Web Desk

കളമശ്ശേരി

November 01, 2020, 10:07 pm

കമ്പ്യൂട്ടർ സയൻസ്; ലോക റാങ്കിംഗിൽ കുസാറ്റിന് മികച്ച നേട്ടം

Janayugom Online

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കമ്പ്യൂട്ടർ സയൻസ് മേഖലയിൽ ലോകത്തിലെ മികച്ച സർവ്വകലാശാല കളിലൊന്നായി 2021 ലെ ടൈംസ് ഹയർ എഡ്യുക്കേഷൻ ആഗോള റാങ്കിംഗിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന് റാങ്ക് ചെയ്യപ്പെട്ട 28 സർവ്വകലശാലകളിൽ ഒന്നായ കുസാറ്റ് കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഏക സർവ്വകലാശാലയാണ്. മികച്ച ഗവേഷണ പ്രവർത്തനങ്ങളും ലോകോത്തര സർവ്വകലാശാലകളുമായുള്ള സഹകരണവുമാണ് അഭിമാനാർഹമായ നേട്ടം കൈവരിക്കുവാൻ സഹായകമായത്. മുൻനിര അന്താരാഷ്ട്ര കമ്പ്യൂട്ടർ സയൻസ് ജേർണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പും വിദേശ സർവ്വകലാശാലകളായ നോർവ്വീജിയൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, യുകെയിലെ ക്യൂൻസ് സർവ്വകലാശാല എന്നിവയും ചേർന്നുള്ള ഗവേഷണ പ്രോജക്ടുകൾ പുരോഗമിക്കുന്നു. യുഎസ്എയിലെ റോചെസ്റ്റർ, പർഡ്യൂ, ഇന്ത്യാന പൊലീസ് സർവ്വകലാശാലകളുമായി ചേർന്ന് നടത്തിയ അക്കാദമിക പ്രവർത്തനങ്ങളും കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിന് ലോകോത്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂടെ ഇടംനേടിക്കൊടുത്തു.

കൊച്ചി സർവ്വകലാശാലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, സൈബർ ഫിസിക്കൽ സിസ്റ്റംസ്, സൈബർ ഇന്റലിജൻസ്, ഡേറ്റ അനലിറ്റിക്സ്, നാച്വറൽ ലാംഗ്വേജ് പ്രോസ്സസിംഗ്, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നതിനുള്ള മികച്ച ലാബുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഇവിടത്തെ ബിടെക്, എംടെക്, എംഎസ്‌സി, എംസിഎ വിദ്യാർത്ഥികൾക്ക് മികച്ച ഐടി കമ്പനികളിൽനിന്ന് ലഭിക്കുന്ന ഉയർന്ന നിയമനം തുടങ്ങിയവ കുസാറ്റിന്റെ നേട്ടത്തിന് സഹായിച്ച സുപ്രധാന ഘടകങ്ങളാണ്.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് അംഗീകാരമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ എൻ മധുസൂദനൻ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എംഎസ്‌സി ഡേറ്റ സയൻസ്, എംടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ കുസാറ്റിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ് കോഴ്സിന് സർക്കാരിന്റെ അംഗീകാരം കാത്തിരിക്കുകയുമാണ് കുസാറ്റ്.

Eng­lish sum­ma­ry;   kusat com­put­er science

You may also like this video;