ഇനി ഒരിക്കലും മടങ്ങി വരാത്തവിധം കുവൈറ്റ് 5000 പ്രവാസികളെ നാടുകടത്തി, കാരണം ഇതാണ്

കെ രംഗനാഥ്
Posted on November 08, 2019, 1:24 pm

കുവെെറ്റ് സിറ്റി: കുവെെറ്റില്‍ നിന്നും ഈ വര്‍ഷം 18,000 വിദേശികളെ നാടുകടത്തിയതില്‍ അയ്യായിരവും ഇന്ത്യക്കാര്‍. രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശുകാരും (2500) മൂന്നാമത് ഈജിപ്റ്റുകാരും (2200)നാലാമത് നേപ്പാളികളുമാ(2100) ണെന്ന കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടു.

താമസാനുമതിയില്ലാതെ ഒളിച്ചുകഴിഞ്ഞിരുന്നവരാണ് കുടിയിറക്കപ്പെട്ടവരില്‍ നല്ലൊരു പങ്ക്. മദ്യം, മയക്കുമരുന്നു കേസുകളില്‍പ്പെട്ടവരാണ് പുറത്താക്കപ്പെട്ടവരില്‍ രണ്ടാം സ്ഥാനത്ത്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവരെ മാത്രമല്ല സ്വദേശിവല്‍ക്കരണ നയമനുസരിച്ച് കൂടുതല്‍ പ്രവാസികളെ പുറത്താക്കുന്നതിന് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതും കാരണമായി കണ്ടെത്തിയിട്ടുണ്ട്. എയ്ഡ്സ്, ഹെപ്പറ്റെെറ്റിസ് രോഗികളെയും നാടുകടത്തുന്നു. ഈദ് പെരുന്നാള്‍ കാലത്ത് സന്ദര്‍ശകവിസയിലെത്തി യാചകവൃത്തി നടത്തി ലക്ഷങ്ങളുമായി നാട്ടിലേയ്ക്ക് മടങ്ങുന്നവരില്‍ ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാജ്യക്കാരുണ്ട്. ഈ ‘വിസിറ്റിംഗ് യാചകരി‘ല്‍ നല്ലൊരു പങ്കും താമസനിയമം ലംഘിച്ച് ഇവിടെ തങ്ങുകയാണ് പതിവ്. ഭിക്ഷാടനം നിരോധിച്ചിട്ടുള്ള കുവെെറ്റില്‍ ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.

അതേസമയം നാടുകടത്തുന്നവര്‍ വ്യാജ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കുവെെറ്റില്‍ കടക്കുന്നതു തടയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാടുകടത്തുന്നവരുടെ വിരലടയാളം എടുത്ത ശേഷമായിരിക്കും പുറത്താക്കുക. ഇവര്‍ വീണ്ടും എത്തുകയാണെങ്കില്‍ ഇത് സംബന്ധിച്ച കമ്പ്യൂട്ടര്‍ സംവിധാനം വ്യാജനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. ഈ സംവിധാനം നിലവില്‍ വന്ന ശേഷം അനധികൃത കുടിയേറ്റത്തിനുള്ള ശ്രമങ്ങള്‍ മിക്കവാറും ഇല്ലാതായെന്നും അധികൃതര്‍ അറിയിച്ചു.