23 April 2024, Tuesday

ലേബര്‍ കോഡ്; മോഡി ആശയക്കുഴപ്പത്തില്‍

ഗ്യാന്‍ പഥക്
December 29, 2021 4:49 am

പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് നടപ്പാക്കാനൊരുങ്ങുന്നതും കേന്ദ്ര തൊഴിലാളി സംഘടനകൾ ഒരുപോലെ എതിർക്കുന്നതുമായ ലേബർ കോഡുകൾക്കെതിരെ പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശകസമിതി (ഇഎസി-പിഎം). 2006ലെ ബംഗ്ലാദേശ് ലേബർ ആക്ടിന്റെ മാതൃകയിൽ ഏകീകൃത തൊഴിൽ നിയമമാണ് വേണ്ടതെന്ന് ധനകാര്യ ഉപേദശകസമിതി റിപ്പോർട്ട് നൽകി. നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ സമഗ്രമായ വീക്ഷണം ഉൾപ്പെടുത്തിയല്ല പുതിയ ലേബർ കോഡ് എന്ന കൗൺസിൽ നിരീക്ഷണം, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ നാല് ലേബർ കോഡുകളും എടുത്തുകളയേണ്ടതാണെന്ന കേന്ദ്ര ട്രേ­ഡ് യൂണിയനുകളുടെ ആവശ്യത്തിന്റെ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

വേതന നിയമം 2019, സാമൂഹിക സുരക്ഷാ കോഡ് 2020, വ്യാവസായബന്ധ കോഡ് 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യം കോഡ് 2020 എന്നിവയാണ് 2022 ഏപ്രിൽ ഒന്നിന് മോഡി സർക്കാർ നടപ്പാക്കാൻ പദ്ധതിയിടുന്നത്. 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കിയ ഈ നാല് ലേബർ കോഡുകൾ നിലവിലുള്ളതിനെ ഏകീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തുവെങ്കിലും പൊരുത്തക്കേടുകൾ പരിഹരിക്കാതെ കിടക്കുകയാണെന്ന് ഇഎസി-പിഎം ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിൽ വേണ്ടത് ബംഗ്ലാദേശ് ലേബർ ആക്ടിന്റെ മാതൃകയിൽ ഏകീകൃത തൊഴിൽ നിയമമാണെന്ന് അവരുടെ റിപ്പോർട്ടിൽ പറയുന്നു. എല്ലാ തൊഴിൽ നിയമങ്ങളുടെയും സമഗ്രമായ വീക്ഷണം സ്വാംശീകരിച്ച് ഒരു ഏകീകൃത തൊഴിൽ നിയമം രൂപീകരിക്കണം. നിയമങ്ങൾ ലഘൂകരിക്കുന്നതിന് ഊന്നൽ നൽകുകയും തൊഴിൽ ഉല്പാദനവും വ്യാവസായിക വളർച്ചയും വർധിപ്പിക്കുന്നതിന് ബദൽ നയങ്ങളാണ് വേണ്ടതെന്ന് ഇഎസി പറയുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകൾ തൊഴിലാളി വിരുദ്ധവും കോർപറേറ്റ് അനുകൂലവും എന്ന് വിളിക്കുന്നതിനെ അടിവരയിടുന്നതാണ് സമിതി റിപ്പോർട്ട്.

 


ഇതുകൂടി വായിക്കൂ : ലേബര്‍ കോഡുകള്‍: ഭരണവൃത്തം ആശയക്കുഴപ്പത്തില്‍


 

നിർദ്ദിഷ്ട നിയമങ്ങൾ എല്ലാ മേഖലകളെയും തൊഴിലവസരങ്ങളെയും മെച്ചപ്പെടുത്തില്ലെന്ന് പരോക്ഷമായി സമിതി സമ്മതിക്കുന്നു. എല്ലാ മേഖലകളെയും തൊഴിൽസ്വഭാവത്തെയും ലക്ഷ്യം വച്ചുള്ള ഏകീകൃത നിയമമോ പരിഷ്കരണമോ ആണ് ആധുനിക നഗര സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുക. അത് സേവന മേഖലയെയും പുതിയ സമ്പദ്‌വ്യവസ്ഥയെയും ഉയർത്താൻ സഹായിക്കും. നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ നിക്ഷേപം, വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള നിയമതടസങ്ങളില്ലാതാക്കൽ, നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ധനകാര്യ ഉപദേശക സമിതി ആവശ്യപ്പെടുന്നു. നാല് ലേബർ കോഡുകൾക്ക് പകരം ഏകീകൃത തൊഴിൽ നിയമം രൂപീകരിക്കുന്നതിന് മേഖലയിലെ എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾക്കും കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും കേന്ദ്ര തൊഴിൽ, തൊഴിൽ മന്ത്രാലയത്തിന്റെയും വീക്ഷണത്തിന് നേർ വിപരീതമാണ് ബിബേക് ഒബ്രോയ് അധ്യക്ഷനായ ഇഎസി-പിഎമ്മിന്റെ അഭിപ്രായം.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ പരിഷ്കരണമാണ് ഈ നാല് കോഡുകളെന്നും ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു നിയമ പരിഷ്കരണത്തിനെന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അധ്വാനശീലരായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്നും തൊഴിൽ മന്ത്രാലയവും പറഞ്ഞിരുന്നു. ‘ഇൻസ്പെക്ടർ രാജ്’ അവസാനിപ്പിച്ച് സുഗമമായി വ്യവസായം നടത്താൻ കഴിയുന്ന തരത്തിൽ നിയമങ്ങൾ ലളിതമാക്കിയെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ, ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര തൊഴിൽ മന്ത്രി നിരസിച്ചു. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലേബർ കോഡുകൾക്കനുസൃതമായി നിയമപരിഷ്കരണം നടത്തിയിട്ടുണ്ടെന്ന് മന്ത്രാലയം സഭയിൽ അവകാശപ്പെട്ടു.

