Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
ഡാലിയ ജേക്കബ്

ആലപ്പുഴ

August 10, 2020, 10:09 pm

കോവിഡിനിടയിലും കുട്ടനാട്ടുകാർ അതിജീവനം തേടി പലായനത്തിൽ

Janayugom Online

കനത്തമഴയിൽ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നതോടെ കോവിഡ് ഭീതിക്കിടെ അതിജീവന തുരുത്ത് തേടി കുട്ടനാട്ടിലെ ആയിരങ്ങൾ പലായനം തുടങ്ങി. കുട്ടനാട്ടിൽ പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഞായറാഴ്ച മുതൽ ഉണ്ടാകുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ഇന്നലെ മുതൽ കുറഞ്ഞെങ്കിലും മടവീഴ്ചയെ തുടർന്നും കുട്ടനാട്ടിലെ ഭൂരിഭാഗം വീടുകളും ഇപ്പോഴും വെള്ളത്തിലാണ്.

വെള്ളപ്പൊക്കത്തിൽ സാധനങ്ങൾ ഒലിച്ച് പോകാതാരിക്കാനായി എല്ലാം കെട്ടിപ്പെറുക്കി ഒതുക്കുന്ന തിരക്കിലാണ് കുട്ടനാട്ടുകാർ. വീടുകളിലെ ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് മാറ്റാൻ പറ്റുന്നതൊക്കെ മാറ്റുന്നുമുണ്ട്. ബാക്കിയുള്ളവ ബന്ധുവീടുകളിലേയ്ക്കും മറ്റും വള്ളങ്ങളിൽ കൊണ്ടുപോകുന്ന കാഴ്ചയാണ് കുട്ടനാട്ടിലുള്ളത്. മഹാപ്രളത്തിൽ തകർന്ന പോയ വീടുകൾക്ക്പകരം പലരും വീടുകൾ പുനർനിർമ്മിച്ചത് തൂണുകൾക്ക് മുകളിലാണ്.

തൂണുകൾക്ക് മുകളിൽ ഉയർത്തിക്കെട്ടിയ സമീപവീടുകളിലേയ്ക്ക് കിടപ്പ് രോഗികളേയും കുട്ടികളേയും ഗർഭിണികളേയും മാറ്റുന്നവരുമുണ്ട്. നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന്, വെളിയനാട്, കാവാലം, കൈനകരി, രാമങ്കരി, കിടങ്ങറ, എടത്വ, തകഴി, എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നത്. ഞായറാഴ്ച പമ്പാ ഡാം തുറന്നതും കുട്ടനാടൻ അപ്പർ കുട്ടനാടൻ മേഖലയിൽ വൻതോതിൽ ജലനിരപ്പ് ഉയരാൻ കാരണമായി. മുൻകാലങ്ങളിൽ ഉണ്ടായ പ്രളയത്തിന്റെ അനുഭവ പശ്ചാത്തലത്തിൽ അത്യാവശ്യരേഖകളും വളർത്തുമൃഗങ്ങളുമായാണ് ഇത്തവണ കുട്ടനാട്ടുകാർ ബന്ധുവീടുകളിലും ക്യാമ്പുകളിലുമായി എത്തുന്നത്. പലരേയും കൊണ്ടുപോകുവാൻ സ്വകാര്യ ബോട്ടുകളിലും വാഹനങ്ങളിലും ബന്ധുക്കൾഉൾപ്പടെയുള്ളവർ എത്തുന്നുണ്ട്. 2018 ലെ പ്രളയത്തിൽ മുങ്ങി തകർന്ന വീടുകളിൽ പലതും കാലവർഷം ആരംഭിക്കുന്നതിന് മുൻപാണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചത്.

you may also like this video