ലേബര്‍ കോഡ്: തിരിഞ്ഞു നടക്കുന്ന സാമൂഹ്യ സുരക്ഷ

Web Desk
Posted on July 17, 2019, 10:03 am

വി വി ജയകുമാര്‍

കോര്‍പ്പറേറ്റുകളുടെ തണലില്‍ വളരുന്ന ഫാസിസം രാജ്യത്തിന്റെ അഖണ്ഡതയെ മാത്രമല്ല ജനസാമാന്യത്തിന്റെ സാമൂഹ്യ സുരക്ഷയെക്കൂടി അപകടത്തിലാക്കുകയാണ്. നൂറ്റാണ്ടുകള്‍ കൊണ്ട് തൊഴിലാളി വര്‍ഗം നേടിയ അവകാശങ്ങളുടെ വേരറുക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ നാല് ലേബര്‍ കോഡുകളുടെ രൂപത്തില്‍ ഒരുക്കിവച്ചാണ് ബിജെപി ഗവണ്‍മെന്റ് പുതിയ ബജറ്റ് അവതരിപ്പിച്ചത്. അവയുടെ പ്രയോജകരായ കോര്‍പ്പറേറ്റുകള്‍ പണം ഒഴുക്കി നേടിക്കൊടുത്ത വിജയത്തിന്റെ ഉപകാരസ്മരണ കൂടിയാണ് ലേബര്‍ കോഡുകളും വമ്പന്‍മാര്‍ക്കുള്ള നികുതിയിളവുകളും. ഇന്ത്യയില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ മാനുഷിക മുഖം തകര്‍ക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍.
തൊഴില്‍ നിയമങ്ങള്‍ക്ക് ജനകീയ മുഖം കൈവന്നത് കേവലമായ ഏതെങ്കിലും ഭരണ പരിഷ്‌കാരങ്ങളിലൂടെയല്ല. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു പരിണാമ ചരിത്രമുണ്ട് അതിന്. വ്യവസായ വിപ്ലവത്തിന്റെ രണ്ട് ഉപോല്‍പ്പന്നങ്ങളാണ് തൊഴിലാളിയും മുതലാളിയും. മുതലാളിമാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതും തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നതുമായിരുന്നു ആദ്യകാലത്ത് തൊഴില്‍ നിയമങ്ങള്‍. ക്ഷേമാധിഷ്ഠിത കാഴ്ചപ്പാടിലേക്കുള്ള അവയുടെ പരിവര്‍ത്തനം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടത്തിന്റെ ഫലമാണ്. ബിസി 107 മുതല്‍ 71 വരെയുള്ള കാലത്ത് സ്പാര്‍ട്ടക്കസിന്റെ കാലം മുതല്‍ തുടങ്ങുന്നതാണ് തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിന്റെ അറിയപ്പെടുന്ന ചരിത്രം.
ഫാക്ടറി ആക്ട് 1881, ട്രേഡ് യൂണിയന്‍ നിയമം 1926, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിംഗ് ഓര്‍ഡര്‍ ആക്ട്) 1946, വര്‍ക്ക്‌മെന്‍ കോമ്പന്‍സേഷന്‍ ആക്ട് 1936 തുടങ്ങിയവയടക്കം സ്വാതന്ത്ര്യത്തിനു മുന്‍പ് ഇന്ത്യക്കുവേണ്ടി ബ്രിട്ടന്‍ നടത്തിയ നിയമ നിര്‍മ്മാണങ്ങളുടെ പശ്ചാത്തലം മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ മൂശയില്‍ സ്ഫുടം ചെയ്ത സാമൂഹ്യ സുരക്ഷാ ദര്‍ശനത്തിന്റെ ചുവടുപിടിച്ചാണ്. വ്യവസായ തര്‍ക്കനിയമം 1947, എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് നിയമം 1948, എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഫാമിലി പെന്‍ഷന്‍ ഫണ്ട് ആന്റ് ഡിപ്പോസിറ്റഡ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ഫണ്ട്) ആക്ട് 1952, മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961, പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് 1965, മിനിമം വേജസ് ആക്ട് 1948 എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകത്ത് ശക്തമായതോടെ സാമൂഹ്യ സുരക്ഷ ഒരു മനുഷ്യാവകാശമെന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ 1944ല്‍ ലോക വ്യാപാരസംഘടനയുടെ ഫിലാഡെല്‍ഫിയ പ്രഖ്യാപനം കൂടി വന്നതോടെ ആക്ടുകള്‍ക്ക് ഔദ്യോഗിക അംഗീകാരമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദുര്‍ബലമായ സാമ്രാജ്യത്വ രാജ്യങ്ങള്‍ക്ക് കോളനികള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇന്ത്യയടക്കമുള്ള കോളനി രാജ്യങ്ങളില്‍ ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഭരണഘടനകളിലും മാര്‍ക്‌സിസത്തിന്റെ വെള്ളിവെളിച്ചത്തില്‍ തൊഴിലാളിവര്‍ഗം വളര്‍ത്തിയെടുത്ത സാമൂഹ്യ സുരക്ഷിതത്വ ആശയം സ്വാംശീകരിക്കപ്പെട്ടു. 