 


ഇതുകൂടി വായിക്കൂ : ലേബര്‍ കോഡ്: നിലപാട് കടുപ്പിച്ച് തൊഴിലാളികള്‍


 

നിർദ്ദിഷ്ട കോഡുകളെ എതിർക്കുന്നതിന് നാല് പ്രധാന കാരണങ്ങളാണ് കേന്ദ്ര ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്. വേതനം സംബന്ധിച്ച കോഡ് 2019 നെ എതിർക്കുന്നത് അത് കുറഞ്ഞ അടിസ്ഥാനവേതനം മാത്രം നല്കാൻ തൊഴിലുടമയ്ക്ക് അവകാശം നൽകുന്നു എന്നതിനാലാണ്. 300 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ അനുമതി തേടാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാൻ അനുവദിക്കുന്നുവെന്നതാണ് 2020ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് എതിർക്കപ്പെടാൻ കാരണം. 50 തൊഴിലാളികളെ വരെ നല്കുന്ന ലേബർ കോൺട്രാക്ടർമാർ തൊഴിൽ സുരക്ഷാനിയമങ്ങളുടെ പരിധിയിൽ വരില്ല എന്നതാണ് തൊഴിൽ സുരക്ഷ കോഡ് 2020 ഉയർത്തുന്ന ഭീഷണി. തൊഴിൽ സംബന്ധമായ സാമ്പത്തിക ബാധ്യതകളിൽ നിന്ന് കേന്ദ്രസർക്കാരിനെ പൂർണമായും ഒഴിവാക്കുന്നതാണ് സോഷ്യൽ സെക്യൂരിറ്റി കോഡ് 2020.

ബിജെപി, ആർഎസ്എസ് പിന്തുണയുള്ള ബിഎംഎസും വ്യവസായ ബന്ധങ്ങളുടെ കോഡിലും തൊഴിൽസുരക്ഷാ കോഡിലും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നത് ആധുനിക അടിമത്തത്തിലേക്ക് നയിക്കും എന്നാണ് പെതുവേയുള്ള വിമർശനം.

 


ഇതുകൂടി വായിക്കൂ : തിരിച്ചടി ഭയന്ന് തൊഴിൽ കോഡുകള്‍ നടപ്പിലാക്കുന്നതും കേന്ദ്രം നീട്ടിവയ്ക്കുന്നു


 

വേതന കോഡ് സംബന്ധിച്ച നിയമങ്ങൾ 2019ൽ തന്നെ അന്തിമമാക്കിയതിനാൽ ഒറ്റയടിക്ക് നടപ്പിലാക്കാൻ മോഡി സർക്കാറിന് തടസമുണ്ടാകില്ല. 2021 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് 19 പ്രതിസന്ധി കാരണം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 2022–23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം സൂചന നൽകിയതായി റിപ്പോർട്ടുണ്ട്. ഇതിനുള്ള നടപടികളും കേന്ദ്രം പൂർത്തിയാക്കി. തൊഴിൽ, ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമായതിനാൽ നാല് കോഡുകളിലെ വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാനങ്ങൾ അവരുടെ നിയമങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വേതന സംബന്ധിയായ കോഡുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി കേന്ദ്രം അവകാശപ്പെടുന്നു.

വിവാദമായ നാല് ലേബർ കോഡുകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുമ്പോൾ ഈ കോഡുകൾ തൊഴിൽ നിയമങ്ങളുടെ സമഗ്രമായ വീക്ഷണം ഉൾക്കൊള്ളുന്നില്ലെന്ന ഇഎസി-പിഎം റിപ്പോർട്ട് ശ്രദ്ധേയമാണ്. തന്റെ സ്വന്തം ഉപദേശകസമിതി ശുപാർശ ചെയ്യുന്ന ഏകീകൃത തൊഴിൽ നിയമമാണോ വേണ്ടത് അതോ രാജ്യത്തുടനീളമുള്ള തൊഴിലാളികളുടെ കടുത്ത എതിർപ്പുകൾക്കിടയിൽ നാല് വിവാദ തൊഴിൽ കോഡുകൾ നടപ്പിലാക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നതാണ് വസ്തുത.

(കടപ്പാട്: ഐപിഎ ന്യൂസ്)

 

You may like this video also

<iframe width=“560” height=“315” src=“https://www.youtube.com/embed/AwbNjMbc6mM” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.