23 April 2024, Tuesday

തൊഴിൽ അവകാശങ്ങള്‍ സംരക്ഷിക്കും

 അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് സമാപനം 
Janayugom Webdesk
തിരുവനന്തപുരം
May 26, 2023 11:06 pm

തൊഴിൽ അവകാശങ്ങൾ സാമൂഹികവും സാമ്പത്തികവുമായ നീതിക്കും സമൂഹപുരോഗതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ അവിഭാജ്യ അടിസ്ഥാനഘടകമാണെന്നതടക്കം തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രഖ്യാപനത്തോടെ ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് സമാപിച്ചു. ഡിജിറ്റൽ സാങ്കേതിക എഐ വിപ്ലവം പരമ്പരാഗത തൊഴിൽമേഖലകളിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളും, അവസരങ്ങളും ആവശ്യപ്പെടുന്ന തരത്തിലുള്ള നൈപുണ്യ വികസനത്തിന് തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും ഇതിനോടകം കേരളം ആവിഷ്‌കരിച്ചു കഴിഞ്ഞതായി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തൊഴിലാളികളുടെ നൈപുണ്യവികസനത്തിനൊപ്പം വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് അതിനനുസൃതമായ തൊഴിൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതും സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

എല്ലാ തൊഴിലാളികളുടെയും അവകാശവും ക്ഷേമവും സംരക്ഷിക്കുന്നതിന് കേരളം എന്നും നിലകൊള്ളുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന തൊഴില്‍ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക സംരക്ഷണ നടപടികൾക്കും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും പ്രഥമപരിഗണന നൽകുന്ന തരത്തിൽ ഈ കോൺക്ലേവിൽനിന്നും ഉയർന്നുവന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാനാകുമെന്ന് സർക്കാർ പരിശോധിക്കും. ഒട്ടേറെ വിലപ്പെട്ട ആശയങ്ങളാണ് കോൺക്ലേവിൽ നിന്നും ലഭിച്ചതെന്നും കോൺക്ലേവിന് തുടർച്ചകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി കോൺക്ലേവ് പ്രഖ്യാപനം അവതരിപ്പിച്ചു. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, പ്ലാനിങ് ആന്റ് ഇക്കണോമിക് ബോർഡ് അഡീ. ചീഫ് സെക്രട്ടറി പുനീത്കുമാർ, ലേബർ സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മിഷണർ ഡോ. കെ വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണാമാധവൻ എന്നിവർ പങ്കെടുത്തു.

Eng­lish Summary:Labor rights will be protected

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.