കുവൈറ്റില്‍ പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം: എട്ട് ലക്ഷം ഇന്ത്യക്കാർ മടങ്ങേണ്ടിവരും

Web Desk

കുവൈറ്റ് സിറ്റി

Posted on July 06, 2020, 11:03 pm

കരട് പ്രവാസി ക്വാട്ട ബില്‍ ഭരണഘടനാപരമാണെന്ന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതി അംഗീകരിച്ചു. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യയ്ക്ക് സമാനമായി പരിമിതപ്പെടുത്തും. കരട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യക്കാർ ആകെ ജനസംഖ്യയുടെ 15 ശതമാനത്തിലധികമാകാൻ പാടില്ല. ഇതോടെ കുവൈറ്റില്‍നിന്ന് എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒഴിവാക്കപ്പെടുമെന്നാണ് വിലയിരുത്തൽ. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. മാത്രമല്ല ഇവിടെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. എണ്ണ വിലയിടിവും കോവിഡ് വ്യാപനനവും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഭാരമേൽപ്പിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥരും വര്‍ധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാസം കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖാലിദ് അല്‍ സബാ രാജ്യത്തെ ആകെ ജനസംഖ്യയില്‍നിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുവൈറ്റിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതില്‍ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്. കുവൈറ്റിൽ നിന്നും 2018ൽ ഇന്ത്യയിലേക്ക് അഞ്ഞൂറുകോടിയോളം ഡോളർ വിദേശപണം എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

സർക്കാർ ഓഫീസുകളിൽ മാത്രം 28,000 ത്തിലധികം ഇന്ത്യക്കാർ ജോലിയെടുക്കുന്നുണ്ടെന്ന് കുവൈറ്റ് ഇന്ത്യൻ എംബസി വൃത്തങ്ങൾ പറഞ്ഞു. 5.23 ലക്ഷം ഇന്ത്യക്കാർ കുവൈറ്റിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ഇവരുടെ ആശ്രിതരായി 1.16 ലക്ഷം പേരും പ്രവാസികളായുണ്ട്. 23 ഇന്ത്യൻ സ്കൂളുകളിലായി 60,000 ത്തോളം വിദ്യാർത്ഥികളും ഇവിടെയുണ്ട്.

Eng­lish sum­ma­ry: Kuwait expact bill passed

You may also like this video: