കുവൈറ്റിലെ അടുക്കളകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Web Desk
Posted on February 26, 2018, 5:46 pm
കുവൈറ്റിലെ ഫിലിപ്പൈന്‍ വീട്ടുജോലിക്കാര്‍

കെ രംഗനാഥ്

കുവൈറ്റ് സിറ്റി: വര്‍ധിച്ചുവരുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടുജോലിക്കാരെ കുവൈറ്റിലേയ്ക്ക് അയയ്ക്കുന്നതില്‍ ഫിലിപ്പെന്‍ പ്രസിഡന്റ് റോഡ്രിഗോ ദൂത്തെര്‍ത്തേ ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തിലായതോടെ കുവൈറ്റിലെ അടുക്കളകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.

ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കാരായി പണിചെയ്യുന്ന 21 ലക്ഷം പേരില്‍ 2.52 ലക്ഷം ഫിലിപ്പൈന്‍കാര്‍ കുവൈറ്റിലാണുള്ളത്. പ്രസിഡന്റിന്റെ വിലക്ക് മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചേക്കുമെന്ന സൂചനയുണ്ട്. എങ്കില്‍ ഗള്‍ഫിലെയാകെ കുടുംബങ്ങള്‍ അവതാളത്തിലാകും. ഗള്‍ഫിലെ കുടുംബജീവിതത്തിന്റെ ഭാഗമായി ഫിലിപ്പൈന്‍ ഗാര്‍ഹിക ജോലിക്കാര്‍ മാറിക്കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ ലൈംഗികമായും ശാരീരികമായും ഫിലിപ്പൈന്‍ വീട്ടുവേലക്കാരോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിലക്ക്. ഒരു കുടുംബത്തില്‍ രണ്ടും മൂന്നും വീട്ടുജോലിക്കാരാണുണ്ടാവുക.
പുതിയ വിലക്കനുസരിച്ച് ഇനിമേല്‍ കുവൈറ്റിലേക്ക് ഒരൊറ്റ വീട്ടുജോലിക്കാരിയേയും അയയ്ക്കില്ല. മാത്രമല്ല തിരിച്ചു ഫിലിപ്പൈന്‍സിലെത്തുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകളും നല്‍കും. ഇതനുസരിച്ച് പതിനായിരത്തിലേറെ ഫിലിപ്പിനോ വീട്ടുജോലിക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ച് കൂടുതല്‍ പേര്‍ തിരിച്ചൊഴുകിയാല്‍ കുവൈറ്റിലെ അടുക്കള ഭരണം താറുമാറാകുമെന്നുറപ്പ്. വിലക്കു പിന്‍വലിപ്പിക്കാന്‍ കുവൈറ്റ് ഭരണകൂടം തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരുന്നു. ഫിലിപ്പൈന്‍സിലെ ഉന്നത ഉദേ്യാഗസ്ഥരെ അടിയന്തരമായി വിളിച്ചാണ് ചര്‍ച്ചകള്‍. ഇതിനിടെ കുവൈറ്റില്‍ അനധികൃത താമസക്കാരായ പതിനായിരത്തിലേറെ ഫിലിപ്പൈന്‍ വീട്ടുജോലിക്കാരുടെ താമസരേഖകള്‍ നിയമാനുസൃതമാക്കി പ്രതിസന്ധി തല്‍ക്കാലം പരിഹരിക്കുന്നതിനുള്ള ശ്രമവും നടക്കുന്നു. ഇവര്‍ക്ക് പ്രതേ്യകം പൊതുമാപ്പ് നല്‍കി കുവൈറ്റില്‍ തുടരാന്‍ അനുവദിക്കുമെന്നാണ് സൂചന.
ഫിലിപ്പൈന്‍ വീട്ടുജോലിക്കാര്‍ക്കെതിരായ പീഡനങ്ങളും സാമ്പത്തിക ചൂഷണങ്ങളും തുടര്‍ക്കഥയാണെങ്കിലും ഈയടുത്ത് വീട്ടുജോലിക്കാരിയായ ഒരു ഫിലിപ്പൈന്‍ യുവതിയെ കൊന്ന് ഒന്നരവര്‍ഷമായി ആളൊഴിഞ്ഞ ഒരു വീട്ടിലെ പാര്‍പ്പിടത്തില്‍ സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ കണ്ടെത്തിയതാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിനെ പ്രകോപിതനാക്കിയത്. ഇതിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പ്രതിസന്ധിക്ക് ശമനമുണ്ടാക്കാനുള്ള ശ്രമവും വിജയം കണ്ടിട്ടില്ല.

യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം മനിലാ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.