19 July 2024, Friday
KSFE Galaxy Chits Banner 2

ലേബർകോഡ് : തൊഴിലാളികള്‍ ആശങ്കയില്‍

Janayugom Webdesk
June 28, 2022 5:00 am

രാജ്യത്തെ തൊഴിലാളിവർഗം ഒന്നടങ്കം എതിർക്കുന്ന നാല് വിവാദ ലേബർകോഡുകൾ ജൂലൈ ഒന്നുമുതൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇനിയും എഴുപത്തിരണ്ട് മണിക്കൂർ മാത്രം അവശേഷിച്ചിരിക്കെ അതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നിട്ടില്ല. വിവാദ ‘അഗ്നിപഥ്’ പ്രതിരോധ തിരഞ്ഞെടുപ്പ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ലേബർകോഡ് വിജ്ഞാപനം വൈകുന്നതെന്ന് വേണം സംശയിക്കാൻ. പണിയെടുക്കുന്നവരുടെ ന്യായമായ അവകാശങ്ങളെയും താല്പര്യങ്ങളെയും നിഷേധിക്കുകയും ഹനിക്കുകയും ചെയ്യുന്ന ലേബർകോഡിന്റെ സൈനിക പതിപ്പാണ് അഗ്നിപഥ് പദ്ധതി. അതിനെതിരെ ഉയർന്ന വ്യാപകവും അക്രമാസക്തവുമായ പ്രക്ഷോഭങ്ങളായിരിക്കണം ലേബർകോഡ് വിജ്ഞാപനം വൈകിക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, അവസാന നിമിഷത്തിലും വിജ്ഞാപനം ഇറങ്ങിയേക്കാമെന്ന ആശങ്കയിലാണ് തൊഴിലാളികളും അവരുടെ സമരസംഘടനകളും. രാജ്യത്തെ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ തൊഴിൽശക്തിക്കും വ്യവസായ ബന്ധങ്ങൾക്കും വിനാശകരമായ ലേബർ കോഡുകൾ നടപ്പാക്കുന്നതിൽനിന്നും പിന്തിരിയണമെന്ന് തൊഴിൽ മന്ത്രാലയത്തോടും കേന്ദ്ര സർക്കാരിനോടും നിരന്തരം ആവശ്യപ്പെട്ടു പോരുകയാണ്. ആർഎസ്എസ് കുടക്കീഴിലുള്ള ബിഎംഎസ് ഒഴികെ രാജ്യത്തെ മുഴുവൻ കേന്ദ്ര ട്രേഡ് യൂണിയനുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്വതന്ത്ര സംഘടനകളും ലേബർകോഡിനെതിരായ പ്രക്ഷോഭത്തിൽ കൈകോർത്ത് അണിനിരന്നിട്ടുണ്ട്. ബിഎംഎസ് പോലും ലേബർകോഡിലെ പല വ്യവസ്ഥകളോടും പരസ്യമായ വിയോജിപ്പും എതിർപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: അസമത്വവും അരാജകത്വവും സൃഷ്ടിക്കുന്ന കേന്ദ്രരാഷ്ട്രീയം


