കോട്ടയം: കേരളകോൺഗ്രസിലെ തമ്മിൽതല്ല് പാലായും കടന്ന് കുട്ടനാട്ടിലേക്ക് നീളുന്നു. കുട്ടനാട് സീറ്റിനായി കേരള കോൺഗ്രസിലെ പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ പിടി മുറുക്കിയതോടെ യുഡിഎഫും പ്രതിസന്ധിയിലേക്ക്. കോട്ടയത്തു ജോസ് കെ മാണിയും കൊച്ചിയിൽ പി ജെ ജോസഫും സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചു ചേർത്തതിന് പിന്നാലെ സീറ്റ് സംബന്ധിച്ച് വാക് പോരും മുറുകി. യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ജോസഫ് നടത്തുന്നതെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തിയപ്പോൾ ജോസ് കെ മാണിയുടെ വാദങ്ങൾ നിരർത്ഥകമാണെന്ന് ജോസഫും തിരിച്ചടിച്ചു.
കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് പി ജെ ജോസഫിന്റെ വാദം. കുട്ടനാട് കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നും ഇതിലൊരു തർക്കത്തിന്റെ ആവശ്യമില്ലെന്നും ജോസഫ് ഉറപ്പിച്ച് പറയുന്നു. കേരളകോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ തനിക്ക് ലഭിച്ചിരിക്കുന്ന മേൽക്കൈ കുട്ടനാട് സീറ്റിന്റെ കാര്യത്തിലും നേടിയെടുക്കാൻ തന്നെയാണ് ജോസഫിന്റെ നീക്കം. ഉമ്മൻചാണ്ടി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു. ഇതോടെ യുഡിഎഫിന്റെ പിന്തുണയും തനിക്ക് തന്നെയെന്ന് സ്ഥാപിക്കുകയാണ് ജോസഫ്. എന്നാൽ ഈ മാസം 15ന് ചേരുന്ന ചരൽക്കുന്ന് ക്യാമ്പിൽ വച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ മറുപടി.
പുനലൂർ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്ത് കേരള കോൺഗ്രസ് എം വാങ്ങിയ കുട്ടനാട് സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. യുഡിഎഫിനായി ജോസഫ് പക്ഷത്തുള്ള ജേക്കബ് എബ്രഹാമായിരുന്നു കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ചത്. ജേക്കബിനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇതിന് തടയിടാനാണ് സ്ഥാനാർത്ഥി ചർച്ചകളുമായി ജോസ് കെ മാണി പക്ഷം മുന്നോട്ട് പോകുന്നത്. ഇതോടെ കേരളകോൺഗ്രസ് തർക്കത്തിൽ വിയർക്കുകയാണ് യുഡിഎഫ് നേതൃത്വം. ഇനി ഇരുവിഭാഗങ്ങളിൽ യുഡിഎഫ് ആരെ തള്ളും ആരെ കൊള്ളും എന്നതാണ് കണ്ടറിയേണ്ടത്. പാലാ തെരഞ്ഞെടുപ്പിന്റെ സമയത്തും ആരെയും പിണക്കാതെ മുന്നോട്ട് പോവാനായിരുന്നു യുഡിഎഫ് നേതൃത്വം ശ്രമിച്ചത്. എന്നാൽ പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
You may also like this video
English summary: Kuttanad seat issue in congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.