നാളീകേര ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ കുറ്റ്യാടി മേഖലയ്ക്ക് മുൻഗണന നൽകും: കൃഷിമന്ത്രി

Web Desk
Posted on February 09, 2019, 10:06 pm
വേളം: നാളീകേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളിൽ കുറ്റ്യാടി മേഖലയ്ക്ക് മുൻഗണന നൽകുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കൃഷി വകുപ്പ് വേളം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷം പതിനഞ്ച് ലക്ഷം തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു വാർഡിൽ എഴുപത്തിയഞ്ച് തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കും. രാജ്യത്ത് തന്നെ മികച്ച വിത്ത് തേങ്ങ ഉൽപാദിപ്പിക്കുന്ന മേഖലയാക്കി കുറ്റ്യാടിയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കാർഷിക നേഴ്സറികൾ, മധുര ഫാമുകൾ, ഇടവിളകൃഷി വികസനം തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളീകേര ഉൽപാദനം വർദ്ധിപ്പിക്കാനും കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് കേരഗ്രാമം. ഒരു ഗ്രാമപഞ്ചായത്തിൽ ഇരുനൂറ്റി അമ്പത് ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിന്റെ ആനുകൂല്യം ഒരു വർഷം എന്നത് മൂന്നു വർഷമായി ദീർഘിപ്പിച്ചതായും മന്ത്രി പറഞ്ഞു.  കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുല്ല ചടങ്ങിൽ അധ്യക്ഷനായിരുന്നു. നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ എം നാരായണൻ മുഖ്യ അതിഥിയായിരുന്നു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ അബ്ദുല്ല, മോളി മുയ്യോട്ടുമ്മൽ, ബഷീർ മാണിക്കോത്ത്, എം ഷിജിന, കെ കെ അന്ത്രു, ടി വി മനോജൻ, സി കെ ബാബു, വി അമ്മത് എന്നിവർ സംസാരിച്ചു.