ലേബർ കോഡ്; തിരിഞ്ഞു നടക്കുന്ന സാമൂഹ്യ സുരക്ഷ

Web Desk
Posted on November 23, 2019, 10:08 pm

വി വി ജയകുമാർ

കോർപ്പറേറ്റുകളുടെ തണലിൽ വളരുന്ന ഫാസിസം രാജ്യത്തെ ജനസാമാന്യത്തിന്റെ സാമൂഹ്യ സുരക്ഷയെ അപകടത്തിലാക്കുകയാണ്. നൂറ്റാണ്ടുകൾ കൊണ്ട് തൊഴിലാളി വർഗ്ഗം നേടിയ അവകാശങ്ങളുടെ വേരറുക്കുന്ന നിയമനിർമ്മാണങ്ങൾ നാല് ലേബർ കോഡുകളുടെ രൂത്തിൽ യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ അതേ സമയം തന്നെയാണ് നാല് കോഡുകളിൽ ഒന്നാമത്തേതാതയ വേജസ് കോഡ് പാസാക്കാൻ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. ജോലി ചെയ്തു ജീവിക്കുന്ന രാജ്യത്തെ മുഴുവൻ ആളുകളുടെയും നിത്യ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ആ നിയമത്തിലെ വ്യവസ്ഥകളൊന്നും തന്നെ വിവാദത്തിനു പോയിട്ട് ചർച്ചക്കു പോലും വഴിവച്ചില്ല. ഇന്ത്യയിലിന്ന് നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ മാനുഷിക മുഖം തകർക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. തൊഴിൽ നിയമങ്ങൾക്ക് ജനകീയ മുഖം കൈവന്നത് കേവലമായ ഭരണ പരിഷ്കാരങ്ങളിലൂടെ മാത്രല്ല. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു പരിണാമ ചരിത്രമുണ്ടതിന്. മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതും തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നതുമായിരുന്നു ആദ്യകാലത്ത് തൊഴിൽ നിയമങ്ങൾ. ക്ഷേമാധിഷ്ഠിത കാഴ്ചപ്പാടിലേക്കുള്ള അവയുടെ പരിവർത്തനം ശതകങ്ങൾ നീണ്ട സമരങ്ങളുടെ ഫലമാണ്.

മൂലധനത്തിന്റെ ഉടമയായ മുതലാളി, ഉൽപ്പാദനത്തിന്റെ ആണിക്കല്ലായ തൊഴിലാളിക്കർഹതപ്പെട്ട വിഹിതംകൂടി അപഹരിക്കാൻ തുടങ്ങിയതോടെയാണ് പുതിയ വിവേചനങ്ങൾക്ക് തുടക്കമാകുന്നത്. വ്യവസായ വളർച്ചക്കൊപ്പം സമ്പന്നനായ മുതലാളിയുടെ സംരക്ഷണച്ചുമതല ഭരണകൂടം ഏറ്റെടുത്തതോടെ തൊളിലാളികൾക്കെതിരായ ചൂഷണം ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു കടന്നു. തൊഴിലാളികളെ അടിച്ചമർത്താൻ മാത്രമായി നിയമങ്ങൾ നിർമ്മിക്കപ്പെട്ടു. ബിസി 107 മുതൽ 71 വരെയുള്ള കാലത്ത് സ്പാർട്ടക്കസിന്റെ കാലം മുതൽ തുടങ്ങുന്നതാണ് തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിന്റെ അറിയപ്പെടുന്ന ചരിത്രം. തൊഴിലാളികൾ വേതനവും സാമൂഹ്യസുരക്ഷയും ആവശ്യപ്പെട്ടതോടെ ചൂഷണ നിയമങ്ങളെ ദാർശനികവൽക്കരിക്കുന്ന പുതിയ സിദ്ധാന്തങ്ങളും മുതലാളിത്തത്തിന്റെ മൂശയിൽ ജൻമം കൊണ്ടു. ലെയ്സസ് ഫെയർ സിദ്ധാന്തമായിരുന്നു അതിൽ പ്രധാനം. ഫ്രാൻസിൽ 1681 കാലയളവിലാണ് ലെയ്സസ് ഫെയർ സിദ്ധാന്തം ഒരു സാമൂഹ്യദർശനമെന്ന നിലയിൽ ഉരുത്തിരിഞ്ഞത്. അതിന്റെ പിൻബലത്തിൽ നിർമ്മിക്കപ്പെട്ട നിയമങ്ങൾ പണിശാലകളെ കോൺസൺട്രേഷൻ ക്യാമ്പുകൾക്ക് തുല്യമാക്കി മാറ്റി. തല്ലി പണിയെടുപ്പിക്കാൻ മാത്രമായി മുതലാളിമാർ സ്വകാര്യ സേനകൾ രൂപീകരിച്ചു. വിശ്രമരഹിതമായ ജോലിയും മർദ്ദനവും പട്ടിണിയും നിമിത്തം തൊഴിലാളികൾ പണിശാലകളിൽ മരിച്ചുവീണു. മുതലാളിത്തത്തന്റെ അതിക്രമങ്ങൾക്ക് നിയമ സംരക്ഷണം നൽകിയ ലെയ്സസ് ഫെയറിസം ലോകമെമ്പാടും ചുരുങ്ങിയ സമയം കൊണ്ട് വലിയ പ്രചാരം നേടി. തൊഴിൽ നിയമ നിർമ്മാണത്തിൽ മാത്രമല്ല ധനതത്വശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലുമെല്ലാം ലെയ്സസ് ഫെയർ അവസാന വാക്കായി. എന്നാൽ ഈ മാരണ നിയമത്തിന്റെ നിഴലിലും തൊഴിലാളി വർഗം ചെറുതും വലുതുമായ ഒട്ടേറെ പ്രതിരോധങ്ങൾ സംഘടിപ്പിച്ചു. നഷ്ടപ്പെടാൻ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്ത അവർ നടത്തിയ ചെറു പ്രക്ഷോഭങ്ങളെ പോലും വലിയ ഭയത്തോടെയാണ് തൊഴിലുടമകളും ഭരണകൂടങ്ങളും നോക്കിക്കണ്ടത്. 1799–1800 കാലയളവിൽ കോംബിനേഷൻ ആക്ട് എന്ന പേരിൽ ബ്രിട്ടൻ നടത്തിയ നിയമനിർമ്മാണമാണ് തൊഴിൽ നിയമചരിത്രത്തിലെ ശ്രദ്ധേയമായ സംഭവം. ലെയ്സസ് ഫെയറിസം മുന്നോട്ടുവയ്ക്കുന്ന വ്യക്തിയുടെ സ്വകാര്യ അവകാശം എന്നത് മുതലാളിമാർക്കുമാത്രമായിട്ടുള്ളതാണെന്ന് കോമ്പിനേഷൻ ആക്ട് അടിവരയിട്ടു പറഞ്ഞു. ഒരു വ്യവസായത്തിന്റെയോ കച്ചവടത്തിന്റെയോ ഭാഗമായി തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കൽ, ജോലിസമയം കുറയ്ക്കൽ തുടങ്ങി തൊഴിലാളികളുടെ ക്ഷേമത്തിനായി ഉണ്ടാക്കുന്ന ഏതൊരു കരാറും നിയമവിരുദ്ധമാണെന്ന് കോമ്പിനേഷൻ ആക്ട് വ്യവസ്ഥചെയ്തു.

