പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും തലസ്ഥാനനഗരിയിൽ വെള്ളമില്ല

Web Desk
Posted on January 21, 2019, 2:56 pm

കേരളത്തിന്റെ ജലസേചനവകുപ്പ് സാധാരണക്കാർക്ക് നേരെ കണ്ണടക്കുമ്പോൾ , അനേകായിരം ജനങ്ങളാണ് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ വെള്ളമില്ലാതെ വലയുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും വെറും മൂന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന പുലയനാർകോട്ട നിവാസികൾക്ക് വെള്ളം ലഭിച്ചിട്ട് മൂന്നു ദിവസം തികയുന്നു. ടി.ബി .സെന്റർ,ഡയബറ്റിക് സെന്റർ, നെഞ്ചുരോഗ ആശുപത്രി തുടങ്ങി നിരവധി സർക്കാർ സ്ഥാപങ്ങൾ ആണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്.

അരുവിക്കരയിൽ നിന്നും മണ്‍വിള ടാങ്കിലേക്ക് 900 എംഎം ശുദ്ധജലവിതരണ ലൈനിൽ പേരൂർക്കട തങ്കമ്മ സ്റ്റേഡിയത്തിനു സമീപമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി ഇതുവഴിയുള്ളയുള്ള ജലവിതരണം നിർത്തിവക്കുന്നു എന്നായിരുന്നു ജലസേചന വകുപ്പ് പബ്ലിക് ഹെൽത്ത് ഡിവിഷൻ എൻജിനീയർ അറിയിച്ചിരുന്നത്.

എന്നാൽ തത്സമയത്തിനുശേഷവും ഒരു ദിവസം കഴിഞ്ഞിട്ടും ജലവിതരണം പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പോങ്ങുമൂട് ഡിവിഷനിൽ ബന്ധപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്ക് ലഭിച്ച മറുപടിയും തൃപ്തികരം ആയിരുന്നില്ല. തിങ്കളഴ്ച ഉച്ചയ്‌ക്ക്‌ ജലവിതരണം പുനഃസ്ഥാപിക്കാൻ ആകുമെന്ന് പോങ്ങുമൂട് ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളുടെ ലേഖകനോട് സംസാരിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.

അതിനുശേഷം മേലുദ്യോഗസ്ഥരോട് പരാതിപ്പെടാനായി തിരുവനന്തപുരം പാറ്റൂർ ഡിവിഷനിൽ വിളിച്ചിരുന്നെങ്കിലും ഉത്തരവാദിത്തബോധമില്ലാത്ത പ്രതികരണമായിരുന്നു അവിടെനിന്നും ലഭിച്ചത്. വിളിച്ച നമ്പർ തെറ്റായെന്നധാരണയിൽ വീണ്ടും മെയിൻ ഡിവിഷൻ തന്നെയല്ലേ ഉറപ്പിച്ചപ്പോൾ അതെ വെള്ളമില്ലാത്തതിന് എന്ത് ചെയ്യാൻ എന്ന വളരെ ഉദാസീന മറുപടിയാണ് ലഭിച്ചത്. നിങ്ങൾക്ക് ഉത്തരവാദിത്വബോധം ഇല്ലാത്തത് എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാൻ ഇവിടുത്തെ വർക്കർമാത്രം ആണ് സ്റ്റാഫുകൾ ഊണുകഴിക്കാൻ പോയിരിക്കുന്നു എന്ന മറുപടിയാണ് ഓഫിസിൽ നിന്നും ലഭിച്ചത്.

രസകരമായ മറ്റൊരു വസ്തുത, പരാതിപ്പെടുവാൻ വിളിച്ച ഓഫിസ് നമ്പറിൽ നിന്നും  നമുക്ക്  കേൾക്കാനാകുന്നത് ഗുരുവായൂരപ്പന്റെ ഭക്തിഗാനം ആണ്, ഭക്തിയില്ലാതെ ഈ നമ്പറിലേക്ക് വിളിക്കുന്നവർ ആരായാലും അറിയാതെ നാം പറഞ്ഞുപോകും, എന്റെ ഗുരുവായൂരപ്പ.. ഇന്ന് എങ്കിലും വെള്ളം ലഭിക്കണേ എന്ന്.