Web Desk

സുരേന്ദ്രൻ കുത്തനൂർ

March 12, 2020, 10:09 pm

കമ്മ്യൂണിസത്തിന് പാതയൊരുക്കിയ ‘ലേബേഴ്സ് ബ്രദർഹുഡ്’

Janayugom Online

ഐക്യകേരളത്തിനു മുമ്പ് കൊച്ചിയിൽ കമ്മ്യൂണിസത്തിന്റെ കടന്നുവരവിന് വഴി തുറന്നുകൊടുത്തത് തൃശൂരിൽ രൂപം കൊണ്ട ലേബേഴ്സ് ബ്രദർഹുഡ് എന്ന തൊഴിലാളി കൂട്ടായ്മയാണ്. കെ കെ വാര്യർ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ കാഴ്ചപ്പാടാണ് ലേബേഴ്സ് ബ്രദർഹുഡ് എന്ന പ്രസ്ഥാനം. പറപ്പള്ളി അങ്ങാടിയിൽ കുരിയപ്പൻ എന്ന ചുമട്ടുതൊഴിലാളിയുടെ മൃതദേഹം സംസ്കരിക്കാൻ പണമില്ലാതെ കുടുംബം വിഷമിക്കുന്നത് കണ്ട കമ്യൂണിസ്റ്റ് അനുഭാവികളുടെ സംഘമായിരുന്നു തുടക്കം. നാട്ടുകാർ പണം പിരിച്ച് ആ തൊഴിലാളിയുടെ ശവസംസ്കാരം നടത്തി. ഇനി ഒരാൾക്കും ഈ ദുരനുഭവമുണ്ടാകരുതെന്ന വാശി അന്ന് അവിടെ കൂടിയ ആ യുവാക്കളുടെ മനസിലുണ്ടായി. അതിനായി ഒരു ചിട്ടി ആരംഭിക്കാൻ തീരുമാനമെടുത്തു. കെ കെ വാര്യരുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം തൊഴിലാളികൾ അംഗങ്ങളായി ലേബേഴ്സ് ബ്രദർഹുഡ് എന്ന സഹകരണസംഘം രൂപം കൊണ്ടത് അങ്ങനെയാണ്.

പള്ളുരുത്തി, മട്ടാഞ്ചേരി ഭാഗത്തെ കൊച്ചിൻ ലേബർ യൂണിയൻ, ഓച്ചംതുരുത്ത് തെക്കൻ മാലിപ്പുറത്തെ ഐക്യ തൊഴിലാളിസംഘം എന്നിവയെല്ലാം ഇതേ മാതൃകയിൽ ഉണ്ടായവയാണ്. സഹകരണസംഘമായി പ്രവർത്തനം തുടങ്ങിയെങ്കിലും അധികം താമസിയാതെ തൊഴിലാളി യൂണിയന്റെ എല്ലാ സ്വഭാവവും ബ്രദർഹുഡിനുണ്ടായി. തൊഴിൽ പ്രശ്നങ്ങളിൽ കാര്യമായ ഇടപെടലുകൾ സംഘം നടത്തി. എം എ കാക്കു, എം പി പോൾ, കൊമ്പൻ പോൾ, കാട്ടൂക്കാരൻ തോമസ് (തോമു), എം പി ഭട്ടതിരിപ്പാട്, ഒ കെ ജോർജ്, പി എം തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തൃശൂർ പട്ടണത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി ബ്രദർഹുഡ് ചെറിയ സമയത്തിനുള്ളിൽ വളർന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ വ്യത്യസ്ത തൊഴിലെടുക്കുന്നവർ വെവ്വേറെ സംഘങ്ങൾ ഉണ്ടാക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം ബ്രദർഹുഡിൽ ഉയർന്നു.

അങ്ങനെയാണ് റിക്ഷാത്തൊഴിലാളി, മോട്ടോർത്തൊഴിലാളി, ജനറൽ വർക്കേഴ്സ്, പീടികത്തൊഴിലാളി എന്നിവർക്ക് പ്രത്യേകം യൂണിയനുകളുണ്ടായത്. അപ്പോഴും ബ്രദർഹുഡ് ഇവരുടെ പൊതുവേദിയായി തുടർന്നു. 1930 കളുടെ തുടക്കത്തിലാണ് കൊച്ചിയിലെ തൊഴിലാളികളിൽ സംഘടിക്കണമെന്ന ആഗ്രഹം മുളപൊട്ടിത്തുടങ്ങിയത്. കമ്യൂണിസ്റ്റ് ആശയങ്ങൾ പതുക്കെപ്പതുക്കെ ജനങ്ങളിലേക്ക് എത്താൻ ആരംഭിച്ചത് ഇക്കാലത്താണ്. കോൺഗ്രസിന്റെ മിതവാദത്തെക്കാൾ ബ്രദർഹുഡുകാർ ഇടത് ആശയത്തോടായിരുന്നു കൂടുതൽ അടുത്തത്. 1937ൽ നാട്ടുരാജ്യങ്ങളിൽ സ്വന്തം പതാക ഉപയോഗിക്കേണ്ടന്ന് കോൺഗ്രസ് തീരുമാനിച്ചപ്പോൾ അതിനെതിരെ തൃശൂരിലും എറണാകുളത്തും പ്രകടനങ്ങൾ നടന്നു. ഡോ. എ ആർ മേനോന്റെ നേതൃത്വത്തിലായിരുന്നു തൃശൂരിലെ പ്രകടനം.

