24 April 2024, Wednesday

ലേബര്‍ ബ്രദര്‍ഹുഡും അഞ്ച് വിളക്കും

ജയനാരായണൻ
December 7, 2022 4:15 am

കേരളത്തിലെ തൊഴിലാളി വർഗ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ വലിയ അടയാളപ്പെടുത്തൽ നടത്തിയ പ്രസ്ഥാനമായിരുന്നു ലേബർ ബ്രദർഹുഡ്. ലേബർ ബ്രദർഹുഡിനെക്കുറിച്ച് പറയുമ്പോൾ അഞ്ച് വിളക്ക് കവലയെക്കുറിച്ച് പരാമർശിക്കാതിരിക്കാനാവില്ല.
തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുത്തൻപള്ളിക്ക് സമീപത്ത് ഹൈറോഡും നായരങ്ങാടി റോഡും കിഴക്കേ അങ്ങാടിയും ഒന്നിച്ചു ചേരുന്ന കവലയാണ് അഞ്ചുവിളക്ക്. മണ്ണെണ്ണ വിളക്കുകൾ വഴികൾക്ക് വെളിച്ചം പകർന്നിരുന്ന കാലത്ത് ഒരു ഇരുമ്പ് തൂണിൽ അഞ്ച് വിളക്കുകളോട് കൂടിയ ഒരു ദീപസ്തംഭം അവിടെ ഉണ്ടായിരുന്നു. “പട്ടാളം പാക്കിത്തിരി” എന്ന പേരിൽ അക്കാലത്ത് രോഗികളെ പരിശോധിച്ചിരുന്ന ഡോ. ഫ്രാൻസീസ് സ്ഥാപിച്ചതാണ് ഈ അഞ്ച് വിളക്ക്. പട്ടാളത്തിൽ നിന്നും സർജനായി വിരമിച്ച ഫ്രാൻസീസ് ഡോക്ടർക്ക് രാത്രി വൈകിയ വേളയിലും രോഗികളെ പരിശോധിക്കുന്ന പതിവുണ്ടായിരുന്നു. ക്ലിനിക്കിന്റെ പരിസരത്ത് വെളിച്ചം കിട്ടാനായിരുന്നു അദ്ദേഹം ആ കവലയിൽ അഞ്ച് വിളക്ക് സ്ഥാപിച്ചത്. അഞ്ച് വിളക്കിന് ചുറ്റും ചെറുതും വലുതുമായ ധാരാളം ‘പീടികകൾ’ എന്നറിയപ്പെടുന്ന കച്ചവടസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ഈ കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികൾ വിശ്രമവേളകളിലും ജോലിക്ക് ശേഷവും ഒത്തു കൂടിയിരുന്നത് അഞ്ച് വിളക്ക് കവലയിലായിരുന്നു. അക്കാലത്തെ തൊഴിലാളികളുടെ ജീവിതം അതിദയനീയാവസ്ഥയിലായിരുന്നു. ദിവസവും പതിനാല് മണിക്കൂർ വരെ തുച്ഛമായ വേതനത്തിന് പണിയെടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അവർ. 1935ലാണ് തൃശൂരിൽ ലേബർ ബ്രദർഹുഡ് എന്ന സംഘടന രൂപം കൊള്ളുന്നത്.


ഇതുകൂടി വായിക്കൂ:  ലേബർകോഡ് : തൊഴിലാളികള്‍ ആശങ്കയില്‍


തൃശൂരിലെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ പറപ്പുള്ളി അങ്ങാടിയിൽ കുരിയപ്പൻ എന്ന ഒരു പാവപ്പെട്ട ചുമട്ടു തൊഴിലാളി മരിക്കാനിടയായി. ശവമടക്കിന് പണമില്ലാതെ അദ്ദേഹത്തിന്റെ വീട്ടുകാർ നന്നേ വിഷമിച്ചു. കുരിയപ്പന്റെ തൊഴിലാളി സുഹൃത്തുക്കളും അയൽപ്പക്കക്കാരും നാട്ടുകാരും ചേർന്ന് പണംപിരിച്ച് ശവസംസ്കാരം നടത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുരിയപ്പന്റെ സുഹൃത്തുക്കളായ തൊഴിലാളികൾ ഒരു മരണഫണ്ട് ഉണ്ടാക്കാൻ തീരുമാനിക്കുകയും അതിനായി ചിട്ടി നടത്തുന്ന കാര്യം ആലോചിക്കുകയും ചെയ്തു. ഇതിനായി അവർ ‘കീരൻ’ എന്ന് പൊതുവേ അറിയപ്പെട്ടിരുന്ന പൊതുകാര്യ പ്രസക്തനും, സാമൂഹ്യ പ്രവർത്തകനും ആയ സഖാവ് കെ കെ വാര്യരെ സമീപിക്കുകയും പലവട്ടം ചർച്ചകൾ നടത്തിയ ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലേബർ ബ്രദർഹുഡ് എന്ന പേരിൽ ഒരു തൊഴിലാളി സഹോദര സംഘം ഉണ്ടാക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: പ്രഭുവർഗ വാഴ്ചയിലേക്കുള്ള ദൂരം


