September 28, 2022 Wednesday

മാസ്‌ക് ഇനി ചെവിക്ക് ഭാരമാകില്ല; മാസ്‌ക് ഹോള്‍ഡറുമായി കുറ്റിപ്പുറം എംഇഎസ് വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
മലപ്പുറം
April 29, 2020 9:01 pm

ദീര്‍ഘനേരം മാസ്‌ക് ധരിച്ച് ചെവി വേദനിച്ച് തുടങ്ങിയെങ്കില്‍ മാസ്‌ക് ഹോള്‍ഡറെന്ന ഈ കുഞ്ഞനെ പരിചയപ്പെടാം. മാസ്‌കിന്റെ, ചെവിയില്‍ കുരുക്കിയിടുന്ന ഭാഗം ഹോള്‍ഡറിലേക്ക് മാറ്റിയാല്‍ ദീര്‍ഘനേരം മാസ്‌ക്കിടുന്നതിലെ പ്രയാസം ഒഴിവാക്കാമെന്നാണ് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളേജിലെ ഈ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കോളേജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ പുതിയ ആശയം ജില്ലാ കലക്ടര്‍ ജാഫര്‍ മലികിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീനയ്ക്കും മുമ്പില്‍ അവതരിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗം തുടരേണ്ട സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്‍പ്പടെ ഏറെ നേരം ഉപയോഗിക്കുന്നതിന് മാസ്‌ക് ഹോള്‍ഡര്‍ സഹായകരമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അവസാന വര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹഫ്‌സല്‍, ഫഹീം എംസിപി, അബ്ദുല്ല ഫായിസ്, എം സഹീം എന്നിവര്‍ ചേര്‍ന്നാണ് കോളേജിലെ അത്യാധുനിക ഫാബ് ലാബില്‍ ലഭ്യമായ ത്രീഡി പ്രിന്റര്‍, ലേസര്‍ കട്ടര്‍ മെഷീനുകള്‍ എന്നിവ ഉപയോഗിച്ച് ഈ ഉപകരണം നിര്‍മിച്ചത്.

ഭാരക്കുറവും ഉപയോഗിക്കുന്നതിനുള്ള എളുപ്പവും മാസ്‌ക് ആവശ്യാനുസരണം അയവ് വരുത്താനും കുടുക്കിയിടാനും സാധിക്കുമെന്നതിനാലും ഏറെ നേരം മാസ്‌കുകള്‍ ധരിച്ച് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, പോലീസുകാര്‍ എന്നിവര്‍ക്ക് ഏറെ ഉപകാരമാകുന്നതുമാണിത്. പുനരുപയോഗിക്കാവുന്ന തരത്തിലുള്ള ഈ ഉപകരണം ചെറിയ തുക ഈടാക്കി പൊതു വിപണിയില്‍ ലഭ്യമാക്കാനാണ് ഇവരുടെ പദ്ധതി. മെക്കാനിക്കല്‍ വിഭാഗം വകുപ്പു മേധാവി ഡോ. റഹുമ്മത്തുന്‍സ, ഫാബ് ലാബ് മാനേജര്‍ പ്രൊഫസര്‍ ഷൈന്‍, ഫിസിക്‌സ് പ്രൊഫസര്‍ സുനീഷ്, കമ്മ്യൂണിറ്റി ഹെഡ് പ്രൊഫസര്‍ സജീര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കുറഞ്ഞ ചെലവില്‍ വെന്റിലേറ്റര്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍. ലോക് ഡൗണിനെ തുടര്‍ന്ന് ഉപകരണങ്ങള്‍ ലഭിക്കുന്നതിലെ താമസം ശ്രദ്ധയില്‍പ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും സഹായത്തോടെ അതിന് പരിഹാരം കാണാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.