ട്രേഡ് യൂണിയനിൽ അംഗമാകുന്നതും സമരത്തിൽ പങ്കെടുക്കുന്നതും പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതും എല്ലാം ശിക്ഷാർഹമായ ക്രിമിനൽ കുറ്റമായി മാറ്റപ്പെട്ടു. എന്നാൽ തൊഴിലാളി സമരങ്ങളുടെ കടയറുക്കാൻ പര്യാപ്തമായിരുന്നില്ല ഈ നിയമങ്ങളും. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് പുതിയ വീറും വാശിയും നൽകാനേ അവ ഉപകരിച്ചുള്ളു. കോമ്പിനേഷൻ ആക്ടിന് സമാനമായ നിയമങ്ങൾ വ്യവസായ വികസനം നേടിയ രാജ്യങ്ങളിലെല്ലാം മുതലാളിത്ത ഭരണകൂടങ്ങൾ പരീക്ഷിച്ചു. അവിടങ്ങളിലെല്ലാം തന്നെ തൊഴിലാളി സംഘടനകൾ കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തു. തൊഴിലാളിവർഗ്ഗത്തിന്റെ പ്രാദേശിക പ്രക്ഷോഭങ്ങൾക്ക് സാർവ്വദേശീയ മാനം നൽകിക്കൊണ്ട് 1848ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയും 1867ൽ മൂലധനവും പുറത്തിറങ്ങി. 1848ൽ ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ വച്ചാണ് മാർക്സും സഖാക്കളും മാനിഫെസ്റ്റൊയുടെ ആദ്യ പതിപ്പ് അച്ചടിച്ചത്. ഫെബ്രുവരി അവസാനത്തോടെ ആദ്യപ്രതികൾ അച്ചടി പൂർത്തിയായി. അപ്പോഴേക്കും പാരീസിൽ നിന്ന് ജനകീയ വിപ്ലവത്തിന്റെ വാർത്ത അവരെ തേടിയെത്തി. പിൽക്കാലത്ത് ഫെബ്രുവരി വിപ്ലവം എന്നറിയപ്പെട്ട ആ ജനകീയ മുന്നേറ്റം മാർക്സ് വളരെ നേരത്തെതന്നെ പ്രവചിച്ചിരുന്നു.