പ്രാരംഭഘട്ടത്തിൽ ഇരുന്നൂറിലധികം അംഗങ്ങൾ ഈ സംഘത്തിൽ ഉണ്ടായിരുന്നു. ഭൂരിഭാഗം പീടികതൊഴിലാളികളായിരുന്നെങ്കിലും എല്ലാ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും ഇതിൽ അംഗങ്ങളായിരുന്നു. എം എ കാക്കു, പി എം തോമസ്, കടവി വറീത്, ടി വി ആൻഡ്രൂസ്, കെ പി പോൾ, കെ ജെ ഫ്രാൻസീസ്, എം പി ഭട്ടതിരിപ്പാട് എന്നിവരായിരുന്നു ഇതിന്റെ ആദ്യകാല പ്രവർത്തകർ. കീരന്റെ സുഹൃത്തുക്കളെല്ലാം തന്നെ തൃശൂർ അങ്ങാടിയിലെ തൊഴിലാളികളായിരുന്നു. അവരോടെല്ലാം അങ്ങാടിഭാഷയിൽ തന്നെ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ലോകകാര്യങ്ങളും പൊതുകാര്യങ്ങളും സരസമായി അവർക്ക് അദ്ദേഹം പകർന്ന് നൽകുകയും ചെയ്തു. ലേബർ ബ്രദർഹുഡിലെ അംഗങ്ങളിൽ അധികം പേരും പീടിക തൊഴിലാളികളായിരുന്നതിനാൽ കീരൻ അവരെ സംഘടിപ്പിച്ച് ആ മേഖലയിൽ ഒരു യൂണിയൻ ഉണ്ടാക്കി.

പിന്നീട് വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ ലേബർ ബ്രദർഹുഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ്, മോട്ടോർ, റൈസ് മിൽ, ചുമട് എന്നീ മേഖലകളിൽ തൊഴിലാളി യൂണിയൻ ഉണ്ടാക്കാൻ ലേബർ ബ്രദർഹുഡിന് കഴിഞ്ഞു. തൊഴിലാളികൾക്ക് സാമൂഹ്യ അവബോധവും രാഷ്ട്രീയ ബോധവും അത്യാവശ്യമാണെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു സഖാവ് കീരൻ. അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച നടത്താനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ‘നാഷണൽ ഫ്രണ്ട്’ എന്ന സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണം വരുത്തുകയും അതിലെ ഉള്ളടക്കങ്ങൾ അവർക്ക് പകർന്ന് നൽകുകയും അത് വായിക്കാൻ അവരെ പ്രേരിപ്പിക്കുകയും അദ്ദേഹം ചെയ്തു. ലേബർ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ ധാരാളം പഠന ക്ലാസുകൾ ഇക്കാലത്ത് സംഘടിപ്പിക്കുകയുണ്ടായി. ഇഎംഎസ്, സി ഉണ്ണിരാജ, കെ ദാമോദരൻ, എം എസ് ദേവദാസ് എന്നിവർക്കൊപ്പം സഖാവ് കീരനും ഈ സ്റ്റഡി ക്ലാസുകളിൽ അധ്യാപകരായെത്തി. ഇതെല്ലാം തന്നെ ബ്രദർഹുഡ് പ്രവർത്തകരെ ആശയപരമായി പ്രബുദ്ധരാക്കാനും പൊതു പ്രവർത്തനത്തിന് സജ്ജരാക്കാനും സഹായിക്കുകയുണ്ടായി.
ലേബർ ബ്രദർഹുഡ് ഒരു തൊഴിലാളി പ്രസ്ഥാനമെന്ന നിലയിലാണ് പ്രവർത്തിച്ച് വന്നതെങ്കിലും അതിലെ പ്രവർത്തകർ ക്രമേണ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടാൻ ആരംഭിച്ചു.


ഇതുകൂടി വായിക്കൂ: നൂറ്റാണ്ട് പിന്നിട്ട ആദ്യ തൊഴിലാളി പ്രസ്ഥാനം


തിരുവിതാംകൂറിൽ 1938ൽ ഉത്തരവാദഭരണ പ്രക്ഷോഭം ആരംഭിച്ചപ്പോൾ അതിന്റെ പ്രവർത്തനങ്ങളിലും ബ്രദർഹുഡിന്റെ പ്രവർത്തകർ സജീവമായി പങ്കെടുക്കുത്ത ഈ സമയത്ത് എകെജിയുടെ നേതൃത്വത്തിൽ ഉത്തരവാദിത്ത പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു ജാഥ മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് സംഘടിപ്പിക്കുകയുണ്ടായി. ഈ ജാഥയ്ക്ക് പണം സ്വരൂപിക്കാനും, സന്നദ്ധസേവനം നടത്താനും, സ്വീകരണങ്ങൾ ഒരുക്കാനും ലേബർ ബ്രദർഹുഡ് പ്രവർത്തകർ മുന്നിലുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ രാജ്യം മുഴുവനും വ്യാപിച്ച സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ബ്രദർഹുഡ് പ്രവർത്തകർ ആവേശത്തോടെ പങ്കെടുക്കുകയുണ്ടായി.
1939ൽ ലേബർ ബ്രദർഹുഡിന്റെ മുഴുവൻ പ്രവർത്തകരും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളായി തീർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.