ഇനിയും മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് നല്‍കില്ലെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്

Web Desk
Posted on April 12, 2018, 11:49 am

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ജസ്റ്റീസ് കുര്യന്‍ ജോസഫ്. ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്ര സർക്കാർ നടപടി വൈകുന്നതിനെതിരെയാണ്  കുര്യൻ ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും ഈ നില തുടര്‍ന്നാല്‍ ചരിത്രം നമുക്ക് മാപ്പ് നല്‍കില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും അദ്ദേഹം നല്‍കി. കൊളീജിയം നല്‍കിയ ശുപാര്‍ശയ്ക്ക് മൂന്നു മാസം കഴിഞ്ഞിട്ടും എന്തു സംഭവിച്ചു എന്നു പോലും വ്യക്തമല്ല. ഇതേകുറിച്ച്‌ പ്രതികരിക്കാനോ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനോ പോലും സുപ്രീം കോടതി തയ്യാറാകുന്നില്ല. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് കത്തില്‍ പറയുന്നു. കടുത്ത വാക്കുകളിലാണ് കുര്യന്‍ ജോസഫ് പ്രതികരിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ഫെബ്രുവരിയില്‍ നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച്‌ ജസ്റ്റീസ് ജെ.ചെലമേശ്വരും നേരത്തെ രംഗത്തെത്തിയിരുന്നു.