കൊച്ചി ജില്ലാ കോൺഗ്രസ് സമ്മേളനം പട്ടാഭി സീതാരാമയ്യയുടെ അധ്യക്ഷതയിൽ തൃശൂരിൽ നടന്നപ്പോൾ അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയന് അഭിവാദ്യമർപ്പിക്കുന്ന സാർവദേശീയ പ്രമേയം എ മാധവൻ അവതരിപ്പിച്ചു. വൻ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. ഈ വിജയം കൊച്ചിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അളഗപ്പ മില്ലിൽ തൊഴിലാളി സമരം തുടങ്ങി. കോൺഗ്രസ് സോഷ്യലിസ്റ്റുകളും ബ്രദർഹുഡുമായിരുന്നു സമരത്തിനു നേതൃത്വം നൽകിയത്. തൊഴിലാളികളുടെ പ്രകടനങ്ങളിൽ ബ്രദർഹുഡ് പ്രവർത്തകർ ആദ്യമായി ചെങ്കൊടി പിടിച്ചു. അങ്ങനെ കൊച്ചി രാജ്യത്ത് ആദ്യത്തെ ചെങ്കൊടി പാറി. ബ്രദർഹുഡിന്റെ വാർഷികത്തിൽ കൽക്കത്തയിലെ തൊഴിലാളി യൂണിയൻ നേതാവും മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ അടുത്ത ബന്ധുവുമായ സൗമേന്ദ്രനാഥ ടാഗോർ പങ്കെടുത്തു. തൃശൂർ രാമവർമ തിയേറ്ററിൽ കെ ആർ വിശ്വംഭരന്റെ അധ്യക്ഷതയിൽ സൗമേന്ദ്രനാഥ ടാഗോർ പ്രസംഗിക്കുമ്പോൾ ഹാളിൽ അവിടവിടെയായി രഹസ്യപ്പൊലീസുകാരുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞപ്പോൾ പൊലീസുകാർക്കും സംഘടിക്കണമെന്ന് ആഗ്രഹമായി. കൊച്ചി, തൃശൂർ നഗരങ്ങളിൽ രഹസ്യപ്പൊലീസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച വർഗീസിന്റെ നേതൃത്വത്തിൽ അവർ അധികംവൈകാതെ സംഘടിക്കുകയും സമരം ചെയ്യുകയുമുണ്ടായി. രാജ്യത്തെ ആദ്യത്തെ പൊലീസ് സമരമായിരുന്നു അത്. 1938 ജൂലായിൽ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം തുടങ്ങിയപ്പോൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അതിന്റെ മുൻനിരയിലുണ്ടായിരുന്നു. എകെജിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലേക്ക് നടന്ന മാർച്ചിലും ബ്രദർഹുഡ് അണിചേർന്നു. 1939 ൽ രണ്ടാംലോക മഹായുദ്ധം ആരംഭിച്ചപ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന് തൃശൂരിൽ ബ്രദർഹുഡ് നേതാക്കളായ സി അച്യുതമേനോൻ, കെ കെ വാര്യർ, ടി വി ആൻഡ്രൂസ്, പി എം തോമസ്, പ്രൊഫ. ജോർജ്, എം എ ജോർജ്, എം എസ് കുമാരൻ എന്നിവർ നേതൃത്വം നൽകി. അധികം വൈകാതെ ബ്രദർ ഹുഡിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിപ്പിക്കാൻ തീരുമാനമുണ്ടായി. ഒരർത്ഥത്തിൽ ലേബറേഴ്സ് ബ്രദർഹുഡ് വെട്ടിത്തെളിച്ചിട്ട പാതയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി കൊച്ചി രാജ്യത്തേക്ക് കുതിച്ചെത്തുകയായിരുന്നു.

Eng­lish Sum­ma­ry: ‘Labor’s Broth­er­hood’ which paved the way for communism

You may also like this video