കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശേരി ചുരം. ‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ ജനപ്രിയ ഹാസ്യനടൻ കുതിര വട്ടം പപ്പുവിന്റെ ‘ങ്ങളറിയില്ലേ, മ്മടെ താമരശേരി ചൊര’മെന്ന മാസ് ഡയലോഗിലൂടെ മലയാളികൾക്ക് ചിരിയുടെ ചാകര സമ്മാനിച്ച അതേ താമരശേരി ചുരം. കോഴിക്കോട് അടിവാരത്ത് നിന്നുമാരംഭിച്ച് വയനാട് ലക്കിടിയിൽ സമാപിക്കുന്ന ഒമ്പത് ഹെയർ പിൻ വളവുകൾ ഉൾകൊള്ളുന്ന പ്രസ്തുത പാത ബ്രിട്ടീഷുകാർക്ക് കുതിര സവാരി നടത്തി വയനാട് എത്താൻ പാകത്തിൽ നിർമ്മിക്കുകയും പിൽകാലത്ത് വാഹന ഗതാഗതത്തിന് ഉപയോഗിക്കുകയുമായിരുന്നു.
ചരിത്രത്തിൽ വായിച്ചു മാത്രം കുതിര സവാരിയെ പരിചയമുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്ത ഒരു ചെറു ഗ്രാമ നിവാസികളെ ഇപ്പോൾ പുലർച്ചെ വിളിച്ചുണർത്തുന്നത് കുതിരക്കുളമ്പടി സ്വരമാണ്. നഗര വീഥികളും നാട്ടിടവഴികളും കീഴടക്കി ചീറിപ്പായുന്ന കുതിരക്ക് മുകളിലവൾ തീർക്കുന്ന സാഹസികതയുടെ ഇന്ദ്രജാലം
കാണികൾക്ക് മുന്നിൽ തുറന്നിടുന്നതാകട്ടെ മായാ കാഴ്ചകളുടെ അത്ഭുത ലോകവും!
അതെ, നാട്ടിൻ പുറങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന
കുതിര സവാരി ഏത് സാധാരണക്കാരനും പ്രാപ്യമാണെന്ന് നിസംശയം പ്രഖ്യാപിക്കുകയാണ് ബബിത അഗസ്റ്റിൻ. വയനാട് നൂൽപുഴ പഞ്ചായത്തിലെ കല്ലൂർ സ്വദേശിയായ ബബിത മൈസൂരിലെ ഫാമിൽ നിന്ന് കുതിര സവാരിയുടെ ബാല പാഠങ്ങൾ സ്വായത്തമാക്കിയ ശേഷം മികച്ച റൈഡർമാർക്ക് കീഴിൽ വർഷങ്ങൾ നീണ്ട കഠിന പരിശീലനം നടത്തിയാണ് ജില്ലയിലാകമാനം ഇന്ന് ആബാലവൃദ്ധം ജനങ്ങൾക്ക് പരിശീലനം നൽകിക്കൊണ്ടിരിക്കുന്നത്.
പഠന കാലത്ത് ഊട്ടിയിൽ പിതാവിനൊപ്പം കുതിരപ്പന്തയം കാണാൻ പോയപ്പോൾ മനസിലുദിച്ച കമ്പമാണ് കുതിരകളെ കൂടുതൽ അടുത്തറിയാൻ ബബിതയെ പ്രേരിപ്പിക്കുന്നത്.
അതിന് ശേഷം എവിടെ കുതിരയെ കണ്ടാലും അതിന്റെ പുറത്തു കയറി യാത്ര ചെയ്യണമെന്നത് വലിയ മോഹമായിരുന്നു. അതിനായി എന്ത് ത്യാഗം സഹിക്കാനും എത്ര സമയം ചെലവഴിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല. ഇന്ന് വയനാട്ടിലെ അറിയപ്പെടുന്ന കുതിര സവാരിക്കാരിയും പരിശീലകയുമായതിന് പിന്നിൽ അവരുടെ കഠിനാധ്വാനവും സമർപ്പണ മനോഭാവവും തന്നെയായിരുന്നു. നിലവിൽ റൂബി, റാണി, അർജുൻ എന്ന് പേരുള്ള മൂന്ന് കുതിരകൾ സ്വന്തമായുള്ള ബബിത വീട്ടു വളപ്പിൽ തന്നെയാണ് അവയെ സംരക്ഷിക്കുന്നത്.
ഒരു മാസം നാല്പതിനായിരത്തിൽ പരം തുക ഇവയുടെ ചെലവിനത്തിൽ വരുന്നുണ്ടെന്ന് അവർ പറയുന്നു. ദിനം തോറും കുതിരയെ കാണാൻ നിരവധി പേരാണ് അയൽ ദേശങ്ങളിൽ നിന്നടക്കം ബബിതയുടെ വീട്ടിലെത്തുന്നത്. വീട്ടു മുറ്റത്ത് മേഞ്ഞു നടക്കുന്ന സുന്ദരനും സുന്ദരികളുമായ കുതിരകൾ ആരിലും മനം നിറയ്ക്കുന്ന കൗതുകക്കാഴ്ചയാണ്. കുതിര സവാരിയെപ്പറ്റി കേട്ടറിഞ്ഞ നിരവധി പേർ ഫോട്ടോഷൂട്ടിനും അഭിമുഖങ്ങൾക്കുമായി എത്തുന്നുണ്ട്. കായിക ഇനമെന്ന നിലയിൽ ആത്മവിശ്വാസവും മനോധൈര്യവുമുള്ള ഏവർക്കും ആർജിക്കാവുന്ന ഒന്നാണ് കുതിര സവാരി എന്നാണ് ബബിത പറയുന്നത്.
മെയ് വഴക്കം, വേഗത, നിയന്ത്രിച്ചു നിർത്താനുള്ള കഴിവ് തുടങ്ങി സവാരിക്കാരന്റെ കഴിവും പ്രാപ്തിയും പ്രധാനമാണത്രേ.
മനുഷ്യനുമായി വളരെ പെട്ടെന്ന് ഇണങ്ങുന്ന ജീവിയാണ് കുതിരയെന്നും കേവല വിനോദം എന്നതിലുപരി മനുഷ്യന്റെ ദൈനംദിനാവശ്യങ്ങൾക്കായും അവയെ ഉപയോഗിക്കാമെന്നും ബബിത പറയുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം സംഘടിപ്പിച്ച ഹോഴ്സ് റൈഡിങ് ക്യാമ്പുകളിലൂടെ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേർക്ക് കുതിര സവാരിയിൽ ഇവർ പരിശീലനം നൽകിക്കഴിഞ്ഞു. വിവിധ സ്കൂൾ മാനേജ്‌മെന്റുകളും വിദ്യാർത്ഥികൾക്ക് കുതിര സവാരി പരിശീലനം ആവശ്യപ്പെട്ട് ബബിതയെ സമീപിക്കാറുണ്ട്. വയനാട്ടിൽ കുതിര സവാരി സാർവത്രികമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ബബിത പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.