****
ഒരാൺ ചൂണ്ട
കൊളുത്തി വലിക്കുമ്പോഴാണ്
ഒരു പെണ്ണിര
ജനിക്കുന്നത് !

കാത്തിരിപ്പ്
****
പുരയിടത്തിൽ വീഴുന്നതിനെ
പുഴയിലൊഴുക്കിയിട്ട്
പുഴയെ,
നാം ലോറിയിൽ
കാത്തിരിക്കുന്നു.

ചില്ല്
***
അവനിലും അവളിലും
ചില്ലുണ്ടെന്നിരിക്കെ
അവൾ മാത്രം
മുറിവേൽപ്പിക്കപ്പെടുന്നു.

സ്വരചിഹ്നങ്ങൾ
****
വള്ളിയിലൊരു കൊടുവായ്ത്തല
പുള്ളിയിലൊരു തൂക്കുകയർ
ചുറ്റുവള്ളിയിലൊരു
ചൂണ്ടക്കുരുക്ക്
തൂങ്ങിയാടുന്ന
കെട്ടുപുള്ളി
ദീർഘമായതൊരു
തുറന്ന നിലവിളി!

പിറവി
*****
ഒരൊറ്റയാളുടെ
ആഘോഷിക്കുന്ന
വേദനയിലാണ്
കരഞ്ഞ്
ഒരു ചിരിയുതിരുന്നത്.

പുറകിലേക്ക്
നീയെത്രധന്യ
മുൻപിലേക്ക്
ഹൈക്കു കവിതകൾ
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