Web Desk

കുവൈത്ത് സിറ്റി

April 24, 2021, 5:37 pm

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി

Janayugom Online

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എല്ലാ വിമാനങ്ങൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ തന്നെ ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ യാത്രാ വിലക്കുണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പ്രവേശനം അനുവദിച്ചിരുന്നു. വന്ദേ ഭാരത് വിമാനങ്ങളുടെ മടക്കയാത്രയിൽ ഇവർക്ക് കുവൈത്തിലേക്ക് വരാൻ സാധിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ഇന്ത്യക്ക് പുറത്ത്, മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമേ ഇനി കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. കുവൈത്ത് സ്വദേശികൾ, സ്വദേശികളുടെ അടുത്ത ബന്ധുക്കൾ (ഭാര്യ, ഭർത്താവ്, മക്കൾ), സ്വദേശികളുടെ വീട്ടുജോലിക്കാർ എന്നിവർക്ക് മാത്രമാണ് പുതിയ തീരുമാനത്തിൽ ഇളവുള്ളത്.

Eng­lish summary;Kuwait bans flights from India

you may also like this video;