നഗര ശുചീകരണ തൊഴിലാളി പ്രതിഷേധ ദിനം

Web Desk
Posted on October 10, 2017, 8:42 pm
കോഴിക്കോട്: വേതന പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നഗര ശുചീകരണ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശികയുടെ രണ്ടു ഗഡു ഉടന്‍ നല്‍കുക, പരിഷ്‌ക്കരിച്ച പെന്‍ഷന്‍ ഉത്തരവ് അനുസരിച്ച് പെന്‍ഷന്‍ നല്‍കുക, 39 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഒറ്റ തവണയായി നല്‍കുക, ശമ്പള പരിഷ്‌ക്കരണ അപാകതകള്‍ പരിഹരിച്ച് ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി) നേതൃത്വത്തില്‍ സംസ്ഥാനത്തെ നഗരസഭാ കാര്യാലയങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷേധ ദിനം ആചരിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സത്യഗ്രഹം സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട നഗര ശുചീകരണ തൊഴിലാളികൾ ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന്‍ നേതൃത്വത്തില്‍ കണ്ടീജന്റ് ജീവനക്കാര്‍ നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായിട്ടാണ് മെച്ചപ്പെട്ട രീതിയില്‍ വേതനവും പെന്‍ഷനും പരിഷ്‌ക്കരിച്ച് ഉത്തരവുണ്ടായത്. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ നാല് തുല്യ ഗഡുക്കളായി കുടിശ്ശിക നല്‍കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് കുടിശ്ശിക പി എഫില്‍ ലയിപ്പിക്കാന് വീണ്ടും ഉത്തരവിറക്കി. ഈ ഉത്തരവില്‍ നിന്നും മുന്‍സിപ്പല്‍ കണ്ടീജന്റ് ജീവനക്കാരെ മുന്‍കാല കീഴ്വഴക്കമനുസരിച്ച് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന വീണ്ടും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഇതിന്റെ ഫലമായിട്ടാണ് ശമ്പള പരിഷ്‌ക്കരണ, പെന്‍ഷന്‍ പരിഷ്‌ക്കരണ ഉത്തരവുകളുണ്ടായതും കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കാതെ റൊക്കം പണമായി നല്‍കുന്നതിനുള്ള ഉത്തരവും നേടിയെടുക്കാനും സാധിച്ചത്.  ഈ കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. പി വി മാധവന്‍, പി കെ നാസര്‍, വി ടി ഗോപാലന്‍, സി സുബ്രഹ്മണ്യന്‍, പി പുഷ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി വി ബാബു, എം മുത്തുസാമി, കെ രാഘവന്‍, എ മുരളീധരന്‍, കെ വിനോദിനി, പി സി വള്ളി, ചെമ്പകവല്ലി എന്നിവര്‍ നേതൃത്വം നല്‍കി.
ശമ്പള പരിഷ്‌ക്കരണത്തില്‍ അപാകതകളുണ്ട്. എല്ലാ ആനുകൂല്യങ്ങള്‍ക്കും 2014 ജൂലായ് ഒന്ന്  മുന്‍കാല പ്രാബല്യം എന്നത് അടിസ്ഥാന ശമ്പളം, ഡി എ എന്നിവയ്ക്ക് മാത്രമായി ചുരുക്കി. വേതന പരിഷ്‌ക്കരണ ഉത്തരവിന്റെ കരടില്‍ എല്ലാ ആനുകൂല്യങ്ങളുടെയും മുന്‍കാല പ്രാബല്യം ഉറപ്പുനല്‍കിയതാണ്. കരട് ഉത്തരവില്‍ പറഞ്ഞിരുന്ന എല്ലാ അലവന്‍സുകളും വെട്ടിക്കുറച്ച സ്ഥിതിയുമുണ്ട്. ശമ്പളം- പെന്‍ഷന്‍ എന്നിവയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് എന്ന കരട് പരാമര്‍ശം ഉത്തരവില്‍ കൂടി തള്ളിക്കളഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ശമ്പള കുടിശ്ശികയുടെ രണ്ടു ഗഡു ഉടന്‍ വിതരണം ചെയ്യുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ ദിനം ആചരിച്ചത്.