തൊഴിലാളിവർഗവും അവരുടെ സംഘടിത ശക്തിയും ലേബർകോഡിനെ എതിർക്കുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവ ആധുനികകാല അടിമത്തത്തിലേക്കായിരിക്കും ഇന്ത്യൻ തൊഴിലാളിയെ നയിക്കുക എന്നതാണ്. കൂലി സംബന്ധമായ കോഡ് അടിസ്ഥാന കൂലി മാത്രം നിശ്ചയിക്കുകയും തുടർന്നുള്ള വർധനവ്, പരിഷ്കാരം എന്നിവയെപ്പറ്റി നിശബ്ദത പാലിക്കുകയും ചെയ്യുന്നു. വ്യവസായബന്ധ കോഡ് മുന്നൂറുവരെ തൊഴിലാളികളുള്ള തൊഴിൽ ഉടമകൾക്ക് അവരെ യഥേഷ്ടം പിരിച്ചുവിടാനുള്ള അധികാരം നൽകുന്നു. തൊഴിൽ സുരക്ഷ സംബന്ധിച്ച കോഡ് അമ്പതുവരെ തൊഴിലാളികളെ നൽകുന്ന കരാറുകാരെ തൊഴിൽ സുരക്ഷാ ഉത്തരവാദിത്തത്തിൽനിന്നും ഒഴിവാക്കുന്നു. സാമൂഹിക സുരക്ഷാ കോഡാകട്ടെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ബാധ്യതയെപ്പറ്റി നിശബ്ദത പാലിക്കുന്നു. വ്യവസായബന്ധ കോഡ്, തൊഴിൽസുരക്ഷാ കോഡ് എന്നിവയിൽ ബിഎംഎസിനു പോലും ശക്തമായ വിയോജിപ്പാണ് ഉള്ളത്. ഒരു നൂറ്റാണ്ടിലേറെക്കാലമായി ത്യാഗപൂർണമായ സമരങ്ങളിലൂടെയും കൂട്ടായ വിലപേശലിലൂടെയും ഇന്ത്യൻ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങള്‍ ഹനിക്കുന്ന ബില്ലാണ് മതിയായ ചർച്ചകളോ കൂടിയാലോചനകളോ കൂടാതെ പാർലമെന്റ് പാസാക്കിയെടുത്തത്. തങ്ങളുടെ മൃഗീയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ പ്രതിപക്ഷത്തിന്റെയും തൊഴിലാളികളുടെയും എതിർപ്പുകളെ അപ്പാടെ അവഗണിച്ചുകൊണ്ടായിരുന്നു മറ്റുപല നിയമനിർമ്മാണങ്ങളും എന്നതുപോലെ ഇതും പാസാക്കിയത്. നരേന്ദ്രമോഡി സർക്കാരിന്റെ കോർപറേറ്റ് പ്രീണന നയത്തിന്റെയും തൊഴിലാളി വിരുദ്ധതയുടെയും നഗ്നമായ പ്രകടനമാണ് ഈ ലേബർകോഡുകൾ.


ഇതുകൂടി വായിക്കൂ: ലേബര്‍ കോഡ്; മോഡി ആശയക്കുഴപ്പത്തില്‍


തൊഴിൽ നിയമങ്ങളും വ്യവസായബന്ധങ്ങളും സംബന്ധിച്ചു് രാജ്യത്ത് നിലവിലുണ്ടായിരുന്ന എല്ലാ സംവിധാനങ്ങളും കീഴ്‌വഴക്കങ്ങളും അട്ടിമറിച്ചുകൊണ്ടാണ് നരേന്ദ്രമോഡി സർക്കാർ അതിന്റെ തൊഴിലാളിദ്രോഹ നടപടികൾ യഥേഷ്ടം മുന്നോട്ടുകൊണ്ടുപോകുന്നത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർത്തിട്ടില്ല. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സമുന്നത ത്രികക്ഷി കൂടിയാലോചന സമിതിയാണ് അത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിലാളികൾ മാത്രമല്ല വ്യവസായരംഗം ആകെ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ അത്തരം കൂടിയാലോചനകളുടെ പ്രധാന്യം കുറച്ചുകാണുന്നത് തികഞ്ഞ ഭരണകൂട മൗഢ്യമല്ലാതെ മറ്റെന്താണ്? പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിതന്നെ ലേബർകോഡുകൾ ഇന്നത്തെ രൂപത്തിൽ നടപ്പാക്കുന്നതില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയതായി വാർത്തകളുണ്ട്. നിലവിലുള്ള തൊഴിൽ നിയമങ്ങളെ സമഗ്രമായി പരിശോധിക്കാതെ ഇരുപത്തിയൊമ്പത് നിയമങ്ങളെ സമന്വയിപ്പിക്കുക മാത്രമാണ് ഇപ്പോഴത്തെ ലേബർകോഡുകൾ എന്നതിലാണ് ആ എതിർപ്പ്. ഈ എതിർപ്പുകളെയും അഭിപ്രായങ്ങളെയും അവഗണിച്ചു മുന്നോട്ടുപോകാനാണ് മോഡിസര്‍ക്കാരിന്റെ തീരുമാനമെങ്കിൽ അത് രാജ്യത്തെ വ്യാവസായിക, തൊഴിൽ രംഗങ്ങളിൽ വ്യാപക പ്രത്യാഘാതമായിരിക്കും ക്ഷണിച്ചുവരുത്തുക.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.