ശിശുദിനത്തില്‍ ‘കുട്ടിവനം’ സമ്മാനിച്ച് വിദ്യാര്‍ഥികള്‍

Web Desk
Posted on November 13, 2017, 7:44 pm
എന്‍.എസ്.എസ് പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് കബനി തീരത്ത് വനവത്കരണം നടത്തിയ ഭാഗം

കല്‍പറ്റ:വയനാട്ടില്‍ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകി കാവേരിയില്‍ ലയിക്കുന്ന കബനി നദിയുടെ കടവുകളില്‍ ഒന്നിനെ പച്ചയുടുപ്പിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റിന്റെ കുട്ടിവനം പദ്ധതി. ഏകദേശം 60 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കുട്ടിവനത്തില്‍ തണല്‍ പരത്തുന്ന അപൂര്‍വയിനം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വള്ളിച്ചെടികളും പൊഴിക്കുന്ന ഹരിതകാന്തി അഭിമാനപൂരിതമാക്കുകയാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മനസുകളെ.  പുഷ്പിച്ച മുളങ്കാടുകള്‍ ഉണങ്ങിനശിച്ചതോടെ മരുഭൂമിക്ക് സമാനമായ തീരപ്രദേശത്തിനാണ് ഇപ്പോള്‍ കാനനഭംഗി.വനം വകുപ്പിലെ സാമൂഹിക വനവത്കരണ വിഭാഗം,വിദ്യാലയത്തിലെ ഹരിതസേന, ഫോറസ്ട്രി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് എന്‍എസ്എസ് യൂണിറ്റ് 2015ല്‍ കുട്ടിവനം പദ്ധതി പ്രാവര്‍ത്തികമാക്കിയത്. പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ആര്‍ രവി,ഹെഡ്മാസ്റ്റര്‍ കെ.എന്‍ ബാലനാരായണന്‍,എന്‍.എസ.്എസ് യൂണിറ്റ് മുന്‍ പ്രോഗ്രാം ഓഫീസര്‍ ഒ.എസ്.ബിജുമോന്‍,പി.ടി.എ മുന്‍ പ്രസിഡന്റ് ജോയി ജോസഫ് എന്നിവരുടേതായിരുന്നു കുട്ടിവനമെന്ന ആശയം.

ചെങ്കുറിഞ്ഞി,കൂനംപാല,ഞാറ,ഇരുമ്പകം, വെള്ളപൈന്‍, വെള്ളിലാവ്,വെട്ടി, മുക്കണ്ണ,പൂവം,കമ്പകം,കനല്‍, വെട്ടിപ്ലാവ്,രുദ്രാക്ഷം, വയനാവ്, കാട്ടുകറിവേപ്പില,ചോരപാലി,പനച്ചി,പുന്ന,ഇരിപ്പ, ഉലഞ്ചാടി,ചളിര്, കാക്കമരം,കാട്ടുചാമ്പ വെള്ളകില്‍,കുരങ്ങാടി,മുള്ളന്‍പാലി,ഇലഞ്ഞി,അശോകം തുടങ്ങിയയുടെ തൈകകളാണ് പദ്ധതിയുടെ ഭാഗമായി നദീതീരത്ത് നട്ടത്. പ്രദേശത്തെ കുടുംബശ്രീ അംഗങ്ങളെയടക്കം പങ്കാളികളാക്കി വിദ്യാര്‍ഥികള്‍ കൃത്യതയോടെ നടത്തിയ പരിപാലനം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും തീരത്തിന്റെ മുഖച്ഛായ മാറ്റി.പൊഴിഞ്ഞ മണ്ണില്‍ പുതഞ്ഞ മുളയരികള്‍ മുളച്ചുണ്ടായ തൈകളും കുട്ടിവനത്തിനു അഴകേകുകയാണ്.കര്‍ണാടകയില്‍നിന്നുള്ള മരുക്കാറ്റിനെ കഴിയുന്നത്ര പ്രതിരോധിക്കുക,നദീതീരം ഇടിഞ്ഞുനശിക്കുന്നതിനു തടയിടുക,പശ്ചിമഘട്ടത്തിലെ തനതു സസ്യജാലങ്ങളില്‍ വംശനാശം നേരിടുന്നവയെ സംരക്ഷിക്കുക,വൃക്ഷങ്ങളെയും ഔഷധസസ്യങ്ങളെയും പരിചയപ്പെടുന്നതിനു വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ചതാണ് കുട്ടിവനം പദ്ധതിയെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.എന്‍.സജി,പി.ടി.എ പ്രസിഡന്റ് സാന്‍സ് ജോസ് എന്നിവര്‍ പറഞ്ഞു.