Janayugom Online
ശാന്തന്‍പാറയില്‍ കണ്ടെത്തിയ കുത്തുകല്ലിന് മുമ്പില്‍ ഗവേഷകര്‍

ശിലായുഗ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന കുത്തുകല്ലുകള്‍ ശാന്തന്‍പാറയില്‍ കണ്ടെത്തി

Web Desk
Posted on July 27, 2019, 5:47 pm

നെടുങ്കണ്ടം: വിദേശരാജ്യങ്ങളിലെ ശിലായുഗ മനുഷ്യര്‍ ഗവേഷണത്തിനായി ഉപയോഗിച്ച് വന്നിരുന്ന കുത്തുകല്ലുകള്‍ ശാന്തന്‍പാറയില്‍ കണ്ടെത്തി. ഗവേഷകനും നെടുങ്കണ്ടം ബിഎഡ് കോളജ് അസി. പ്രൊഫസറുമായ രാജീവ് പുലിയൂരിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ശാന്തന്‍പാറ പോതമേട്ടില്‍ ശിലായുഗ മനുഷ്യര്‍ വാന നിരീക്ഷണത്തിനും ജ്യോതിശാസ്ത്ര പഠനത്തിനും ഉപയോഗിച്ചു എന്ന് കരുതുന്ന കുത്തുകല്ലുകള്‍ കണ്ടെത്തിയത്. പോതമേട്ടില്‍ വലിയ മലയുടെ മുകളില്‍ 20 അടി ഉയരവും ഏഴടി വീതിയും അഞ്ചടി ഘനവുമുള്ള കുത്തുകല്ലും ഇതിന് സമീപമായി ചെറുതും വലുതുമായ മറ്റ് നിരവധി കല്ലുകളുമാണ് കണ്ടെത്തിയത്. കേരളാ തമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ വലിയ കുന്നിന്‍മുകളില്‍ ഇത്തരത്തിലുള്ള വലിയ കുത്തുകല്ലും ചില അകലങ്ങളില്‍ മറ്റ് കല്ലുകളും പാകിയതിന് പിന്നില്‍ ആദിമ മനുഷ്യന്റെ ശാസ്ത്ര ഗവേഷണ കൗതുകം വെളിവാക്കുന്നതാണെന്ന് രാജീവ് പുലിയൂര്‍ പറഞ്ഞു. ഇത്തരം കല്ലുകള്‍ എങ്ങനെ എത്തിച്ചു എന്നതും അത്ഭുതം ജനിപ്പിക്കുന്നു.

നിരനിരയായി നിശ്ചിത അകലങ്ങളില്‍ പാകിയിരിക്കുന്നത് വാനനിരീക്ഷണത്തെയും ജ്യോതിശാസ്ത്ര പഠനത്തെയും സൂചിപ്പിക്കുന്നു. മലകളിലെ മഹാശിലാസ്മാരകങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിച്ചാല്‍ ശിലായുഗ മനുഷ്യരുടെ സംസ്‌കാരം, ജീവിത പശ്ചാത്തലം, ഇവരുടെ ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കും. മഹാശിലാ സ്മാരകങ്ങള്‍ എന്നും ശവസ്മാരകങ്ങള്‍ എന്നും അറിയപ്പെടുന്ന ഇത്തരം കുത്തുകല്ലുകള്‍ ഉത്തര കേരളത്തില്‍ കൂടുതലായി ഉണ്ടെങ്കിലും മദ്ധ്യ കേരളത്തില്‍ ആദ്യമായാണ് വ്യാപകമായ രീതിയില്‍ ഇവ കണ്ടെത്തുന്നത്. ഇടുക്കിയില്‍ മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ മേഖലകളിലെ സംസ്‌കൃതിയുടെ തുടര്‍ച്ചയാകാം ഇത്. ഉടുമ്പന്‍ചോല താലൂക്കില്‍ ഇത്തരം കുത്തുകല്ലുകളുടെ സാന്നിധ്യം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ പ്രദേശത്തിന്റെ പൗരാണിക പ്രാധാന്യം മനസിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.