1948ലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിനു പിന്നിലെ പ്രേരണാ ശക്തിയും ഇതുതന്നെ. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം മുതല്‍ ഈ ദര്‍ശനത്തിന്റെ സ്വാധീനം ദര്‍ശിക്കാനാവും. സാമൂഹ്യ സുരക്ഷാ ദര്‍ശനവും ഭരണഘടനയുമാണ് നമ്മുടെ തൊഴില്‍ നിയമങ്ങളുടെ ഉറവിടം. അന്തര്‍ ദേശീയ തലത്തില്‍ സോഷ്യലിസ്റ്റ് ചേരിയുടെയും ഭാരതത്തില്‍ ഇടതുപക്ഷത്തിന്റെയും ഇടപെടലും സാന്നിധ്യവുമാണ് സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതത്തില്‍ ബ്രിട്ടനെയും അതിനു ശേഷം വിവിധ കേന്ദ്ര സര്‍ക്കാരുകളെയും തൊഴിലാളി ക്ഷേമ നിയമ നിര്‍മ്മാണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. ഈ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതിരുന്നതും പാര്‍ലമെന്റിനകത്തും പുറത്തുമുള്ള ഇടതു പാര്‍ട്ടികളുടെ സ്വാധീനം കൊണ്ടായിരുന്നു. ബിജെപി ഗവണ്‍മെന്റ് വന്നതോടെ സ്ഥിതി മാറി. കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തത്തിന് പുതിയ പ്രതീക്ഷ കൈവന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും വര്‍ഗ ഐക്യത്തെ തകര്‍ക്കാനുള്ള ഏറ്റവും നല്ല ഉപായം മതവര്‍ഗീയതയും കപട ദേശീയതയുമാണെന്ന് അവര്‍ക്ക് നന്നായി അറിയാം.
പ്രധാന നാല്‍പ്പത്തിനാല് തൊഴില്‍ നിയമങ്ങളെ സമൂലം പരിഷ്‌കരിച്ച് നാല് ലേബര്‍ കോഡുകളിലാക്കി ലയിപ്പിക്കാനാണ് പദ്ധതി. വേജസ് കോഡ്, കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (വ്യവസായ ബന്ധ നിയമം) ഇന്‍ഡസ്ട്രിയല്‍ കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് വെല്‍ഫെയര്‍ (സാമൂഹ്യ സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ്), കോഡ് ഓണ്‍ ഒക്യുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷന്‍സ് (തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സാഹചര്യവും സംബന്ധിച്ച നിയമം) എന്നിവയാണ് നാല് കോഡുകള്‍. നിലവിലുളള തൊഴില്‍ നിയമങ്ങളെ നാലു ഗണത്തില്‍ വര്‍ഗീകരിച്ച് ഈ കോഡുകളില്‍ ലയിപ്പിക്കാനാണ് പദ്ധതി. മിനിമം വേജസ് ആക്ട്, പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, ബോണസ് നിയമം, തുല്യ വേതന നിയമം എന്നിവ വേജസ് കോഡില്‍ ലയിപ്പിക്കപ്പെടും. ട്രേഡ് യൂണിയന്‍ നിയമവും വ്യവസായ തര്‍ക്കനിയമവുമടക്കം നാല് നിയമങ്ങള്‍ വ്യവസായ ബന്ധങ്ങള്‍ സംബന്ധിച്ച കോഡിലും എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട്, പ്രൊവിഡന്റ് ഫണ്ട് ആക്ട്, എംപ്ലോയിസ് കോമ്പന്‍സേഷന്‍ ആക്ട് എന്നിവയടക്കം തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന 15 നിയമങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് വെല്‍ഫെയര്‍ എന്ന് പേരിട്ടിരിക്കുന്ന കോഡിലും ഉള്‍ച്ചേരും. നാലാമത്തെ കോഡായ ഒക്യുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷനില്‍ ഫാക്ടറി ആക്ടും മൈന്‍ ആക്ടും അടക്കം 13 നിയമങ്ങള്‍ ലയിപ്പിക്കപ്പെടും.
ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് 1947 ലെ(വ്യവസായ തര്‍ക്ക നിയമം) വകുപ്പ് 2 (ക്യു) ആണ് സമരം സംബന്ധിച്ച് നിര്‍വചനം നല്‍കുന്നത്. മിനിമം ഒന്നര മാസം മുന്‍പെങ്കിലും നോട്ടീസ് നല്‍കി മാത്രമെ സമരം ചെയ്യാന്‍ പാടുള്ളു എന്നാണ് പുതിയ കോഡിലെ വ്യവസ്ഥ. ഇതിനായി വ്യവസായ തര്‍ക്കനിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് ഭേദഗതി ചെയ്യും. തൊഴിലാളികള്‍ക്ക് സ്വീകാര്യമല്ലാത്ത നടപടികള്‍ തൊഴിലുടമയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ പ്രതികരിക്കണമെങ്കില്‍ ഒന്നര മാസമെങ്കിലും കാത്തിരിക്കണം. തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നടത്തുന്ന മെല്ലെപ്പോക്ക് സമരം, ഘരാവോ, തൊഴിലുടമയുടെയോ മാനേജ്‌മെന്റ് തലത്തിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ താമസ സ്ഥലത്തിനുമുന്നില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ എന്നിവ ക്രിമിനല്‍ കുറ്റമായി മാറുന്നതാണ് പുതിയ ലേബര്‍ കോഡ്. ഒരു മാസം തടവും 20000 മുതല്‍ 50000 രൂപ വരെ പിഴയുമാണ് ശിക്ഷ. അതേസമയം മുതലാളിമാര്‍ക്ക് 17 -ാം നൂറ്റാണ്ടിലേതിന് സമാനമായ അധികാരങ്ങള്‍ വാരിക്കോരി നല്‍കുകയാണ് നിര്‍ദ്ദിഷ്ട നിയമങ്ങള്‍. കോഡിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരത്തില്‍ പങ്കെടുക്കുന്നവരെ മുതലാളിക്ക് പിരിച്ചു വിടാം. തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിനും ഫാക്ടറി അല്ലെങ്കില്‍ വ്യവസായം അടച്ചിടുന്നതിനും 300 ല്‍ താഴെ തൊഴിലാളികള്‍ ഉള്ള തൊഴിലുടമയ്ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട എന്നാണ് വ്യവസായ ബന്ധ കോഡ് നിര്‍ദ്ദേശിക്കുന്നത്. രാജ്യത്തെ സിംഹഭാഗം വ്യവസായങ്ങളും 300 ല്‍ താഴെ മാത്രം തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നവയാണ്. അതിലധികമുള്ളയിടങ്ങളില്‍ 300 വീതമുള്ള വിവിധ ഭാഗങ്ങളാക്കി വ്യവസായത്തെ വിഭജിച്ച് മുതലാളിമാര്‍ക്ക് പുതിയ കോഡിന്റെ ആനുകൂല്യം നേടാനാവും. വ്യവസായ തര്‍ക്കനിയമത്തിലെ നിലവിലുള്ള വ്യവസ്ഥകളാണ് ഇതിനായി ഭേദഗതി ചെയ്യാന്‍ പോകുന്നത്. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന അനാഥത്വമായിരുന്നു ലെയ്‌സസ് ഫെയര്‍ കാലത്ത് തൊഴിലാളികള്‍ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി. പിരിച്ചുവിടലിനും അടച്ചുപൂട്ടലിനും മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ലോകത്തെമ്പാടും ഉള്ള തൊഴില്‍ നിയമങ്ങളുടെ നട്ടെല്ലാണ്. ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അത്യന്തം ലാഘവത്തോടെ പൊളിച്ചെഴുതുന്നത്.