മുതലാളിത്തത്തിന്റെ കാവൽക്കാരനായിരുന്ന ലൂയി ഫിലിപ്പിനെ തൊഴിലാളികളുടെ നേതൃത്വത്തിൽ തെരുവിലിറങ്ങിയ ജനക്കൂട്ടം അധികാര ഭ്രഷ്ടനാക്കി. മാർക്സിന്റെ ആദ്യകാല സഖാക്കളിൽ ഒരാളായിരുന്ന ഫ്രഡറിക് ലസ്നർ ആണ് ബ്രസൽസിൽ മാർക്സിനൊപ്പം ആ സമയം ഉണ്ടായിരുന്നത്. ആ ദിവസത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി. ‘ഈ വാർത്ത ഞങ്ങളിലുളവാക്കിയ ഗംഭീര പ്രതികരണത്തെക്കുറിച്ച് വിവരിക്കാൻ ഞാനാളല്ല. ഉൽസാഹത്തിമർപ്പിന്റെ ആവേശം ഞങ്ങളെ പിടികൂടി. ഞങ്ങളിൽ നിറഞ്ഞുനിന്ന വികാരം, ചിന്ത ഒന്നുമാത്രം; മാനവരാശിയുടെ വിമോചനത്തിനായി ജീവിതവും സമ്പത്തുമെല്ലാം സമർപ്പിക്കുക!’ ഫെബ്രുവരി അവസാനത്തോടെ വിപ്ലവ പ്രസ്ഥാനം യൂറോപ്പിലെമ്പാടും പടർന്നു. വ്യത്യസ്ത രൂപങ്ങളിൽ മാർക്സിസം ഉയർത്തിവിട്ട അലയൊലികൾ ലോകമെമ്പാടും വ്യാപിച്ചു. വ്യവസായവൽകൃത രാജ്യങ്ങളിൽ മാർക്സിസം തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ ബോധത്തിന് ആക്കം നൽകിയപ്പോൾ കോളനി രാജ്യങ്ങളിൽ അത് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പുതിയ ദിശാബോധം പകർന്നു. മാർക്സിസം കുടം തുറന്നുവിട്ട തൊഴിലാളിവർഗ്ഗത്തന്റെ സംഘശക്തിക്കു മുന്നിൽ മുതലാളിത്ത ഭരണകൂടങ്ങൾ നിന്നുകിതച്ചു. കിരാത നിയമങ്ങളും ആയുധബലവും കൊണ്ട് തൊഴിലാളിവർഗ്ഗത്തെ അടിച്ചമർത്താനാവില്ല എന്ന് മുതലാളിത്തം ഇതോടെ തിരിച്ചറിയുകയായിരുന്നു. ആ തിരിച്ചറിവ് നിയമനിർമ്മാണത്തിന്റെ അടിസ്ഥാനതത്വങ്ങളെയും ദർശനത്തെയും മാറ്റിമറിച്ചു. അങ്ങനെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുതലാളിത്ത ലോകത്തിന് ലെയ്സസ് ഫെയറിസത്തെ മനസില്ലാ മനസോടെ കൈവിടേണ്ടി വന്നു. അതിന് തയ്യാറാകാത്ത ഭരണകൂടങ്ങൾ പലയിടത്തും ജനകീയ വിപ്ലവങ്ങളാൽ നിലംപൊത്തുകയും ചെയ്തു. ഇത്തവണയും ബ്രിട്ടൻ തന്നെയാണ് പൊളിച്ചെഴുത്തുകൾക്ക് തുടക്കമിട്ടത്. ലെയ്സസ് ഫെയറിസത്തിന്റെ സ്ഥാനത്ത് സാമൂഹ്യ സുരക്ഷിതത്വ ദർശനത്തെ അടിസ്ഥാന നിയമതത്വമായി അംഗീകരിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം തയ്യാറായി. വലതുപക്ഷ ചിന്തകർ വിലയിരുത്തുന്നപോലെ അത് ബ്രിട്ടന്റെ ഔദാര്യമോ ബൂർഷ്വാ ദർശനങ്ങളുടെ ഉൽപ്പന്നമോ ആയിരുന്നില്ല. മറിച്ച് മാർക്സിസത്തിന്റെ തേരോട്ടത്തിൽ തങ്ങളുടെ സാമ്രാജ്യവും നിലംപൊത്തും എന്ന് ഭയന്നിട്ടുതന്നെയായിരുന്നു. ബ്രിട്ടന്റെ നിയമനിർമ്മാണങ്ങളെ മാർക്സിനു മുൻപും ശേഷവും എന്ന നിലയിൽ വർഗ്ഗീകരിച്ചു പഠിച്ചാൽ മതി ഇത് മനസ്സിലാക്കാൻ. 1881ലെ ഫാക്ടറി ആക്ടാണ് ഈ മാറ്റത്തിന്റെ ആദ്യ ഉദാഹരണം. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വം എന്ന ആശയത്തെ നയപരമായി അംഗീകരിക്കേണ്ടിവന്നു മുതലാളിത്ത രാഷ്ട്രങ്ങൾക്ക്. രോഗം, പ്രായാധിക്യം, പരിക്ക്, തൊഴിലില്ലായ്മ, ഗർഭാവസ്ഥ തുടങ്ങിയവയാൽ ജോലി ചെയ്യാൻ കഴിയാതെ വരുന്ന തൊഴിലാളികൾക്ക് സാമൂഹ്യമായും സാമ്പത്തികമായും സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെയും ഭരണകൂടങ്ങളുടെയും ചുമതലയാണെന്നതാണ് സാമൂഹ്യ സുരക്ഷാ ദർശനത്തിന്റെ സത്ത.