കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

Web Desk
Posted on June 18, 2018, 10:09 pm

ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന് നേരിയ ശമനം. താലൂക്കിലെ കൈനകരി, മുട്ടാര്‍, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടില്‍ നിന്ന് ഇപ്പോഴും മോചനം ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കകെടുതി രൂക്ഷമായ താലൂക്കില്‍ 158 കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളാണ് തുറന്നത്. കൂടാതെ സൗജന്യ റേഷന്‍ വിതരണവും ആരംഭിച്ചിട്ടുണ്ട്. എടത്വ, മാമ്പുഴക്കരി റോഡില്‍ വിവിധ ഭാഗങ്ങളിലായി വെള്ളക്കെട്ട് രൂക്ഷമാണ്. മുട്ടാര്‍, കിടങ്ങറ റോഡിലും വേഴപ്ര- എടത്വ റോഡിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും വാഹന ഗതാഗതം സുഗമമായിട്ടില്ല. പള്ളിക്കൂട്ടുമ്മ, പുളിങ്കുന്ന്, മങ്കൊമ്പ് ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും വെള്ളമുണ്ട്. കൈനകരിയിലെ വിവിധ തുരുത്തുകളിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. പകല്‍ സമയത്ത് ജലനിരപ്പ് കുറവാണെങ്കിലും രാത്രിയാകുന്നതോടെ വേലിയേറ്റത്തില്‍ ജലനിരപ്പ് ഉയരുന്നത് ആളുകളെ ദുരിതത്തിലാക്കുന്നുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് നിലച്ചതോടെ വീടുകളില്‍ കെട്ടിക്കിടന്ന വെള്ളവും താഴ്ന്നു തുടങ്ങി. രണ്ടടിയോളം വെള്ള താഴ്ന്നിട്ടുണ്ട്. വെള്ളം കെട്ടിക്കിടന്നത് മൂലം കരകൃഷികളും നശിച്ചിരുന്നു. നേന്ത്രവാഴകള്‍, മരിച്ചീനി, ചേമ്പ്, ചേന എന്നിവ കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞു. ഓണം ലക്ഷ്യമാക്കി കൃഷി ചെയ്ത ഏത്തവാഴ കൃഷിക്കാര്‍ക്ക് നികത്തനാവാത്ത നഷ്ടമാണ് ഉണ്ടായത്.
വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും കുട്ടനാട്ടില്‍ ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു. പലയിടങ്ങളിലും ടാപ്പുകള്‍ വെള്ളത്തിനടിയിലാണ്. പാടശേഖരങ്ങളില്‍ നിന്നും വൈക്കോല്‍ ചീഞ്ഞഴുകിയ വെള്ളം ഇടത്തോടുകളിലേയ്ക്ക് ഒഴുകി ഇറങ്ങുന്നതിനാല്‍ വെള്ളത്തിന് രൂക്ഷഗന്ധമാണ്. കുട്ടനാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഉള്ളത്. എടത്വ, തലവടി ഭാഗങ്ങളില്‍ പൊതുപൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് കാലം കുറേയായി. ഈ പ്രദേശത്തുള്ളവര്‍ക്ക് പ്രധാന ആശ്രയം കിണറുകളാണ്. എന്നാല്‍ കിഴക്കന്‍ വെള്ളത്തിന്റെ ശക്തിയില്‍ കിണറുകള്‍ക്ക് ചുറ്റും മലിനജലം ഉയര്‍ന്ന് പൊങ്ങിയതോടെ കിണറുകളിലും മലിനജലമാണ് കാണുവാന്‍ സാധിക്കുന്നത്. കിണറുകളുടെ ഉയരം കൂട്ടിയാലും മലിനജലം ഉറവയായി ഇറങ്ങുന്നതിനാല്‍ വെള്ളപ്പൊക്കത്തിന് ശേഷം കിണറുകളിലെ വെള്ളം ശുദ്ധീകരിച്ചാല്‍ മാത്രമേ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കൂ. ഇവിടെയുള്ളവര്‍ക്ക് വാഹനങ്ങളില്‍ കൊണ്ടുവരുന്ന ശുദ്ധജലമാണ് ഇപ്പോള്‍ ഏക ആശ്രയം.