കോർപ്പറേറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി തൊഴിൽ നിയമ ഭേദഗതികൾ തിരക്കിട്ട് നടപ്പാക്കാനുള്ള മോഡി സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര തൊഴിലാളി സംഘടനകൾ. നിലവിലുണ്ടായിരുന്ന 40 തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി കൊണ്ടുവരുന്ന നാല് നിയമസംഹിതകൾക്കുള്ള ചട്ടങ്ങൾ തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ തൊഴിലാളി സംഘടനകൾ ബഹിഷ്ക്കരിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാറിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ 50 കോടിയിലധികം തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. തൊഴിലാളി സംഘടനകളോട് ചർച്ച ചെയ്യാതെയാണ് തൊഴിലാളി ദ്രോഹ വ്യവസ്ഥകളുമായി നിയമം പരിഷ്ക്കരിച്ചിട്ടുള്ളത്. തൊഴിലാളികളുടെ സുരക്ഷയും അവകാശവും ഇല്ലാതാക്കുന്നതും വ്യവസായികള്‍ക്ക് അമിതാധികാരം നല്കുന്നതുമാണ് പുതുതായി വരാൻപോകുന്ന വ്യവസ്ഥകൾ. ഇത് അന്തർദേശീയ തൊഴിലാളി സംഘടന (ഐഎൽഒ) യുടെ മാർഗനിർദ്ദേശങ്ങൾക്കും ഇന്ത്യ ഒപ്പിട്ടിരിക്കുന്ന ഐഎൽഒ കൺവൻഷനും എതിരാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ കരട് നിയമങ്ങളും മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റിൽ പാസാക്കിയ നിയമങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങളെല്ലാം മോഡി സർക്കാർ അവഗണിച്ചു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരുടെ അഭാവം മുതലെടുത്താണ് കേന്ദ്രസർക്കാർ ബില്ലുകൾ പാസാക്കിയെടുത്തതെന്നും ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് ചേർന്ന സമ്പ്രദായമല്ലെന്നും തൊഴിലാളി സംഘടനകൾ കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി ഇന്ത്യൻ തൊഴിലാളി കോൺഗ്രസ് വിളിച്ചുചേർക്കാത്ത കേന്ദ്രനടപടിയിലും എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ തൊഴിലാളി സംഘടനകൾ കേന്ദ്രമന്ത്രിയെ പ്രതിഷേധം അറിയിച്ചു.
ENGLISH SUMMARY: LABOUR LAW AMENDMENT
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.