ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്: മിനിമലിസത്തില്‍ മായക്കാഴ്ചകള്‍ തീര്‍ത്ത് ഹരി ആനന്ദ്

Web Desk
Posted on December 16, 2018, 1:05 pm

കൊച്ചി: വിഷ്വല്‍ ആര്‍ട്ട് കലാകാരന്റെ പണിപ്പുരയില്‍ നിന്നുള്ള വിസ്മയിപ്പിക്കുന്ന സൃഷ്ടികളുമായി കൈറോണ്‍ കൊച്ചി ഇന്റര്‍നാഷണലിന്റെ രണ്ടാം ദിവസം കേരളത്തിന്റെ അഭിമാനമായ ഡിസൈനര്‍ ഹരി ആനന്ദിന്റെ മോഡലുകള്‍ വേദിയിലെത്തി.

ഫ്രഞ്ച് കലാസൃഷ്ടാവിന്റെ പണിപ്പുരയെ ഓര്‍മപ്പെടുത്തുന്ന ‘ഇന്‍സൈഡ് ദി അറ്റ്‌ലിയെ’ എന്ന തീമിലാണ് ഡിസൈനുകളുടെ ദൃശ്യാവിഷ്‌കാരം നടന്നത്. സ്ത്രീയുടെയും പുരുഷന്റെയും വ്യക്തിത്വത്തില്‍ കണ്ണുടക്കി നില്‍ക്കുന്ന മിനിമലിസത്തിന്റെ വക്താവാണ് ഹരി ആനന്ദ്.

ബേണ്‍ഡ് ചാര്‍ക്കോള്‍ നിറങ്ങളിലെ ഫോര്‍മല്‍ വെയറുകളില്‍ ചുവടുവെച്ച മോഡലുകള്‍ റോമന്‍ നാണയത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തിത്വങ്ങളുടെ പ്രതീതിയുണ്ടാക്കി.

സ്ത്രീക്കും പുരുഷനുമുള്ള ഫോര്‍മലുകള്‍ക്കു പുറമെ കാഷ്വല്‍ വെയറുകളും, ആധുനിക വധുവിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്ന ബ്രൈഡല്‍ വെയറുകളും ഹരി ആനന്ദ് അവതരിപ്പിച്ചു.

ഒടിയന്‍ ഫിലിം ഫെയിം ആയ നടി സന അല്‍ത്താഫും ബോളിവുഡ് നടനായ രാജേഷ് ഖട്ടറും ഹരി ആനന്ദിന് ഷോ സ്‌റ്റോപ്പറായി എത്തി.

fashion

നൈസര്‍ഗികത തുളുമ്പുന്ന ബീച്ച് ലൈഫ് സ്‌റ്റൈല്‍ വരച്ചുകാട്ടുന്ന ജൂള്‍സ് ഇദി അമീന്റെ ബീച്ച് വെയറുകളുടെ അവതരണവും നടന്നു. ‘ഏദന്‍’ എന്ന തീമിലാണ് ജൂള്‍സ് ഇദി അമീന്റെ ‘വിക്കഡ്’ എന്ന ലേബലിന്റെ അവതരണം നടത്തിയത്. വനിതകളുടെ വ്യക്തിത്വവും ഒപ്പം ആത്മവിശ്വാസവും അനായസതയും ഒത്തു ചേര്‍ന്നതായി ബീച്ച് വസ്ത്ര ശ്രേണി.

സമാപന ദിവസമായ ഞായറാഴ്ച കൊച്ചിയുടെ പുതുമുഖ ഡിസൈനര്‍ അല്‍ക്ക ഹരിയുടെ ‘പോയട്രി ഓഫ് യൂത്ത് ’ റണ്‍വേയില്‍ എത്തും. അറോവിലിയില്‍ നിന്നുള്ള ഡിസൈനര്‍ ഉമാ പ്രജാപതി അവതരിപ്പിക്കുന്ന ബ്രാന്‍ഡ് ഉപാസനയോടെ ഫാഷന്‍ വീക്കിന് തിരിശ്ശീല വീഴുമെന്ന് സ്‌റ്റോം ഫാഷന്‍ കമ്പനി സി.ഇ.ഒ ഗൗരവ് ശര്‍മ്മ പറഞ്ഞു.

ഫാഷന്‍ വ്യവസായത്തിലെ പ്രമുഖരും, ഡിസൈനര്‍മാരും ടെക്സ്റ്റയില്‍ ബ്രാന്‍ഡ് പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

fashion