ആലിയ ഫാത്തിമ എന്‍

September 26, 2021, 3:53 pm

കുരുതിയുടെ രാഷ്ട്രീയം

Janayugom Online

‘കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ…’ സമകാലിക ഇന്ത്യൻ സമൂഹത്തിൽ മുസ്ലിം സമുദായത്തോടുള്ള വെറുപ്പിന്റെയും അക്രമത്തിന്റയും അപകടങ്ങളെകുറിച്ച് സംസാരിക്കുകയാണ് അനീഷ് പള്ളിയാൽ തിരക്കഥയെഴുതി മനു വാര്യർ സംവിധാനം ചെയ്ത ‘കുരുതി.’
മലപ്പുറം ജില്ലയിലെ മലയോരപ്രദേശത്ത് ജീവിക്കുന്ന വ്യത്യസ്ത മതസ്ഥരായ കുറച്ചുപേരുടെ ജീവിതമാണ് ‘കുരുതി.’ ജീവിതത്തിൽ വലിയ സ്വപ്നങ്ങളില്ലാത്ത, മതത്തിനനുസരിച്ച് മാത്രം ജീവിക്കുന്ന റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഇബ്രാഹിമിലൂടെയാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും.
ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട ഭാര്യയെയും മകളെയും ഒരിക്കൽക്കൂടി ചേർത്തുവെക്കാൻ കഴിയുന്നത് തന്റെ മരണത്തിലൂടെയാണെന്ന് അയാൾ വിശ്വസിക്കുന്നു. പുരോഹിതനോട് സ്വർഗത്തിലെത്താനുള്ള വഴികൾ ചോദിക്കുന്നു, സങ്കടങ്ങൾ അദ്ദേഹത്തോട് മാത്രം തുറന്ന് പറയുന്നു. തീർത്തും യാന്ത്രികമായ ജീവിതത്തിൽ അന്യമതസ്ഥയായ സുനിതയുടെ പ്രണയം നിഷേധിക്കുന്നതും തന്റെ മതവിശ്വാസത്തിനെതിരാണ് എന്ന തോന്നൽ കാരണമാണ്. ഒരു രാത്രി മതഭ്രാന്ത് മൂത്ത് ഒരു വൃദ്ധനെ കുത്തിക്കൊലപ്പെടുത്തിയവനുമായി പൊലീസ് ഓഫീസർ ഒളിത്താവളം തേടി രാത്രിയിൽ ഇബ്രാഹിമിന്റെ വീട്ടിലേക്കെത്തുന്നു. തുടർന്ന് ശരിയ്ക്കും തെറ്റിനുമിടയിലെ ഇബ്രാഹിമിന്റെ നന്മയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

 


കുരുതി എന്ന ചിത്രം സമകാലിക ഇന്ത്യൻ സമൂഹത്തിലെ മത‑രാഷ്ട്രീയ സാഹചര്യങ്ങൾ ആവിഷ്കരിക്കാനും വിലയിരുത്താനും ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ കാലങ്ങളായി തുടർന്നുപോരുന്ന സ്ഥിരസങ്കല്പങ്ങളാണ് ഇസ്ലാം സമുദായത്തെ ആവിഷ്കരിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്ത് മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾ പറയാൻ ശ്രമിച്ച സിനിമ, മുസ്ലിം സമുദായത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രശ്നകരമായ തരത്തിലാണ്.
ഇസ്ലാം തീവ്രവാദത്തെ ഭീകരമായും ഹിന്ദു തീവ്രവാദത്തെ മൃദുവായും അവതരിപ്പിക്കുന്ന സ്ഥിരം ശൈലിതന്നെയാണ് കുരുതിയിവും അവലംബിച്ചിട്ടുള്ളത്. തീവ്രവാദിയായ കൊലപാതകിയെ സഹജീവികളോട് സ്നേഹവും ദയയുമുള്ള ഒരുവനായും മുസ് ലിമായ ലായിഖിനെ അതിഭീകരനായ തീവ്രവാദിയായും അവതരിപ്പിച്ചിരിക്കുന്നു. പൊള്ളിയാലും ചോര വാർന്നൊഴുകിയാലും ശത്രുവിനോടുള്ള പകയും വെറുപ്പുമായി അയാള്‍ പിന്നെയും ഉയിർത്തെഴുന്നേൽക്കുന്നു. ഹിന്ദു തീവ്രവാദത്തിനും മുസ്ലിം തീവ്രവാദത്തിനും സിനിമ നൽകുന്ന സ്ഥാനം രണ്ടാണ്.
സുമയുടെ പ്രണയം നിരാകരിച്ചത്ര ആയാസത്തോടെ ഇബ്രുവിന് അവളുടെ മനസിലെ വർഗീയത കണ്ടില്ലെന്ന് നടിക്കാനായി. സ്വന്തം നിലനിൽപും മതഗ്രന്ഥം തൊട്ട് സത്യം ചെയ്തതും അവഗണിച്ചുകൊണ്ട് ഒരാളെ കൊന്നവനെ സംരക്ഷിക്കാൻ നിർബന്ധിതനായി.

ഏറ്റവും കാരുണ്യവാനായവൻ മാത്രമാണ് “യഥാർത്ഥ മുസ്ലിം” എന്നും അവന് മാത്രമേ ജന്മനാട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയുകയുള്ളു എന്നും പറഞ്ഞുവെക്കുകയാണ് ‘കുരുതി.’ സ്വന്തം നിലനില്പിനായി പ്രവർത്തിക്കാനുള്ള അവകാശം പോലും അവിടെ ഇല്ലാതാകുന്നു. തീവ്രവാദികളെന്ന് മുദ്രകുത്തപ്പെടാതിരിക്കാൻ ഇരകളായി തന്നെ തുടരേണ്ടി വരുന്നു.
എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. വർഷങ്ങൾക്ക് ശേഷം ലഭിച്ച ഒരു മുഴുനീള കഥാപാത്രം അതിഗംഭീരയായാണ് മാമുക്കോയ അവതരിപ്പിച്ചിരിക്കുന്നത്. അവതരണ രീതികൊണ്ടും സംഭാഷണം കൊണ്ടും മൂസാക്ക വേറിട്ടു നിൽക്കുന്നു. റോഷന്റെയും ശ്രിന്ദയുടെയും അഭിനയം പ്രശംസനീയമാണ്. പൃഥ്വിരാജിന്റെ മുഖഭാവങ്ങൾ വിരസതയുളവാക്കുന്നു. ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. പ്രധാന സീനുകളെല്ലാം രാത്രിയിൽ ആയിരുന്നിട്ട് കൂടി ഗംഭീരമായാണ് ഛായാഗ്രാഹകനായ അഭിനന്ദൻ രാമനുജം ചിത്രീകരിച്ചിട്ടുള്ളത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ഇരകളാകുന്ന മനുഷ്യരുടെ നിലനിൽപ്പിന്റെ രാഷ്ട്രീയം പറയാതെ എല്ലാം വെറുപ്പ് എന്ന മനുഷ്യവികാരത്തിലേക്ക് ചുരുക്കിയ രീതി തെറ്റാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കുരുതി പല ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി ഒരുക്കും എന്നതിൽ സംശയമില്ല