Web Desk

തൃശൂര്‍

February 10, 2020, 9:53 pm

കുതിരാന്‍ തുരങ്കം തുറക്കാനൊരുങ്ങുന്നു; ലക്ഷ്യം ടോള്‍

Janayugom Online

തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ 2014 ല്‍ നിര്‍മാണമാരംഭിച്ച കുതിരാന്‍ തുരങ്കം മാര്‍ച്ചില്‍ തുറന്നേക്കും. ആറ് വര്‍ഷമായിട്ടും പലകാരണങ്ങളാല്‍ പൂര്‍ത്തിയാകാത്ത കേരളത്തിലെ ആദ്യത്തെ ഇരട്ടത്തുരങ്കമാണ് വൈകാതെ തുറക്കുന്നത്. പൂര്‍ത്തീകരണകാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്തതിനാല്‍ ടോള്‍ പിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിര്‍മ്മാണ കമ്പനി. തുരങ്കം ഭാഗികമായെങ്കിലും പൂര്‍ത്തിയാക്കി ടോള്‍ പിരിവ് തുടങ്ങാനുള്ള ദേശീയപാതാ അതോറിറ്റിയുമായുള്ള ധാരണയാണ് ഇപ്പോള്‍ ധൃതിയിൽ പണി പുനരാരംഭിക്കുന്നതിന് പിന്നില്‍. പണി നിലച്ച ആറുവരിദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിയ തോതില്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തിനകം ഒന്നാം തുരങ്കവും ആറു മാസത്തിനകം ആറുവരിപ്പാതയും സഞ്ചാരയോഗ്യമാക്കുമെന്നുമാണ് ദേശീയപാതാ അധികൃതര്‍ പറയുന്നത്.

കുതിരാനില്‍ 10 മീറ്റര്‍ ഉയരവും 14 മീറ്റര്‍ വീതിയുമുള്ള മൂന്ന് വരി വീതമുള്ള രണ്ട് തുരങ്കപാതകളാണു നിര്‍മിക്കുന്നത്. ഒരു കിലോമീറ്ററോളമാണ് തുരങ്കങ്ങളുടെ നീളം. തുരങ്കനിര്‍മാണത്തിന്റെ കരാര്‍ കമ്പനിയായ ബംഗളൂരുവിലെ പ്രഗതിയെ ഒഴിവാക്കി ഹൈദരാബാദ് ആസ്ഥാനമായ വൈഷ്ണവ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ദേശീയപാത നിര്‍മാണ കരാര്‍കമ്പനിയായ കെഎംസിയിയുമായി കരാറില്‍ ഒപ്പിട്ട വൈഷ്ണവ് കമ്പനി നിര്‍മ്മാണം ഏറ്റെടുത്തിട്ടുണ്ട്. പ്രഗതി കമ്പനി, നിര്‍മ്മാണത്തലേര്‍പ്പെട്ട വാഹന ഉടമകള്‍, തൊഴിലാളികള്‍, മറ്റ് ഉപകരാറുകാര്‍ എന്നിവര്‍ക്ക് കുടിശ്ശികയുള്ളതുകൊണ്ടാണ് പണി മാസങ്ങളായി മുടങ്ങിക്കിടന്നത്. ഇത് ഉടന്‍ കൊടുത്തു തീര്‍ക്കുന്നതോടെ ഒന്നാം തുരങ്കത്തിന്റെ പണി ആരംഭിക്കാനാകുമെന്ന് വൈഷ്ണവ് കമ്പനി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയതിനാല്‍ 14 മാസമായി ജോലി നിര്‍ത്തിവച്ചിരിക്കയാണ്. മാര്‍ച്ച് 15 നകം ഒന്നാം തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഒന്നാം തുരങ്കത്തില്‍ ഡ്രെയിനേജ്, കൈവരി സ്ഥാപിക്കല്‍ എന്നീ ജോലികള്‍ ബാക്കിയുണ്ട്.

രണ്ടാം തുരങ്കത്തിലാണ് കൂടുതല്‍ ജോലി ബാക്കിയുള്ളത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. പൊടിശല്യം കുറയ്ക്കാനുള്ള ജോലികളും അഗ്‌നിസുരക്ഷ ഉറപ്പാക്കലും കണ്‍ട്രോള്‍ സ്റ്റേഷന്‍ നിര്‍മാണവും പൂര്‍ത്തിയാക്കാനുണ്ട്. പടിഞ്ഞാറെ തുരങ്കമുഖത്തു നിന്നു ദേശീയപാതയിലേക്കു കടന്നുപോകുന്ന റോഡിന്റെ വശത്തെ പാറക്കെട്ടുകള്‍ പൊളിച്ചു നീക്കേണ്ടതുണ്ട്. എല്ലാ ജോലികള്‍ക്കുമായി ഒരു മാസത്തെ സമയം മതിയാവുമെന്നാണ് കണക്കുകൂട്ടല്‍. പവര്‍ഗ്രിഡ് ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്ണിന്റെ ഭാഗമായി കഴിഞ്ഞദിവസം ഒന്നാം തുരങ്കം താല്‍ക്കാലികമായി തുറന്ന് വാഹനങ്ങള്‍ വിട്ടിരുന്നു. തുടര്‍ന്നാണ് എൻഎച്ച്ഐ അധികാരികളും കരാര്‍ കമ്പനിക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി തുടങ്ങിയത്. മണ്ണുത്തി മുതല്‍ വടക്കഞ്ചേരിവരെയുള്ള 28.6 കിലോമീറ്റര്‍ പാത ഭാഗികമായി പൂര്‍ത്തീകരിച്ച് ഏപ്രില്‍ ആദ്യവാരം ടോള്‍ പിരിവ് നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 13 മീറ്റര്‍ വീതിയുള്ള ഒന്നാം തുരങ്കത്തിലൂടെ തന്നെ, രണ്ടുവരിയായി വാഹനങ്ങള്‍ കടത്തിവിട്ടാണ് ടോള്‍പിരിവ് നടപ്പാക്കാന്‍ കമ്പനി ശ്രമിക്കുന്നത്.

ENGLISH SUMMARY: Kuthi­ran tun­nel is going to open

YOU MAY ALSO LIKE THIS VIDEO