കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ അനിശ്ചിതത്വത്തിൽ

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 9:38 pm

കോവിഡ് വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ അനിശ്ചിതത്വത്തിൽ. നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും നിർബന്ധമെങ്കിൽ ഓഗസ്റ്റിന് ശേഷം നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ജൂലൈ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ഉപതെരഞ്ഞെടുപ്പുകൾ നടത്തണമെന്നായിരുന്നു മുൻ തീരുമാനം. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. അതോടൊപ്പം മുൻ വർഷങ്ങളിലേതുപോലെ സംസ്ഥാനത്ത് കാലവർഷം തീവ്രമാകുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.

തെരഞ്ഞെടുപ്പ് ബൂത്തുകളാകുന്ന സ്കൂളുകളും മറ്റും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റേണ്ട മുന്നൊരുക്കവും നടത്തണം. ഇതിനിടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് വെല്ലുവിളിയാണ്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം. നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് കോടികളുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനയച്ച കത്തിൽ വ്യക്തമാക്കുന്നു.

തോമസ് ചാണ്ടി, എൻ വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ട സാഹചര്യമുണ്ടായത്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവ് വന്നാൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടം.

ENGLISH SUMMARY: KUTTANAD, CHAVARA BI- ELECTIONS ARE IN UN CERTANITY

YOU MAY ALSO LIKE THIS VIDEO